ഡീ സത്യം പറയണം മനു ഇന്നലെ കുടിച്ചിട്ട് നിന്നെ തല്ലിയോ ?

രചന : Anoop Anoop

“അമ്മേ അച്ചനോട്ട് പറഞ്ഞിട്ട് വീട്ടീന്ന് ആ തയ്യൽ മിഷ്യൻ നാളെയെങ്ങാനും ഇവിടെത്തിക്കുമോ ? ” മോനുറങ്ങിയപ്പോൾ ആണ് അഭി അമ്മയെ വിളിച്ചത് .

” ഇപ്പൊ എന്തിനാ ?”

“അത് പിന്നെ എനിക്കിവിടെ വെറുതെയിരുന്നു മടുത്തു അതുകൊണ്ടാ . ”

ആ നോക്കാം . മനു വന്നില്ലെ ?

വന്നു . പുറത്ത് പോയേക്കുവാ .

നിന്നെ അവിടൊറ്റയ്ക്കാക്കീട്ടോ ?

അത് എന്തോ അത്യാവശ്യകാര്യം ഉണ്ടായിട്ടാ . ഇപ്പൊ വരും .

“ഉം . അപ്പു ഉറങ്ങിയോ ?”

ആ . അവൻ നേരത്തേ ഉറങ്ങി . അച്ചൻ എവിടെ ?

അച്ചനൊക്കെ അപ്പുറത്ത് ഉണ്ട് . നീ കഴിച്ചോ ?

കഴിച്ചില്ല . മനുഏട്ടൻ എത്തീട്ട് കഴിക്കാം എന്നു വെച്ചു .

“ഉം . മിഷ്യനും കൊണ്ട് നാളെ ഞങ്ങൾ അവിടെ വരാം ”

ആ . പിന്നേ വരുംബൊ വിളിക്കണം .

ആ .

കാൾ കട്ട് ചെയ്ത് അവൾ ഒന്നുകൂടി വാതിലിന്റെ ലോക്ക് ശ്രദ്ധിച്ചു പുറത്തെ ലൈറ്റ് ഇട്ടുവെച്ച് മോന്റെ കൂടെ കിടന്നു . അവന് ഇടയ്ക്ക് ഞെട്ടി ഉണർന്നാൽ ഒരു തപ്പിനോക്കലുണ്ട് . അപ്പൊ കണ്ടില്ലെങ്കിൽ വിശന്നു കരയും . കുഞ്ഞിന്റെ മൂടിയിൽ തലോടികൊണ്ട് അവൾ മൊബൈലെടുത്ത് സമയം നോക്കി . പത്ത് ആവാറായി . മനുവിന്റെ നമ്പറിലേക്ക് ഒന്നൂടെ ഡയൽ ചെയ്തു . കാൾ ബിസിയാക്കുന്നു എന്നല്ലാതെ എടുക്കുന്നില്ല . ചിലപ്പൊ ഇവിടെത്താറായിക്കാണും അതാവും ബിസിയാക്കിയത് . വിശക്കാനും തുടങ്ങി . ഉച്ചയ്ക്ക് കഴിച്ചതിൽ പിന്നൊന്നും കഴിച്ചിട്ടില്ല . എന്തായാലും ചോറെടുത്ത് വെച്ച് അവൾ ജനാലയ്കൂടെ പുറത്തേക്ക് നോക്കി .

വരുന്നുണ്ട് . ദൂരെ നിന്നേ ലൈറ്റ് കണ്ടു . അവൾ ഡോർ തുറന്നു .

ചോറെടുത്ത് വെക്കട്ടെ ?

“എനിക്ക് വേണ്ട . ഞാനവിടുന്നു കഴിച്ചതാ . ” അവന്റെ കാലു വെച്ചുപോകുന്നത് കണ്ടതോടെ അവൾ ഒരു മൂളലോടെ അടുക്കളയിലേക്ക് നടന്നു . തിരിഞ്ഞു നോക്കവേ മനു കട്ടിലിൽ പോയി കിടന്നിരുന്നു .

കല്യാണത്തിനു മുൻപ് എന്തൊക്കെ ആയിരുന്നു . എന്തുണ്ടെങ്കിലും മെസേജയക്കുമായിരുന്നു

” ഞാനൊരു ഗ്ലാസ്സ് ബിയർ കുടിക്കട്ടെ ?”

വേണ്ട .

വല്ലാത്ത ഷീണം ഉണ്ട് . അതുകൊണ്ട് പിള്ളേരൊക്കെ നിർബന്ധിച്ചപ്പൊ ഒറ്റ ഗ്ലാസ് ബിയർ കുടിച്ചിട്ടുണ്ട് കെട്ടോ .
ആദ്യമൊക്കെ കുടിച്ചോട്ടെ എന്നു ചോദിച്ചിരുന്ന ആൾ പിന്നെ പിന്നെ കുടിച്ചിട്ട് ഇങ്ങോട്ട് പറയുക എന്നതായി . ടെൻഷൻ കൊണ്ടാണ് ഷീണം കൊണ്ടാണ് , കൂട്ടുകാർ നിർബന്ധിച്ചത് കൊണ്ടാണ് അങ്ങനെ ഓരോ കാരണങ്ങൾ .
ബിയറിൽ തുടങ്ങി ഇപ്പൊ കാലു നിലത്തുറയ്ക്കാത്ത അവസ്ഥകൾ വരെ ഉണ്ടായിട്ടുണ്ട് .

” ഞാനത് പിന്നെ വല്ലാത്ത ടെൻഷൻ കാരണം കുറച്ച് ഓവറായി പോയി . ”

” ടെൻഷൻ എനിക്കുമില്ലെ മനുഏട്ടാ . ഇങ്ങൾക്ക് മാത്രമാണൊ ഇതൊക്കെ ? ”

“നീ ചിലക്കാതെ പോയ്ക്കോളണം . നിന്റെമ്മേടെ പൈസകൊണ്ടല്ല ഞാൻ കുടിച്ചത് ”

“അങ്ങനെ പറയുംബൊ പോകാൻ ഞാനിവിടെ വലിഞ്ഞ് കേറി വന്നതൊന്നും അല്ല . എനിക്കിപ്പൊ അറിയണം ”

” ഇവിടെ കേൾക്കാൻ മാത്രം പറഞ്ഞാൽ മതിന്ന് നിന്നോട് പലതവണ പറഞ്ഞിട്ടുണ്ട് ” മുഖത്ത് വീണ അടിയുടെ ചൂടിൽ കണ്ണിലിരുട്ട് കേറിപോയി . കല്ല്യാണം കഴിഞ്ഞ് പുതുമ മാറിയപ്പോൾ അവന്റെ മാറ്റം അതിശയിപ്പിച്ചിരുന്നു . ഇടയ്ക്ക് ശാരീരിക ഉപദ്രവവും കൂടി ആവാൻ തുടങ്ങിയിരുന്നു . അതിൽ പിന്നെ അവൾ ഒരിക്കലും കൂടുതൽ മിണ്ടിയിട്ടില്ല .
ചോറിൽ വിരലോടിച്ച് കൊണ്ട് അവളങ്ങനെ ഇരുന്നു പോയി . അവിടുന്നും ഇവിടുന്നും വാരി തിന്ന് മതിയാക്കികൊണ്ട് എണീറ്റു . പ്ലേറ്റ് കഴുകി വെച്ച് ബെഡ് റൂമിലെത്തിയപ്പൊഴേക്കും മനുവിന്റെ കൂർക്കം വലി ഉയർന്നു കേൾക്കുന്നുണ്ടായിരുന്നു . മോനെ ചേർത്തു പിടിച്ച് അവളും .

“മനുഏട്ടനിന്നു പണീണ്ടോ ” രാവിലെ എണീറ്റ് അടുക്കളയിലെ പണിക്കിടയിൽ അവൾ ഇടയ്ക്ക് വിളിച്ചു ചോദിച്ചു .

ഉം . എന്താ ?

ഒന്നുല്ല . ചോദിച്ചതാ . ചിലപ്പൊ അമ്മയൊക്കെ വരും .

എന്തിന് ?

അത് പിന്നെ ഞാൻ ആ തയ്യൽ മിഷ്യൻ ഇങ്ങെടുക്കാൻ പറഞ്ഞിട്ടുണ്ട് . ഇവിടെ വെറുതെ ഇരിക്കുംബൊ എന്തെങ്കിലുമൊക്കെ തയ്ക്കാലോ .

“ഓ . ഇനീപ്പൊ അതിന്റെ കുറവേ ഉള്ളൂ.” പുച്ചത്തോടെ ബ്രഷും പേസ്റ്റൂമെടുത്ത് മനു മുറ്റത്തേക്കിറങ്ങി .

അപ്പൂ മോനെണീറ്റെ . വാ അമ്മ പല്ലുതേപ്പിച്ച് തരാലോ . മതി ഉറങ്ങീത് .

മനുവിനു ചായകൊടുത്ത് അവൾ അപ്പുവിനെ വിളിച്ചു .

മനുഏട്ടാ എങ്ങോട്ടേലും പോകും മുമ്പ് കടയിൽ പോയി എന്തെങ്കിലുമൊക്കെ വാങ്ങിവരുമോ ? അമ്മയൊക്കെ വരുന്നതല്ലെ . അതുകൊണ്ടാ .

രാവിലെതന്നെ സമയില്ലാത്തപ്പൊ നീ ഓരോന്നും കൊണ്ട് വരല്ല . എന്താ ഇപ്പൊ വാങ്ങേണ്ടത് നാശം .

“ഒരു പാക്കറ്റ് എന്തെങ്കിലും ബിസ്കറ്റും ഒരു പാലും കുറച്ച് വെളിച്ചെണ്ണയും പിന്നെ ബാക്കി ഉണ്ടെങ്കിൽ ഉള്ളിയും ” കൈയിലുള്ള അവസാന 100 രൂപയും എടുത്ത് കൊടുത്ത്കൊണ്ട് അവൾ പറഞ്ഞു .
അതും വാങ്ങി മനു ബൈക്ക് സ്റ്റാർട്ട് ചെയ്തു .

ഉച്ചയോടെ അഭിയുടെ അച്ചനും അമ്മയും ഒരു ഓട്ടോയിൽ തയ്യൽ മിഷ്യനൊക്കെയായി വന്നു . എല്ലാരും കൂടി മിഷ്യനൊക്കെ പിടിച്ചിറക്കി ഉമ്മറത്തെ മൂലയ്ക്ക് വെച്ചു .

” അമ്മമ്മേ ” അപ്പു ഒരോട്ടമായിരുന്നു .

” അച്ചോടാ എന്റെ മോനങ്ങു വണ്ണം വെച്ചല്ലോ . മോന് അമ്മമ്മ മുട്ടായി വാങ്ങീട്ടുണ്ട് . അമ്മമ്മക്ക് ഒരുമ്മ തന്നെ വേഗം ” അപ്പുവിനെ പിടിച്ചുയർത്തികൊണ്ട് പറഞ്ഞു .

“മനു ഇന്നു പണിക്ക് പോയിട്ടുണ്ടോ ? ” ഹാളിലേ കസേരയിലേക്കിരുന്ന് അച്ചന്റെ ചോദ്യം .

” ആ പോയിട്ടുണ്ട് . രാവിലെ പോയി . ഞാൻ ചായ എടുക്കാം അച്ചൻ ഇരിക്ക് . ” അവൾ പതിയെ അടുക്കളയിലേക്ക് നടന്നു .

” ഡീ സത്യം പറയണം മനു ഇന്നലെ കുടിച്ചിട്ട് നിന്നെ തല്ലിയോ ? ഇന്നലെ അവനെപ്പൊഴാ വന്നെ ?”

” അത് ഞാനമ്മയ്ക്ക് ഫോൺവിളിച്ചസമയത്ത് തന്നെ വന്നല്ലോ . അങ്ങനെ പ്രശ്നമൊന്നൂല്ല അമ്മേ . വല്ലപ്പോഴും ഇത്തിരി കുടിക്കും . അതേ ഉള്ളൂ ” പ്രശ്നങ്ങളെ ലഘുകരിച്ചും അമ്മയോട് വിഷയം മാറ്റി സംസാരിച്ചും തന്റെ ഇവിടുത്തെ അവസ്ഥ അവരെ അറിയിക്കാതെ അവൾ മറച്ചു പിടിച്ചു . അല്ലെങ്കിലും എന്തിന് അവരെ കൂടി വെറുതെ വിഷമിപ്പിക്കണം .

“എന്നിട്ട് അപ്പുപറഞ്ഞല്ലോ ഇന്നലെ അച്ചൻ വന്നത് അവൻ ഉറങ്ങികഴിഞ്ഞിട്ടാതെന്ന് ?”
അമ്മ വിടുന്ന ലക്ഷണം ഇല്ല .

“അത് പിന്നെ അമ്മയ്ക്കറിയില്ലെ അപ്പു 7 മണി ആകുംബൊ തന്നെ ഉറങ്ങും എന്ന് . അങ്ങനത്തെ അവനോടാണോ ഇത് ചോദിക്കുന്നേ ? അമ്മ ഈ ചായ അച്ചന് കൊണ്ടകൊടുക്ക് .” മോനോട് ഇങ്ങനുള്ള കാര്യങ്ങൾ കുത്തികുത്തി ചോദിച്ച് സത്യം ചികഞ്ഞെടുക്കാൻ അമ്മയ്ക്ക് ഒരു മിടുക്ക് വേറെ തന്നെയാണ് . സ്വന്തം വീട്ടിൽ പോയാലും മനു ഏട്ടൻ തന്നെ തല്ലിയ കാര്യം വരെ കള്ളൻ പറഞ്ഞുകൊടുത്തു . അതിൽ പിന്നെ അമ്മയ്ക്ക് പ്രത്യേക ശ്രന്ധയാണ് തന്റെ കാര്യത്തിൽ . അതവൾക്കും അറിയാം .

നീ എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കണം കെട്ടോ . മനു വന്നാൽ പറഞ്ഞേക്ക് . ഞങ്ങളിറങ്ങട്ടെ .

mm . ഞാൻ വിളിക്കാം അമ്മേ .

“തൽക്കാലം നീ ഇത് കൈയിൽ വെച്ചോ . എടുത്ത് ചിലവാക്കണ്ട .” ചുരുട്ടിപ്പിടിച്ച് കുറച്ച് പൈസ അവളുടെ കൈയിൽ വെച്ചുകൊടുത്ത് അവർ ഇറങ്ങി .

അവൾ ഡോറുകൾ പതിയെ ചാരി റൂമിൽ വന്നിരുന്നു .

” അമ്മ എന്തിനാ കരയുന്നെ ?” മോന്റെ ചോദ്യം

അമ്മ കരഞ്ഞോ . ആരു പറഞ്ഞു ?

ദാ അമ്മേടെ കണ്ണിൽ വെള്ളം .

“അത് അമ്മയ്ക്ക് ഒത്തിരി സന്തോഷം വന്നിട്ടാ മോനമ്മയ്ക്കൊരുമ്മ തന്നേ ” അപ്പുവിനെ പിടിച്ച് നെഞ്ചിൽ കിടത്തിക്കൊണ്ട് അവൾ പറഞ്ഞു . “കടിക്കരുത് കെട്ടോ ”
ഇടയ്ക്ക് അവൻ ഉമ്മവെക്കുന്നതിനൊപ്പം കവിളിൽ കടിക്കും . അതോർത്തുകൊണ്ടാണ് അവൾ പറഞ്ഞത് ..

“അമ്മേ .ഉം ”

എന്തേ ?

“അമ്മേ ” അപ്പു പിന്നെയും ചിണുങ്ങി .

“കൊഞ്ചല്ലെ ചെക്കാ അമ്മ തരാം ” അപ്പുവിന്റെ നെഞ്ചിൽ തട്ടിയുള്ള വിളി കണ്ടപ്പോൾ അവൾക്ക് കാര്യം മനസിലായി .
പുറത്ത് തട്ടിക്കൊണ്ട് അവൾ മോനെ ഉറക്കിടത്തി. നൈറ്റി നേരെയാക്കി അവൾ മെല്ലെ എണീറ്റ് തയ്യൽ മിഷ്യന്റെടുത്തേക്ക് നടന്നു . തയ്യലിന്റെ ചക്രം പതിയെ ചവിട്ടി നോക്കി . അന്നീ തയ്യലെങ്കിലും പഠിച്ചതെത്ര നന്നായി എന്നവൾ ഓർത്തു .

Anu Knr
Kl58

You may also like...

Leave a Reply

Your email address will not be published. Required fields are marked *