” കുളി സീൻ “

രചന : Vipin PG

ഒരു രാത്രി ഇരുട്ടിവെളുത്തപ്പോൾ പൂട്ടിക്കിടന്ന ഒരു ചായകട കുത്തിത്തുറന്ന് നാട്ടിലെ ഒരു കൂട്ടംചെറുപ്പക്കാർ തുടങ്ങിയ സംരംഭമാണ് കാലാൾപ്പട. പെട്ടെന്ന് വളർന്ന ഈ കൂട്ടായ്മ ഒരു വർഷം ആകുമ്പോഴേക്കും വലിയ കൂട്ടായ്മയായി. ഗജഗംഭീരമായി ഒന്നാം വാർഷികാഘോഷങ്ങളും നടന്നു.

ഒന്നാംവാർഷികം നടന്നതിന്റെ പിറ്റേന്ന് കാലാൾപടയുടെ മുഖ്യ സാരഥികൾക്ക് വിസ കിട്ടി രാജ്യംവിട്ടു. അതുവരെ യുവാക്കൾ മാത്രമായിരുന്ന കാലാൾപ്പടയിലേക്ക് പിന്നെ കാരണവന്മാർ കൂടി വരാൻ തുടങ്ങി.

നാട്ടിലെ പൊടിക്കുട്ടികൾ തൊട്ട് നര മൂത്ത കാരണവന്മാർ വരെ ഒരേ പോലെ ഈ കൂട്ടായ്മയിൽ വന്ന് ചേർന്നു . അതുകൊണ്ടുതന്നെ സർവ്വവിധ തോന്ന്യവാസവും അവർക്കിടയിൽ അരങ്ങേറി.

കൂട്ടായ്മ വളരെ നല്ല രീതിയിൽ ചീത്തപ്പേര് ഉണ്ടാക്കാൻ തുടങ്ങി. കാലാൾപ്പട സാരഥികൾ മതിലുചാട്ടം ഒരു പതിവാക്കി. പലപ്പോഴും പലരും പിടിക്കപ്പെട്ടു,,,,, പലരും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

അങ്ങനെ പിടിക്കപ്പെട്ടും രക്ഷപ്പെട്ടും കാലാൾപ്പടയുടെ കഥകൾ ആ നാട്ടിൽ പാട്ടായി. പക്ഷേ അവർ നന്മകളും ചെയ്തു കേട്ടോ,, മഴ കുഴി വെട്ടി,,,, ഡ്രെയിനേജ് ക്ലീൻ ചെയ്തു,,,, കൊതുകുനിവാരണം മരുന്നടിച്ചു. പാവപ്പെട്ട പെൺകുട്ടികളുടെ കല്യാണത്തിന് പറ്റാവുന്ന രീതിയിൽ സഹകരിച്ചു.

ഇനി ഞാൻ ഇവിടെ പറയാൻ പോകുന്നത് നാടിനെ നടുക്കിയ ഒരു കുളിസീൻ കഥയാണ്.

ആ നാട്ടിലെ വളരെ ചുരുക്കം സല്സ്വഭാവികളിൽ ഒരാളായിരുന്ന പാറങ്ങോട്ട് സുഗുണൻ ഒരു പെണ്ണ് കെട്ടി.ജലജ സുഗുണൻ. പെണ്ണ് സുന്ദരിയാണ്. 32 കാരനായ സുഗുണൻ നൂറിനടുത്ത് പെണ്ണ്കണ്ടു എന്നാണ് സുഗുണൻ പറയുന്നത്. എങ്കിലും സുഗുണന് നിരാശയില്ല,,,, നൂറു പെണ്ണുകണ്ടെങ്കിൽ എന്താ അവസാന കിട്ടിയതു മരതകം പോലുള്ള ഒരു പെണ്ണല്ലേ.

സുഗുണൻ പറഞ്ഞത് ശരിയാണ്. ജലജയെ ഒരു മരതകമാണ്. സുഗുണനെ കെട്ടുന്നതുവരെ ആ നാട്ടിലെ എല്ലാ യുവാക്കളുടെ ഹരമായിരുന്നു ജലജ. 18 തികഞ്ഞ കുഞ്ഞുപിള്ളാരുടെ മുതൽ 56 കഴിഞ്ഞ പെൻഷൻ പറ്റി വീട്ടിലിരിക്കുന്ന കാരണവന്മാരുടെ വരെ ഉറക്കം കളഞ്ഞ ആ നാടിന്റെ പൊന്നോമന പുത്രി.

ജലജയെ അങ്ങനെ കണ്ടുകൊണ്ടിരിക്കാനും പറ്റിയാൽ ഒന്നു കൂട്ടിമുട്ടാനും ആ നാട്ടിലെ ജനങ്ങൾ ജലജയ്ക്ക് വരുന്ന എല്ലാ കല്യാണവും മുടക്കി. ജലജയുടെ അച്ഛനും അമ്മയ്ക്കും ഒരു സമാധാനവും ഇല്ലാതായി.

അങ്ങനെ ഇരിക്കുമ്പോഴാണ് സുഗുണന്റെ ആലോചന വരുന്നത്. അധികം ആരെയും അറിയിക്കാതെ വളരെ ലളിതമായ ഒരു ചടങ്ങിൽ രണ്ടു വീട്ടുകാരും കൂടിആ കല്യാണം നടത്തി.

പക്ഷേ കാലാൾപ്പടയിൽ അതൊരു ചർച്ചയായി. ഈ കൂട്ടായ്മയിൽ മുക്കാൽ പങ്കും കല്യാണം കഴിക്കാത്തവരാണ്. അവരങ്ങനെ പനപോലെ നിൽക്കുമ്പോൾ സുഗുണൻ കെട്ടിയതും സുഗുണൻ കല്യാണത്തിന് എല്ലാവരേയും വിളിക്കാത്തതും അവർക്ക് തീരെ ബോധിച്ചില്ല.

സുഗുണനും പെണ്ണും ഒരുമിച്ച് നടക്കുമ്പോൾ പലപ്പോഴും അവരുടെ ഒളി ആക്രമണങ്ങൾ നടന്നു. സുഗുണനെ പറ്റിയും ഭാര്യയെ പറ്റിയും പരമാവധി നുണക്കഥകൾ പ്രചരിച്ചു. പക്ഷേ ഇതുകൊണ്ടൊന്നും അവരുടെ കുടുംബജീവിതം തകർക്കാൻ അവർക്കായില്ല. സുഗുണനും ഭാര്യയും സന്തോഷമായി ജീവിച്ചു പോയി.

ഒരാൾക്ക് ഒരു നല്ലജീവിതം ഉണ്ടാകുന്നത്കണ്ടാൽ നാട്ടുകാർക്ക് സഹിക്കുമോ. പെണ്ണ് പിഴ ആയിരുന്നെന്നും സുഗുണൻ പെണ്ണുപിടിയൻ ആണെന്നും രണ്ടുപേരുടെയും വീട്ടിൽ പറഞ്ഞുനോക്കി. രക്ഷയില്ലാ,,, എന്തായാലും അവര് കെട്ടി. ഇനി അവർ സന്തോഷത്തോടെ ജീവിച്ചോട്ടെ എന്നാണ് രണ്ടുപേരുടെയും വീട്ടുകാർ പറയുന്നത്.

അയ്യോ അങ്ങനെ പറഞ്ഞാൽ പറ്റില്ല. ഞങ്ങൾ ജീവിച്ചിരിക്കുമ്പോൾ അവരെ സമാധാനത്തിൽ ജീവിക്കാൻ സമ്മതിക്കൂല.

ഇതങ്ങനെ വിട്ടാൽ പറ്റില്ല എന്നായി നാട്ടുകൂട്ടായ്മ. അങ്ങനെയിരിക്കെ വേനൽക്കാലം ആയി. സൂര്യന്റെ കടുത്ത താപത്തെ തുടർന്ന് ആ നാട്ടിലെ എല്ലാ ജലാശയങ്ങളും വറ്റി തുടങ്ങി. നാട്ടിലെ വീടുകളിലെ കിണറുകളിൽ വെള്ളം ഇല്ലാതായി. പരസ്പര സഹകരണമുള്ള ആൾക്കാർ അയൽവീടുകളിൽ നിന്നും അല്ലാതെയുള്ളവർ പഞ്ചായത്ത് കിണറിനെയും ആശ്രയിച്ചു.

ആ നാട്ടിൽ വറ്റാത്തൊരു ജലാശയമുണ്ട്,,, പണ്ട് ഇതേപോലൊരു ജലക്ഷാമം വന്ന സാഹചര്യത്തിൽ ആ നാട്ടിലെ നാട്ടുകാരെല്ലാവരുംകൂടി ഒത്തൊരുമയോടുകൂടി കുഴിച്ച ഒരു കുളമാണ്. നാട്ടിലെ സ്ത്രീകളെല്ലാം കുളിക്കാനും അലക്കാനും ജലാശയത്തെ ആശ്രയിക്കാൻ തുടങ്ങി.

സുഗുണന്റെ വീട്ടിലെയും കിണറ്റിലെവെള്ളം വറ്റി. കിണറിലെ വെള്ളംവറ്റിയ സാഹചര്യത്തിൽ ജലജയ്ക്കും നാട്ടിലെ ഏക ജലാശയത്തെ ആശ്രയിക്കേണ്ടി വന്നു. പക്ഷേ ജലജ ഒറ്റയ്ക്ക് പോകാറുള്ളൂ. കുളിക്കടവിലെ സ്ത്രീകളുടെ കൂട്ട് പരദൂഷണത്തോട് ജലജയ്ക്ക് വലിയ താല്പര്യമില്ല.

മാത്രമല്ല മുക്കാ പങ്ക് പരദൂഷണത്തിലെയും കേന്ദ്ര നായിക ജലജതന്നെ ആയതുകൊണ്ട് ഉണ്ട് ജലജയുടെ സമക്ഷത്തിൽ സ്ത്രീകൾക്ക് പരദൂഷണം പറയുക ബുദ്ധിമുട്ടാകും. അതുകൊണ്ടുതന്നെ അവർക്ക് സൗകര്യപ്രദമായി പരദൂഷണം പറയാനുള്ള ഒരു അവസരംകൂടിയാണ് ജലജ ഒരുക്കുന്നത്.

അങ്ങനെ സ്ത്രീകൾ കൂട്ടമായും ജലജ ഒറ്റയ്ക്കും കുളിക്കടവിൽ പോയി തുടങ്ങി. വളരെ വൈകിയാണ് കാലാൾപ്പട സാരഥികൾ ഈ വിവരം അറിയുന്നത്. നമ്മുടെ ഓമനപുത്രി ജലജ ഒറ്റയ്ക്ക് കുളിക്കടവിൽ കുളിക്കാൻ വരുന്നു. അറിഞ്ഞില്ല,,,,,,, ആരും പറഞ്ഞില്ല.

കുളിക്കടവിലെ ചേമ്പിലകൾക്കിടയിൽ ഒരുത്തനെ ഒരു പകൽമുഴുവൻ ഇരുത്തി ജലജവരുന്ന സമയംകണ്ടുപിടിച്ചു. ചേമ്പിലകൾക്കിടയിൽ പതിഞ്ഞിരുന്നതുകൊണ്ട് ആ വിദ്വാന് ഒന്നുംകാണാനും പറ്റിയില്ല. അതിന്റെ പിറ്റേന്ന് കാലാൾപ്പട കൂട്ടായ്മ ഒരുമിച്ചു കുളിക്കടവിലേക്ക് പോയി. ഈരണ്ടും മുമ്മൂന്നും വീതംപേര് നാലുമൂലയിലുമായി ജലജയുടെ വരവും കാത്തു കുത്തിയിരുന്നു.

18 തികയാത്ത രാവിലെ സൊസൈറ്റിയിൽ പാൽ കൊണ്ട് കൊടുക്കാൻ പോകുന്ന പാൽക്കാരൻ പയ്യന്മാർ മുതൽ വാർദ്ധക്യ പെൻഷന് മാസങ്ങൾമാത്രം ബാക്കിയുള്ള കിളവൻമാർ വരെ അക്കൂട്ടത്തിലുണ്ട്. ജലജ എല്ലാവരുടെയും സ്വപ്നം നായികയാണ്.

48 pixel മൊബൈൽ ക്യാമറ മുതൽ ഡി എസ് എൽ ആർ ക്യാമറ വരെയുണ്ട് ചിലരുടെ കയ്യിൽ. കൊതുക് കുത്തുന്നു,,,, പ്രാണി കടിക്കുന്നു,,,,,, ചൊറിയുന്നു,,,, എന്നിട്ടും ആരും പിന്മാറിയില്ല. പക്ഷേ കുളത്തിന്റെ നാലാം മൂലയിലിരുന്ന മൂന്നുപേർക്കിടയിൽ കശപിശയുണ്ടായി. ഒരാൾക്ക് മര്യാദയ്ക്ക് ഇരിക്കാൻ പറ്റുന്നില്ല. ഇരിപ്പുറപ്പിക്കാൻവേണ്ടി രണ്ടുപേർ അങ്ങോട്ടുമിങ്ങോട്ടും ഉന്തുംതള്ളുമായി. ഉന്തിത്തള്ളി അതിൽലൊരാൾ ഊർന്നു വെള്ളത്തിൽ പോയി.

വെള്ളത്തിൽ പോയ വിദ്വാന് നീന്തലറിയില്ല. അവൻ പോയപ്പോൾ നിന്നിരുന്ന കല്ലിൽ നിന്ന് തെന്നി രണ്ടാമത്തെ ആളും വെള്ളത്തിൽ പോയി.ഇപ്പൊ പോയ വിദ്വാനും നീന്തലറിയില്ല. അത്യാവശ്യം നല്ല ആഴമുള്ള കുളമാണ്,,,,,, രണ്ടു മുങ്ങി ചാവും,,,,,

മൂന്നാമന് നീന്തലറിയാം,,,, അവരെ രക്ഷിക്കാൻ അവൻ വെള്ളത്തിൽ ചാടി. മരണവെപ്രാളത്തിൽ നേരത്തെ വെള്ളത്തിൽ പോയ രണ്ടുപേരും മൂന്നാമനെ പിടിച്ചു മുക്കി. രണ്ടുപേരെ പൊക്കി എടുക്കാനുള്ള ആരോഗ്യം അവനുണ്ടായില്ല. ചുറ്റോടുചുറ്റും ഒളിച്ചിരുന്ന എല്ലാവർക്കും പേടിയായി.

മൂന്ന് മുങ്ങി മരണത്തിനു സമാധാനം പറയേണ്ടിവരും,,,, നീയന്തലറിയുന്ന ഓരോരുത്തരായി വെള്ളത്തിൽ ചാടി. ചാടിയ വരെ ഓരോരുത്തരെയായി മുങ്ങുന്നവർ പിടിച്ചു മുക്കി. അങ്ങനെ മുങ്ങിയും പൊങ്ങിയും പെണ്ണുങ്ങളുടെ കുളിക്കടവ് മുഴുവൻ കാലാൾപ്പടയുടെ സാരഥികളായി.

പെണ്ണുങ്ങളുടെ കുളിക്കടവിൽ കാലാൾപ്പട സാരഥികളുടെ കുളിസീൻ.

വെള്ളത്തിൽ മുങ്ങി പൊങ്ങാൻ ആവതില്ലാത്ത കാരണവന്മാർ വെള്ളത്തിൽ ചാടിയപ്പോൾ മസിൽ കയറി,,, കോച്ചി പിടിച്ചു,,,, വെള്ളത്തിൽ കിടന്നുനിലവിളിച്ചു. നീന്തൽ അറിയുന്നവർ പാടുപെട്ടു.ഒരു വശത്ത് കുറെയെണ്ണം മുങ്ങി ചാവാൻ പോകുന്നു. മറുവശത്ത് മസില് കയറിയ കാരണവന്മാരും. അങ്ങോട്ടുമിങ്ങോട്ടും നീന്തി പാവങ്ങളും മടുത്തു.

48 മെഗാപിക്സൽ മൊബൈൽ ക്യാമറ മുതൽ ഡിഎസ്എൽആർ ക്യാമറ വെള്ളത്തിൽ മുങ്ങി. ആദ്യം വെള്ളത്തിൽ വീണവൻ ആഴങ്ങളിൽനിന്ന് ആഴങ്ങളിലേക്ക് പോയി. ഇതെല്ലാം കണ്ട് കരയ്ക്ക് നിന്ന് ഒരുത്തൻ നൈസായിട്ട് ഇതെല്ലാം വീഡിയോ പിടിച്ചു.

സംഭവം കൈവിട്ടുപോകുന്ന ഘട്ടത്തിലെത്തിയപ്പോൾ ഒരുത്തൻ ഫയർഫോഴ്സിനെ വിളിച്ചു. ഒരു നിലവിളി ശബ്ദത്തോടുകൂടി ഫയർഫോഴ്സ് അവിടെ വന്നു. ആഴത്തിൽ മുങ്ങിയവനെ പൊക്കിയെടുത്തപ്പോൾ നീന്തിയും മുങ്ങിയും അവശനിലയിലായ ആൾക്കാർക്ക് വെള്ളത്തിൽ നിന്നും കരപറ്റാൻ പറ്റുന്നില്ല.

ഫയർഫോഴ്സുകാർ ട്യൂബ് ഇട്ടുകൊടുത്തു. കുറച്ചുപേരെ കുളത്തിലിറങ്ങി വലിച്ചു കയറ്റി. ഈ സംഭവങ്ങൾ ഒന്നും അറിയാതെ പെണ്ണുങ്ങൾ ഓരോ ബാച്ചുകൾ ആയി കുളിക്കടവിൽ എത്തി. അവിടെ എത്തിയപ്പോൾ കാര്യങ്ങളൊക്കെ അറിഞ്ഞു. പാണ്ടിലോറി കയറിയ തവള കണക്ക്
ട്യൂബിൽ മലർന്നുകിടന്ന കുറേപ്പേരെ ഫയർഫോഴ്സുകാർ കരയിലേക്ക് വലിച്ചടുപ്പിച്ചു. കരയിൽനിന്ന് സ്ത്രീകൾ അതിനു താളം പിടിച്ചു….

” ഏലോ ഏലയ്യോ,,,,, ഏലോ എലയ്യോ ”

നീന്തി തളർന്നുകര പറ്റി വരുന്ന സാരഥികൾക്ക് പെണ്ണുങ്ങളുടെ വക കട്ടൻചായ.

കാക്കടുത്ത കുറെ പേർക്ക് ബോധമില്ല. ബോധമുള്ളവർക്ക് ഒന്നും മിണ്ടാൻ പറ്റുന്നില്ല. മിണ്ടാൻ പറ്റുന്നവർക്കൊന്നും എണീക്കാൻ പറ്റുന്നില്ല. കുറേയെണ്ണത്തിന്റെ വയറ് വീർത്ത് 10 മാസമായ ഗർഭിണികളുടെ അവസ്ഥയായി.

ബോധമില്ലാതെ കിടന്നവരെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകാൻ ഒരു നിലവിളി ശബ്ദത്തോടുകൂടി ആംബുലൻസ് വന്നു. ഓരോരുത്തരെയായി സ്ട്രക്ചറിൽ എടുത്ത് ആംബുലൻസിലേക്ക് കേറ്റി.

ഈ സമയത്തും ആംബുലൻസിന് ചുറ്റും നിന്ന സ്ത്രീകൾ താളം പിടിച്ചു

” ഏലോ ഏലയ്യോ ഏലോ ഏലയ്യോ ”

കരയ്ക്കടുത്ത മസിലു കോച്ചിയ കാരണവന്മാരുടെ ചുറ്റും നിന്ന് സ്ത്രീകൾ കൂവി. ഉടുമുണ്ട് പോലുമില്ലാതെ വള്ളിനിക്കറുമിട്ടു കരയ്ക്കടിഞ്ഞ സ്രാവിനെ പോലെ കിടന്ന നര ബാധിച്ച കാരണവന്മാരുടെ ചുറ്റും പെണ്ണുങ്ങൾ വട്ടംകറങ്ങി കൂവി.

അന്ന് പ്രാണനാഥൻ സുഗുണനോടൊപ്പം
ഒരു ബന്ധുവീട്ടിൽ പോയ ജലജ വളരെ വൈകിയാണ് കുളിക്കാൻ പോയത്. അലക്കാനുള്ളതും നനയ്ക്കാൻ ഉള്ളതും കെട്ടിപെറുക്കി കുളിക്കടവിൽ ചെന്നപ്പോൾ അവിടെ ഒരു പൂരത്തിനുള്ള ആളുണ്ട്. ഒരു ദിവസത്തെ കുളിയും നനയും വേണ്ടെന്നുവെച്ച് ആരോടും ഒന്നും മിണ്ടാതെ ജലജ തിരിച്ചു വീട്ടിലേക്കു പോയി.

തൽസമയം ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ വിദ്വാൻ അത് എഫ്ബിയിൽ ഷെയർ ചെയ്തു. അതിന്റെ ക്യാപ്ഷൻ

” കുളിസീൻ പിടിക്കാൻ പോയ ഒരുപറ്റം യുവാക്കൾ ഇരിപ്പിട തർക്കം മൂലം ഉണ്ടായ ഉന്തിലും തള്ളിലും വെള്ളത്തിൽ പോയി. നീന്തലറിയാതെ മുങ്ങിമരിക്കാൻ പോയ യുവാക്കളെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് രക്ഷിച്ചു.

രക്ഷപ്പെടുത്തിയ യുവാക്കളെ ജനറൽ ആശുപത്രിയിലെ പേ വാർഡിൽ നിരത്തിയിട്ട ബെഡ്കളിൽ കിടത്തിയിട്ടുണ്ട് “

Please follow and like us:
20