അമ്മേ…എന്റെ അച്ഛൻ ആരാ എന്ന് ഇത് വരെ പറയാത്തത് എന്താ…

രചന : ശ്രീ ഹരി…….

അമ്മേ…എന്റെ അച്ഛൻ ആരാ എന്ന് ഇത് വരെ പറയാത്തത് എന്താ..എനിക്ക് കാണാൻ കൊതിയാകുന്നു എന്ന സംസാരം കേട്ടിട്ടാണ് കടയിൽ ചായ കുടിച്ചു കൊണ്ടിരുന്ന ഞാൻ തലയുയർത്തി നോക്കുന്നത്..

നോക്കിയപ്പോൾ ആ ചായ കട നടത്തുന്ന ലെച്ചുവിന്റെ 4 വയസ്സുള്ള മോളുടെ വക ആയിരുന്നു ആ ചോദ്യം…

കടയിൽ ബാക്കി ഉണ്ടായിരുന്നവർ ഒതുക്കത്തിൽ ചിരിക്കുന്നത് കണ്ടപ്പോൾ…മോളുടെ വാ പൊത്തിപ്പിടിച്ചു അകത്തേക്ക് കൊണ്ടു പോവുകയാണ് ലെച്ചു ചെയ്തത്..

4 മാസം മുൻപാണ് ലെച്ചുവിന്റെ നാട്ടിൽ ഉള്ള ഒരു കമ്പനിയിൽ എനിക്ക് ജോലി കിട്ടി..ഞാൻ താമസം ഇങ്ങോട്ടേക്കു ആക്കുന്നത്…

അനാഥാലയത്തിൽ വളർന്ന എനിക്ക് സ്വന്തമെന്നോ ബന്ധമെന്നോ പറയാൻ ആരും തന്നെ ഉണ്ടായിരുന്നില്ല…

ആ നാട്ടിൽ വന്നു കഴിഞ്ഞു…അവിടെ ഉള്ള ആരോട് പോലും ഞാൻ സൗഹൃദം പോലും കൂടാൻ പോയിരുന്നില്ല…ചെറുപ്പം മുതലേ ജീവിതത്തിൽ ഒറ്റപ്പെട്ടു പോയത്‌ കൊണ്ട്…ആ ഒറ്റപ്പെടലിനെ ഞാൻ വളരെ അധികം ഇഷ്ട്ടപ്പെട്ടു കഴിഞ്ഞിരുന്നു

രാവിലെ ജോലിക്ക് പോകുമ്പോഴും…വൈകിട്ട് ജോലി കഴിഞ്ഞു വരുമ്പോഴെല്ലാം ഞാൻ സ്ഥിരമായി ചായ കുടിച്ചു കൊണ്ടിരുന്നത് ലെച്ചുവിന്റെ കടയിൽ നിന്നായിരുന്നു…

ഒറ്റ നോട്ടത്തിൽ ആരെയും ആകർഷിക്കുന്ന സൗന്ദര്യം…അതായിരുന്നു ലെച്ചു..അത് കൊണ്ട് തന്നെ നാട്ടിലെ പൂവാലന്മാരും കിളവന്മാരും ഉൾപ്പെടെ ചായ കുടിക്കാൻ വന്നിരുന്നത് ലെച്ചുവിന്റെ കടയിൽ ആയിരുന്നു..

നാളിതുവരെ ആയിട്ടും ഒരിക്കൽ പോലും ലെച്ചുവിന്റെ ഭർത്താവിനെ ഞാൻ കണ്ടിട്ടുണ്ടായിരുന്നില്ല..മനസ്സിൽ അന്നേ ഒരു സംശയം തോന്നിയെങ്കിലും..അയാൾ ചിലപ്പോൾ ജോലിക്ക് പോകുന്നത് കൊണ്ടായിരിക്കും തമ്മിൽ കാണാത്തത് എന്ന് ഞാൻ കരുതി..

സ്ഥിരം കസ്റ്റമർ ആയത് കൊണ്ടായിരിക്കും ഒരിക്കൽ ലെച്ചു എന്നേ പറ്റി..ഈ നാട്ടിൽ ആദ്യമായിട്ടാണല്ലേ..എന്താ ജോലി എന്നൊക്കെ ചോദിച്ചതും…

അതിനുള്ള മറുപടി കൊടുത്തു…ഭർത്താവിനെ പറ്റി ചോദിക്കാൻ ഞാൻ ഒരുങ്ങിയെങ്കിലും എന്തോ..എന്റെ മനസ്സ് അതിനു സമ്മതിച്ചില്ല…

മാസവസാനം ശമ്പളം കിട്ടിയിരുന്ന എനിക്ക്…ആ കാര്യം നേരത്തെ മുന്നിൽ കണ്ടു…ഉണ്ണിയേട്ടൻ ശമ്പളം കിട്ടുമ്പോൾ ഇവിടുത്തെ പറ്റു തീർത്താൽ മതി എന്നു പറഞ്ഞതും ലെച്ചു ആയിരുന്നു

അങ്ങനെ കുറച്ചൊക്കെ ഞങ്ങളുടെ സൗഹൃദം വളർന്നത് കൊണ്ട്…ഒരു തവണ എന്റെ കുടുംബത്തെ പറ്റി ലെച്ചു ചോദിച്ചപ്പോൾ…ഞാൻ അനാഥൻ ആണെന്നുള്ള കാര്യം മറച്ചു വെക്കാതെ തുറന്നു പറഞ്ഞത്

എന്നിട്ട് ഒരിക്കൽ പോലും ലെച്ചുവിന്റെ കുടുംബത്തെ പറ്റി ഞാൻ തിരിച്ചു ഒന്നും തന്നെ ചോദിച്ചിരുന്നില്ല…ഇടയ്ക്കൊക്കെ ലെച്ചുവിന്റെ മോൾ അമ്മുട്ടിയെ കാണുമ്പോൾ ചിരിച്ചു മാത്രം കാണിച്ചു.കൈയ്യിൽ അവൾക്കു വേണ്ടി മേടിച്ച മിട്ടായിയും കൊടുക്കുമായിരുന്നു ഞാൻ

അങ്ങനെ പോകുമ്പോഴാണ് ഇന്ന് അമ്മുട്ടിയുടെ വായിൽ നിന്നു ഞാൻ ഇങ്ങനെ കേൾക്കുന്നതും…നാട്ടുകാരുടെ കളിയാക്കി ചിരി കൂടി ആയപ്പോൾ..എന്തോ പന്തികേട് തോന്നി..കടയുടെ തൊട്ടപ്പുറത്തെ വീട്ടിൽ തന്നെ താമസിക്കുന്ന ലെച്ചുവിനെ കാണാൻ ഞാൻ പോയതും..

ഞാൻ ചെല്ലുമ്പോൾ കരയുകയായിരുന്നു ലെച്ചു..എന്നേ കണ്ടതും കണ്ണൊക്കെ തുടച്ചു പെട്ടെന്ന് തന്നെ എന്റെ അടുത്തേക്ക് ഓടി വന്നു…

അമ്മുട്ടിയുടെ അച്ഛൻ എന്തേയ്…അവൾ എന്താ ഇതു വരെ സ്വന്തം അച്ഛനെ കണ്ടിട്ടില്ലേ എന്ന് ഞാൻ ചോദിച്ചതിന്…ലെച്ചു എന്റെ മുൻപിൽ പൊട്ടിക്കരഞ്ഞു..

സാവധാനം കരച്ചിൽ നിർത്തി….അവൾക്ക് അച്ഛൻ ഇല്ല ഉണ്ണിയേട്ടാ..പണ്ട് പ്രണയിച്ച പോയതിന്റെ കൈ അബദ്ധത്തിൽ എനിക്കൊരു തെറ്റ് പറ്റി…എന്റെ ഉദരത്തിൽ ഒരു കുഞ്ഞു വളരുന്നുണ്ട് എന്ന് അവൻ അറിഞ്ഞതോടെ പിന്നെ ഞാൻ അവനെ കണ്ടിട്ടില്ല…

എനിക്ക് താഴെ 2 അനിയത്തിമാർ ഉള്ളത് കൊണ്ട്…അവരുടെ നല്ല ഭാവിക്ക് വേണ്ടി…അച്ഛൻ പിഴച്ച എന്നേ…ഞങ്ങളുടെ വകയിൽ ഉള്ള ഒരു അമ്മായിയുടെ വീടായ ഇങ്ങോട്ടേക്കു കൊണ്ടു വരുന്നതും..

ഇവിടെ വെച്ചു ഞാൻ ഒരു പെൺകുഞ്ഞിന് ജന്മം നൽകി…ഇത്രയും നാൾ ആയിട്ടും എന്റെ ഭർത്താവിനെ കാണാത്തത് കൊണ്ട് നാട്ടിൽ പിഴച്ചവൾ എന്നൊരു പേരും ഇവർ എനിക്ക് ചാർത്തി തന്നു…

അമ്മായിയുടെ മരണ ശേഷം…പലരും എന്റെ ശരീരം കൊതിച്ചു രാത്രി ഇവിടെ കഴുകനെ പോലെ ചുറ്റി കറങ്ങുന്നുണ്ട്..എത്ര നാൾ ഇങ്ങനെ പിടിച്ചു നിൽക്കാൻ കഴിയുമെന്ന് എനിക്കറിയില്ല എന്ന് പറഞ്ഞു കരഞ്ഞ ലെച്ചുവിനോട് മറുപടി ഒന്നും പറയാതെ ഞാൻ നേരെ വീട്ടിലേക്കു നടന്നു

ലെച്ചുവിന്റെ സങ്കടങ്ങൾ അറിഞ്ഞത് കൊണ്ടായിരിക്കും പിന്നീട് അവളോട്‌ എന്തോ ഒരിഷ്ടം എനിക്ക് തോന്നി തുടങ്ങിയതും…

പിന്നീട് സമയം കിട്ടുമ്പോൾ ഒക്കെ ഞാൻ ലെച്ചുവിനോടും മോളോടും കൂടുതൽ കമ്പനി അടിക്കാൻ തുടങ്ങി…

ഒരു തവണ മോളെ കൂട്ടി ഞാൻ പാർക്കിൽ പോയതും…ഞങ്ങൾ ഒരുമിച്ചു അമ്പലത്തിൽ പോയതും കൂടി ആയപ്പോൾ…ഞങ്ങളെ പറ്റി നാട്ടുകാർക്കിടയിൽ പല തരത്തിൽ ഉള്ള വർത്തനങ്ങളും ഉടലെടുത്തി തുടങ്ങിയിരുന്നു…

ഒരു തവണ കടയിൽ ലെച്ചുവിനോട് വർത്തമാനം പറഞ്ഞു കൊണ്ടിരിക്കുന്നതിനിടെ…ഇതാണോ അമ്മേ എന്റച്ഛൻ എന്ന് അമ്മുട്ടി എന്നേ ചൂണ്ടി കാണിച്ചു ചോദിച്ചപ്പോൾ…ലെച്ചുവിന്റെ മുഖം ചമ്മിയത് പോലെ ആയി..

നീ അവിടെ വെല്ലോം പോയി കളിച്ചേ എന്ന് അമ്മുട്ടിയോട് ശാസിച്ചതിന് ശേഷം..എന്നോട് ലെച്ചു സോറി പറഞ്ഞപ്പോഴും മറുപടി എന്നോണം ഞാൻ ചിരിച്ചു കാണിക്കുകയാണ് ഞാൻ ചെയ്തതും…

പതിയെ പതിയെ അനാഥൻ എന്നതിൽ നിന്നും…എന്നെയും സ്നേഹിക്കാൻ ആരൊക്കെയോ ഉണ്ടെന്ന് തോന്നിയത് എനിക്ക് ലെച്ചുവിനെയും മോളെയും പരിചയപ്പെട്ടത് മുതൽ ആയിരുന്നു..

എപ്പോഴും സങ്കടങ്ങൾ നിറഞ്ഞ മുഖമോടെ നടന്നിരുന്ന ലെച്ചു പിന്നീട് പലപ്പോഴും ഓരോ കാര്യങ്ങൾ പറഞ്ഞു പൊട്ടി ചിരിക്കുന്നത് ഞാൻ കണ്ടു…

ഒരു തവണ…നമ്മളെ പറ്റി നാട്ടുകാർ ഓരോന്നൊക്കെ പറയുന്നുണ്ട്..എനിക്കെന്തായാലും പിഴച്ചവൾ എന്നൊരു ചീത്തപ്പേരുണ്ട്..എന്റെ കൂടെ നടന്നാൽ നാളെ ഉണ്ണിയേട്ടനെ പറ്റിയും ഓരോ കഥകൾ അവർ പാടി നടക്കും എന്ന് ലെച്ചു പറഞ്ഞപ്പോൾ…അവർ എന്താണെന്നു വെച്ചാൽ പറഞ്ഞോട്ടെ…നമ്മൾ ജീവിക്കുന്നത് നാട്ടുകാരുടെ ചിലവിനല്ലല്ലോ എന്നൊരു മറുപടിയാണ് ഞാൻ ലെച്ചുവിന് കൊടുത്തതും..

അങ്ങനെ മുന്നോട്ട് പോകുമ്പോഴാണ് ഒരു ദിവസം പാതി രാത്രി ലെച്ചുവിന്റെ ഫോൺ എനിക്ക് വരുന്നത്…

ഞാൻ ഫോൺ എടുത്ത ഉടനെ…ഉണ്ണിയേട്ടാ ആരൊക്കെയോ കുറെ നേരമായി വീടിനു ചുറ്റും നടക്കാൻ തുടങ്ങിയിട്ട്…എനിക്കെന്തോ പേടി ആകുന്നു എന്ന് ലെച്ചു പറഞ്ഞു കഴിഞ്ഞപ്പോൾ തന്നെ..ഞാൻ ഇപ്പൊ വരാം എന്ന് പറഞ്ഞു ചാടി എഴുന്നേറ്റു ലെച്ചുവിന്റെ വീട് ലക്ഷ്യമാക്കി നടന്നു…

ലെച്ചുവിന്റെ വീടിന്റെ ചുറ്റും നോക്കിയിട്ട് ആരെയും കാണാത്തത് കൊണ്ട് ലെച്ചു പേടിക്കണ്ട..ധൈര്യമായി പോയി ഉറങ്ങിക്കോളാൻ ഞാൻ പറയുമ്പോഴാണ് വീടിനു വെളിയിൽ നിന്നും…ഇങ്ങോട്ടിറങ്ങിവാടാ..ഇതാണല്ലേ നിന്റെ പരിപാടി എന്നൊക്കെ പുറത്ത് നിന്നും ആരൊക്കെയോ പറയുന്നത് ഞാൻ കേട്ടത്…

അവരുടെ ഒച്ച പൊങ്ങിയപ്പോൾ…ലെച്ചുവിനോട് വീടിന്റെ അകത്തു തന്നേ നിന്നാൽ മതി എന്ന് പറഞ്ഞു ഞാൻ പുറത്തേക്ക് ചെന്നു…

കുറച്ചു നാട്ടുകാർ ചുറ്റിനും കൂടിയുണ്ട്..എന്തോ അവിഹിതം കണ്ടു പിടിച്ചു എന്നുള്ള രീതിയിൽ ആയിരുന്നു അവരുടെ നിൽപ്പും ഭാവവും എന്ന് എനിക്ക് അപ്പോഴേ മനസ്സിലായിരുന്നു..

വരത്തൻ ആയ നിനക്ക് ഇതാണല്ലേടാ പരിപാടി…നിന്റെ സൂക്കേട് മാറ്റാൻ ഈ നാട്ടിലെ പെണ്ണിനെ തന്നെ വേണം അല്ലേടാ എന്ന് കൂട്ടത്തിൽ ഒരുവൻ ചോദിച്ചപ്പോൾ ഞാൻ ആ ചോദ്യം പുച്ഛിച്ചു തള്ളി…

ഞാൻ കാണാൻ വന്നത് എന്റെ ഭാര്യയെ ആ..അത് നിങ്ങളെ ബോധ്യപ്പെടുത്തണ്ട കാര്യം എനിക്ക് ഇല്ലെന്നു ഞാൻ പറഞ്ഞപ്പോൾ..വന്നവർ പലരും മുഖത്തോടു മുഖം നോക്കി..

അകത്തു നിന്നിരുന്ന ലെച്ചുവിനോട് ഇങ്ങോട്ട് വരാൻ ഞാൻ പറഞ്ഞു…ഞാൻ കെട്ടിയ താലിയാണ് അവളുടെ കഴുത്തിൽ കിടക്കുന്നത്..ഇതിനും വലിയ തെളിവ് നിങ്ങൾക്കിനി വേണോടാ എന്ന് ചോദിച്ചപ്പോൾ..നാട്ടുകാർ ഒരക്ഷരം പോലും മിണ്ടാതെ നിന്നിട്ട്…അവർ പതിയെ ഇരുട്ടിലേക്ക് മറയുന്നത് ഞാൻ നോക്കി നിന്നു…

കുറച്ചു നേരത്തെ മൗനത്തിനു ശേഷം…ഉണ്ണിയേട്ടൻ എന്തിനാ ഈ താലി കൊണ്ട് നടക്കുന്നത്…ഇതിപ്പോ ഉള്ളത് കൊണ്ട് മാത്രം നമ്മൾ രക്ഷപെട്ടു..അവർക്ക് മനസ്സിലായില്ല..ഇത് ഉണ്ണിയേട്ടൻ ഇപ്പൊ അവരെ ബോധിപ്പൊക്കാൻ വേണ്ടി കെട്ടിയതാണെന്നു.. പക്ഷെ ഇങ്ങനെ ഒക്കെ വെറുതെ കെട്ടി അതിന്റെ പവിത്രത കളയരുത് എന്ന് പറഞ്ഞു അത് അഴിക്കാൻ നോക്കിയ ലെച്ചുവിന്റെ കൈകളിൽ ഞാൻ കയറി പിടിച്ചു..

ആ താലി എന്നെങ്കിലും ഒരു ദിവസം നിന്റെ കഴുത്തിൽ അണിയിക്കാൻ വേണ്ടി ഞാൻ കൊണ്ടു നടന്നതാ..അതിനുള്ള സന്ദർഭം ഇപ്പോഴാ ഒത്തു വന്നത് എന്നുള്ള എന്റെ വാക്കുകൾ കെട്ടു അമ്പരപ്പോടെ ലെച്ചു എന്റെ മുഖത്തേക്ക് നോക്കി..

ഉണ്ണിയേട്ടൻ ഇത് എന്താ ഈ പറയുന്നത് എന്ന് ലെച്ചു ചോദിച്ചതിന്…

നിനക്ക് ഇപ്പൊ ഒരു ആൺ തുണ അത്യാവശ്യമാണ് .അല്ലെങ്കിൽ നാളെ നിന്റെ മാനത്തിനു വില പറഞ്ഞു പലരും ഇങ്ങോട്ടേക്കു കയറി വരും…

പിഴച്ചവൾ എന്ന് പറഞ്ഞ നാട്ടുകാർക്ക് മുൻപിൽ ഒരിക്കലെങ്കിലും നീയും ആഗ്രഹിച്ചിട്ടില്ലേ..താലി ചാർത്തിയ പുരുഷന്റെ കൂടെ നടക്കണമെന്ന്..

വളർന്നു വരുന്ന അമ്മുട്ടിയെ കൂട്ടുകാർ തന്തയില്ലാത്തവൾ എന്ന് വിളിച്ചു കളിയാക്കുമ്പോൾ…അവൾക്ക് ധൈര്യത്തോടെ ചൂണ്ടി കാണിക്കാൻ ഒരച്ഛൻ വേണമെന്ന്

അതിലുപരി..നിന്റെ വിഷമങ്ങളും സന്തോഷങ്ങളും പങ്കു വെക്കാൻ..നിന്റെ മനസ്സറിയുന്ന ഒരാൾകൂടെ വേണമെന്ന്..

അനാഥാലയത്തിൽ അച്ഛൻ ആരെന്നോ അമ്മ ആരെന്നോ അറിയാതെ വളർന്ന എനിക്ക് പലപ്പോഴും കൂട്ടുകാരുടെ മുൻപിലും നാട്ടുകാരുടെ മുൻപിലും തല താഴ്ത്തി നിൽക്കേണ്ടി വന്നിട്ടുണ്ട്..

കൂട്ടുകാർ ഓരോന്ന് പറഞ്ഞു കളിയാക്കുമ്പോഴും…നാട്ടുകാർ പിഴച്ചു പെറ്റ സന്തതി എന്ന് പറഞ്ഞപ്പോഴൊക്കെ..പലപ്പോഴും പൊട്ടി കരഞ്ഞു ഞാൻ സങ്കടം തീർത്തിട്ടുണ്ട്…

ഞാൻ നിങ്ങളിൽ കണ്ടത് എന്റെ ജീവിതം തന്നെ ആയിരുന്നു…ഞാൻ അനുഭവിച്ചത് പോലെ നാളെ അമ്മുട്ടിയും അനുഭവിക്കരുത്…അതിനു വേണ്ടി രക്ത ബന്ധം കൊണ്ടല്ലെങ്കിലും കർമ്മം കൊണ്ട് അവളുടെ അച്ഛൻ ആകാൻ ഞാൻ തയ്യാറാ എന്ന് പറഞ്ഞപ്പോൾ ലെച്ചുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി

ചോദിക്കാനും പറയാനും ആരും ഇല്ലാത്ത നമുക്ക്..ഒരുമിച്ചു ജീവിക്കാൻ നമ്മുടെ സമ്മതം മാത്രം മതി…..കൊച്ച് കൊച്ച് പിണക്കങ്ങളും അതിലേറെ ഇണക്കങ്ങളുമായി നമുക്ക് ഇനിയുള്ള ജീവിതം..ഒരുമിച്ചു ജീവിച്ചു തീർത്തൂടെ എന്ന് ഞാൻ പറഞ്ഞു കഴിയുമ്പോഴേക്കും കരഞ്ഞു കൊണ്ട് എന്റെ നെഞ്ചിലേക്ക് ചാരി കിടന്നു കഴിഞ്ഞിരുന്നു ലെച്ചു…

ശ്രീ ഹരി

You may also like...

Leave a Reply

Your email address will not be published. Required fields are marked *