കണ്ട ആണുങ്ങളേം വിളിച്ച് കേറ്റി മൂക്കറ്റം കുടിച്ച് ബോധം കെട്ടുറങ്ങീട്ട് ചോദിക്കണ കേട്ടില്ലെ…

രചന : സോളോ- മാൻ

“മഹിയേട്ടാ..ഇനിയിത് ഇവിടെ പറ്റില്ലാ ട്ടോ..ഞാൻ കുറേ ആയി സഹിക്കുന്നു..”

കാലത്ത് ബെഡിൽ നിന്നും എഴുന്നേറ്റ് വേച്ചു വേച്ച് വരുന്ന മഹിയോട് നന്ദന കയർത്തു..

തലേന്ന് രാത്രിയിലെ കള്ളു കുടിയും,ആട്ടും പാട്ടും കഴിഞ്ഞൊടുക്കം കൂട്ടുകാരൻ താങ്ങിപ്പിടിച്ചാണു ബെഡിലേയ്ക്ക് കിടത്തിയത്..

ഈയിടെയായി ഒന്നിടവിട്ട ദിവസങ്ങളിൽ എന്നും ഇങ്ങനെയാണു..

സമപ്രായക്കാരനായ ഉറ്റ സുഹൃത്തുമായി ചേർന്ന് രാത്രി എന്നും വെള്ളമടിയാണു..

ആദ്യമൊന്നും നന്ദനയത് കാര്യമാക്കിയില്ല..

കാരണം കൂട്ടുകാരനെന്നാൽ ജീവനാണു അയാൾക്ക്..

പക്ഷെ! ഈയിടെയായി കൂട്ടുകാരന്റെ പെരുമാറ്റം അത്ര പന്തിയായി തോന്നിയില്ല അവൾക്ക്..

കുടിച്ച് കുടിച്ച് എന്നും ബോധം മറയുന്നത് മഹിയുടേതായിരിക്കും..

അപ്പൊഴും അയാളെ നല്ല ബോധത്തിൽ തന്നെയാണു കാണാറു..

രാത്രി വൈകി മഹിയെ താങ്ങിപ്പിടിച്ച് അയാൾ ബെഡ് റൂം വരെ എത്തും..

മാത്രമല്ല അവളെ കാണുമ്പോഴൊക്കെ വല്ലാത്തൊരു പരവേശവും,ചൂഴ്ന്നു നോട്ടവും..

പലപ്പൊഴായി നന്ദ മഹിയോട് കാര്യം ചെറുതായി സൂചിപ്പിച്ചെങ്കിലും നല്ല മുട്ടൻ തെറിയാണു അയാൾ തിരിച്ച് നൽകിയത്..

ഇന്നലെ രാത്രി അറിയാതെയെന്ന പോലെ അയാൾ അവളുടെ ശരീരത്തിൽ മുട്ടുകയും ചെയ്തു..

രാത്രിയിൽ ഉറങ്ങാതെ കരഞ്ഞിരുന്ന നന്ദ മഹിയുടെ ബോധം തെളിയുന്നതും കാത്തിരിപ്പായിരുന്നു..

നന്ദയുടെ അരിശത്തോടെയുള്ള സംസാരത്തിൽ ഒന്നും മനസ്സിലാകാതെ മഹി ചോദിച്ചു..

“എന്താടീ ..കാലത്ത് തന്നെ എന്റെ കയ്യീന്ന് വാങ്ങിക്കൂട്ടാൻ ഇറങ്ങീതാണൊ നീ..”

ഉറക്കച്ചടവും,മദ്യ ലഹരിയുടെ ആലസ്യവും വിട്ടൊഴിയാത്ത മഹിയുടെ ശബ്ദത്തിനു വല്ലാത്ത പരു പരുപ്പായിരുന്നു..

“എന്താണെന്നൊ..കണ്ട ആണുങ്ങളേം വിളിച്ച് കേറ്റി മൂക്കറ്റം കുടിച്ച് ബോധം കെട്ടുറങ്ങീട്ട് ചോദിക്കണ കേട്ടില്ലെ..

കേറിക്കേറി അയാളെന്നെ തൊട്ടുരുമ്മാൻ തുടങ്ങി..

എന്തുറപ്പിലാ ഞാൻ ഇങ്ങനൊരുത്തന്റെ കൂടെ താമസിക്കാ..”

നന്ദയത് പറഞ്ഞതും മഹിയുടെ കലങ്ങിയ കണ്ണുകൾ വീണ്ടും ചുവന്നു..

“പ്ഭ..എരപ്പെ..വേണ്ടാധീനം പറയുന്നൊ..അവനെ പറ്റി ഇനിയൊരക്ഷരം നീ മിണ്ടിയാൽ…ഹാാ..”

മഹിയുടെ ഭാവം കണ്ട് അക്ഷരാർത്ഥത്തിൽ നിന്നിടത്തു നിന്ന് വിറച്ചു പോയി നന്ദ..

തന്റെ വാക്ക് വിശ്വസിക്കാതെ കൂട്ടുകാരനൊപ്പം കൂടി തന്നെ കടിച്ചു കീറാൻ വന്ന മഹിയോടപ്പോൾ അവൾക്ക് രോഷവും,അമർശവും തോന്നി..

നിറഞ്ഞൊലിക്കുന്ന കണ്ണുകൾ സാരിത്തുമ്പ് കൊണ്ട് തുടച്ച് അവൾ ബെഡിലേയ്ക്ക് മുഖം പൊത്തി..

ഈയടുത്ത കാലത്താണു മഹിയിൽ ഇങ്ങനൊരു മാറ്റം കണ്ടു തുടങ്ങിയത്..

ബിസിനസ്സിൽ എന്തൊക്കെയോ തകർച്ച നേരിട്ടതും മാനസീകമായി തകർന്ന അയാൾ കൂട്ടു പിടിച്ചത് മദ്യത്തെയായിരുന്നു..

കൂട്ടുകാരനൊപ്പം ബാറിൽ നിന്നും മൂക്കറ്റം കുടിച്ച് കേറി വരുന്നത് നിത്യ സംഭവമായപ്പോൾ നന്ദ തന്നെയാണു അയാളെ വിലക്കിയത്..

നാട്ടുകാരെ കൊണ്ട് പറയിപ്പിക്കാതെ ഇവിടെ നിന്നെങ്ങാൻ കുടിച്ചൂടെ എന്ന് ചോദിച്ച അവൾക്ക് മറുപടി പിറ്റേ ദിനം തൊട്ട് വീട്ടു മുറ്റത്തുള്ള കുടിയായിരുന്നു..

കരഞ്ഞും പറഞ്ഞും ഒരുപാട് ശ്രമിച്ചു..അയാളിൽ യാതൊരു മാറ്റവും ഉണ്ടായില്ല..

അച്ഛനും അമ്മയും അവിടെയിനി നിൽക്കണ്ടാന്നും, വീട്ടിലേയ്ക്ക് തിരിച്ചു വന്നോളൂന്നും എല്ലാ ദിവസവും പറയും..

പക്ഷെ! ഈയൊരവസ്ഥയിൽ അയാളെ ഞാൻ കൂടി ഉപേക്ഷിച്ചാൽ അയാൾ തീർത്തും ഇല്ലാതാകും എന്ന ബോധ്യം എല്ലാം സഹിച്ചും അവളെയവിടെ പിടിച്ചു നിർത്തുകയായിരുന്നു..

കരഞ്ഞ് തളർന്നൊടുവിൽ ഇത് തന്റെ വിധിയാണെന്ന് കരുതി സമാധാനിച്ച് അവളയാളെ പതിവു പോലെ ഓഫീസിലേയ്ക്ക് ഒരുക്കി അയച്ചു..

അന്നു രാത്രിയും കുടിച്ചൊടുവിൽ മഹിയുടെ ബോധം മറഞ്ഞു..

രാത്രി ഏറെ വൈകിയിരുന്നു..

മഹിയെയും താങ്ങിപ്പിടിച്ച് കൂട്ടുകാരൻ വീടിനകത്തേയ്ക്ക് കയറി..

അവിടെ ബെഡിലേയ്ക്ക് മഹിയെ കിടത്തി ചുറ്റിലും കണ്ണോടിച്ചു..

പിന്നീട് പുറത്തേയ്ക്കിറങ്ങിയ അയാൾ ഒരു മൂലയിലായി നിൽക്കുന്ന നന്ദയെ തുറിച്ചു നോക്കി..

അവൾ ഭയന്നു വിറച്ചു..

അയാൾ പതിയെ ഭയന്നു വിറയ്ക്കുന്ന അവൾക്കരുകിലേയ്ക്ക് നടന്നു..

നിലവിളിക്കാൻ പോലുമാകാതെ നിശ്ചലമായിരുന്നു അവൾ..

അയാളുടെ കൈകൾ തനിക്കു നേരെ നീണ്ടു വന്നതും രക്ഷയില്ലെന്ന് കണ്ട് അവൾ ഇറുക്കെ കണ്ണുകളടച്ചു..

;;ടപ്പേ..!!

പടക്കം പൊട്ടണ പോലെയുള്ള ശബ്ദം കേട്ടാണു നന്ദ കണ്ണു തുറന്നു നോക്കിയത്..

ബോധം കെട്ട് കിടന്ന മഹിയെ തന്റെ മുന്നിൽ കണ്ട നന്ദ ഒന്നും മനസ്സിലാകാതെ നിന്നു..

താഴെ നിലത്തു നിന്നും ഒരു ഞരക്കം കേട്ട് നോക്കിയപ്പൊ മഹിയുടെ കാല്പാദം അയാളുടെ കഴുത്തിലമർന്ന് ഞെരിക്കുന്നു..

അവൾ നോക്കി നിൽക്കെ പിടക്കുന്ന അയാളെ നോക്കി മഹി അലറി..

“ഡാ പുല്ലേ..കുടിക്കണത് തെറ്റാന്നറിഞ്ഞിട്ടും പിന്നേം പിന്നേം കുടിക്കണത് എന്റെ മനസ്സമാധാനത്തിനു വേണ്ടിയാണു..

എന്റെ പെണ്ണ് കരഞ്ഞു പറഞ്ഞിട്ടും കുടി നിർത്താതെ ഞാൻ നിനക്കൊപ്പം നിന്നത് നിന്നെയെനിക്ക് അത്രയും വിശ്വാസമായത് കൊണ്ടാണു..

പക്ഷെ ഇന്നലെയിവളുടെ ദേഹത്ത് നിന്റെ കൈ പതിഞ്ഞൂന്ന് എന്നോടിവൾ കരഞ്ഞു പറഞ്ഞപ്പോൾ അതെന്റെ മനസ്സീ കൊണ്ടു..

എന്റെ എല്ലാ തെമ്മാടിത്തരത്തിലും എന്നെ വിട്ട് പോകാതെ കൂടെ നിന്ന ഇവളുടെ വാക്കിലെ രൂക്ഷത ഇന്നലെ ഞാൻ അറിഞ്ഞു..

സത്യം എനിക്കറിയണമായിരുന്നു..

ഇന്ന് നീയെനിക്ക് ഒഴിച്ചു കൂട്ടിയത് ഞാൻ കുടിച്ചില്ല ദാസാ..

ഇന്നെന്റെ ബോധം മറഞ്ഞില്ല ദാസാ..

കുടിച്ച് ബോധം കെട്ടിട്ടും മനസ്സമാധാനം കിട്ടണില്ലെങ്കിൽ പിന്നെന്തൂട്ട് കോപ്പിനാടൊ ഞാൻ കുടിക്കണത്..

ഇനി നിന്നെയെന്റെ മുന്നിൽ കണ്ടു പോകരുത്..ഇത് മഹിയുടെ വാക്കാണു..ഇറങ്ങിപ്പോടാ നായേ..”

അയാളെ ചവിട്ടിപ്പുറത്തിട്ട് മുണ്ടും മടക്കിക്കുത്തി മഹി കേറി വന്നപ്പോൾ തരിച്ചിരിക്കുകയായിരുന്നു നന്ദ..

ഇമചിമ്മാതെ നിൽക്കണ നന്ദയ്ക്കരുകിലേയ്ക്ക് മഹി ചെന്നു..

“ഡീ…വായടക്കെടീ..വല്ല ഈച്ചേം കേറും..”

അപ്പൊഴാണു ശരിക്കുമവൾ ബോധത്തിലേയ്ക്ക് വന്നത്..

“എന്താ മഹിയേട്ടാ ഇതൊക്കെ..”

അവൾ അത്ഭുതത്തോടെ ചോദിച്ചു..

“ഡീ പെണ്ണെ..നീ ഇന്നലെ ചോദിച്ചില്ലെ..എന്തുറപ്പിലാ എന്നോടൊപ്പം ജീവിക്കാന്ന്..

ഇവിടുന്ന് പോയേ പിന്നെ എന്റെ മനസ്സ് നിറയെ നിന്റെയാ ചോദ്യമായിരുന്നു..

നീയായിരുന്നു ശരി..പക്ഷെ അത് മനസ്സിലാക്കാൻ ഈ നിമിഷം വരെ കാത്തിരിക്കേണ്ടി വന്നു..

ഇനി ഞാനൊന്ന് പറയട്ടെ..

നീ ജീവിക്കണത് നല്ല ആണൊരുത്തന്റെ കൂടെത്തന്നെയാ..

നീ നോക്കിക്കൊ,നഷ്ടപ്പെട്ടതൊക്കെ ഞാൻ തിരിച്ചു പിടിക്കും..സത്യം..”

അപ്പൊഴേയ്ക്കും അയാളുടെ മാറിലേയ്ക്ക് ചാഞ്ഞിരുന്നു നന്ദ..

ഒത്തിരി വേദനിച്ചെങ്കിലും ഒടുക്കം എല്ലാം നേരെയാക്കി തന്നതിൽ അവൾ ദൈവത്തിനെ സ്തുതിച്ചു..🙏..

സോളോ-മാൻ

You may also like...

Leave a Reply

Your email address will not be published. Required fields are marked *