പോക്ക് കേസ്

രചന : Anil Mathew Kadumbisseril

ആറ് മണിയുടെ ബസ് പിടിക്കാൻ ബസ്റ്റോപ്പിലേക്ക് ഓടുകയാണ് ബാലു. എറണാകുളത് വച്ചൊരു ഇന്റർവ്യൂ ഉണ്ട് ഗൾഫിലേക്ക്. കുറെപ്രാവശ്യം പോയിയെങ്കിലും ഒന്നും ശരിയായില്ല.. ഇത് കിട്ടും എന്നുറപ്പാണ്.. അത് കൊണ്ട് സമയത്തു തന്നെ അവിടെ എത്താനുള്ള ധൃതിയിൽ ആണ്താനും.

ആ ബാലുവോ? എവിടാ ബാലു ഈ വെളുപ്പാൻ കാലത്ത് ഓടുന്നത്? അടുത്തുള്ള വീട്ടിലെ കൃഷ്ണൻകുട്ടി ചേട്ടനാണ്. രാവിലെ പാല് കൊടുത്തിട്ട് വരുന്ന വരവാണ്.

ഹോ.. ഇന്നത്തെ ദിവസം പോയി, മനസ്സിൽ പറഞ്ഞു കൊണ്ട് ബാലു നിന്നു. ഒരു ജോലിക്കാര്യത്തിന് വേണ്ടി പോകുവാ കൃഷ്ണൻ കുട്ടിച്ചേട്ടാ. വന്നിട്ട് പറയാം.

ആ കുഞ്ഞേ, നിന്നെ ഞാനൊന്ന് കാണാൻ ഇരിക്കുവായിരുന്നു.

എന്താ ചേട്ടാ? പറ. ഇപ്പൊ ബസ് വരും

അത് പിന്നെ.. നിന്നോട് പറഞ്ഞില്ലെങ്കിൽ ശരിയാവില്ല എന്ന് കരുതി.

ചേട്ടാ കാര്യം എന്താണെന്ന് പറ

നിന്റെ ഭാര്യയില്ലേ ബിന്ദു?

ആ അവൾ?

അവളുടെ പോക്ക് അത്ര ശരിയല്ല..

നെഞ്ചിൽ ഒരു ഇടിത്തീ വീണത് പോലെ തോന്നി ബാലുവിന്.

ചേട്ടൻ കാര്യം തെളിച്ചു പറ

പലരും പറഞ്ഞു, പക്ഷെ ഞാൻ വിശ്വസിച്ചില്ല. ഇന്നലെ ഞാൻ എന്റെ കണ്ണ് കൊണ്ട് കണ്ടു. സൂക്ഷിച്ചാൽ ദുഃഖിക്കണ്ട പറഞ്ഞേക്കാം.

നിന്നിടം താഴ്ന്നു പോകുന്നത് പോലെ, കണ്ണിൽ ഇരുട്ട് കയറുന്നു.. സ്ഥലകാല ബോധം വീണ്ടെടുത്ത് ബാലു തിരിഞ്ഞ് നോക്കിയപ്പോഴേക്കും അയാൾ സൈക്കിൾ ചവിട്ടി ദൂരെ എത്തിയിരുന്നു.

ബാലു സമയം നോക്കി, ബസ് വരാൻ സമയം ആയി, തളർന്ന കാലുകൾ വലിച്ചു വച്ച് അയാൾ ബസ്റ്റോപ് ലക്ഷ്യമാക്കി നടന്നു. വന്നിട്ട് ഒരു തീരുമാനം ഉണ്ടാക്കണം

കുറച്ച് സമയം കഴിഞ്ഞപ്പോ ബസ് വന്നു. രാവിലെ അധികം തിരക്ക് ഇല്ലായിരുന്നത് കൊണ്ട് ഇരിക്കാൻ സീറ്റ് കിട്ടി.. സൈഡിലെ ഒരു സീറ്റിലേക്ക് ഇരുന്ന് അയാൾ ആലോചിക്കാൻ തുടങ്ങി.

കൃഷ്ണൻ കുട്ടി ചേട്ടൻ പറഞ്ഞത് എന്താണ്? ഒന്നും വിശ്വസിക്കാൻ പറ്റുന്നില്ല. പത്തു വർഷമായി കല്യാണം കഴിഞ്ഞിട്ട്, ഇത് വരെ തമ്മിൽ ശി പോ എന്നൊരു സംസാരം ഉണ്ടായിട്ടില്ല, മാതൃക ദമ്പതികൾ ആണ് ശരിക്കും. എട്ട് വയസ്സുള്ള ഒരു മോനും ഉണ്ട്. താൻ ടൗണിലെ കടയിൽ ജോലിക്ക് പോകുമ്പോൾ അവളും അവൾ ജോലി ചെയ്യുന്ന ഹോസ്പിറ്റലിൽ പോകാനിറങ്ങും.. രണ്ടു പേരും കൂടി ഒന്നിച്ചാണ് പോകുന്നതും വരുന്നതും എല്ലാം. ഇയ്യിടെ പോക്ക് വരവ് എളുപ്പം ആക്കാൻ വേണ്ടി ഒരു ആക്ടിവ എടുത്തു.. അവളും ഓടിക്കാൻ പഠിച്ചു.. ചിലപ്പോഴൊക്കെ അവളൊറ്റയ്ക്കാണ് പോകുന്നത്. ഇതിനിടയിൽ അവൾ എപ്പോഴാണ് തന്നിൽ നിന്നകന്നത്? ആരുമായിട്ടാണ് അവളുടെ ബന്ധം? ചിന്തകൾ ബാലുവിനെ വല്ലാതെ അലട്ടി.

ഇന്റർവ്യൂ കഴിഞ്ഞു, മനസ്സ് കലുഷിതമായതിനാൽ ആവാം ഇന്റർവ്യൂ ആൾക്ക് വല്യ പ്രതീക്ഷ ഒന്നും നൽകിയില്ല, വിളിക്കാം എന്ന സ്ഥിരം പല്ലവി കേട്ടു കൊണ്ട് അയാൾ അവിടെ നിന്ന് ഇറങ്ങി. എങ്ങനെ എങ്കിലും വീട്ടിൽ ചെല്ലാതെ ഒരു സമാധാനവും ഇല്ല.

വൈകുന്നേരം അഞ്ചു മണിയോടെ അയാൾ വീട്ടിലെത്തി, ഭാര്യ വന്നിട്ടില്ല. വരണ്ട സമയം കഴിഞ്ഞു. അയാളുടെ മനസ്സിൽ പല ചിന്തകൾ ഉരുണ്ട് കൂടി.

അര മണിക്കൂർ കഴിഞ്ഞപ്പോൾ ഗേറ്റ് കടന്ന് ആക്റ്റീവ വന്നു.. ഹെൽമെറ്റ്‌ ഊരി വച്ചു കൊണ്ട് ബിന്ദു പറഞ്ഞു.. ഹോ എന്റെ ചേട്ടാ എന്തൊരു തിരക്കാ റോഡിൽ.

ഉം.. ബാലുവൊന്നു ഇരുത്തി മൂളി

ബാലുവേട്ടൻ പോയ കാര്യം എന്തായി? സിറ്ഔട്ടിലേക്ക് കേറുമ്പോൾ അവൾ ചോദിച്ചു?

എന്താ എന്നെ ഇവിടുന്ന് പറഞ്ഞു വിടാൻ ധൃതി ആയോ?

ബിന്ദു അയാളെ സൂക്ഷിച്ചു നോക്കി, എന്താ ഏട്ടാ ഇങ്ങനൊക്കെ പറയുന്നത്?

നിനക്കൊന്നും അറിയില്ല അല്ലെ, പുതിയ ബന്ധങ്ങൾ ഒക്കെ തുടങ്ങി എന്നറിഞ്ഞു. നാട്ടിൽ മൊത്തം പാട്ടാ.

അവൾ ഒന്നും മനസ്സിലാകാതെ അയാളെ തുറിച്ചു നോക്കിക്കൊണ്ടിരുന്നു.

എന്തിനാ നീ എന്നോട് ഇങ്ങനെ ചെയ്യുന്നത്? നിന്നെ ഞാൻ ഇങ്ങനെ ആണോ സ്നേഹിച്ചത്? അയാളുടെ ശബ്ദം ഒരു തേങ്ങലായി പുറത്ത് വന്നു.

ബാലുവേട്ടൻ എന്താ ഈ പറയുന്നത്? എനിക്കൊന്നും മനസ്സിലാവുന്നില്ല.

അയാൾ രാവിലെ നടന്ന സംഭവം പറഞ്ഞു.

അവളുടെ കണ്ണുകൾ ചുവന്നു.. കസേരയിൽ ഇരുന്ന ബാലുവിന്റെ കയ്യിൽ പിടിച്ചു വലിച്ചു അവൾ പുറത്തേക്കിറങ്ങി.

വാ, കൃഷ്ണൻകുട്ടിയുടെ വീട്ടിലേക്ക്, അയാൾ എന്തിനാ അത് പറഞ്ഞതെന്ന് അറിയണം.

മൂന്ന് വീടിന്റെ അപ്പുറത്താണ് കൃഷ്ണൻകുട്ടിയുടെ വീട്, അവർ അവിടെ എത്തുമ്പോൾ കൃഷ്ണൻകുട്ടി മുറ്റത്തു നിൽപ്പുണ്ട്.

ആഹാ, ഇതെന്താ രണ്ടാളും കൂടി ഇങ്ങോട്ട്?

താൻ എന്ത് വൃത്തികേടാ എന്നെ കുറിച്ച് ബാലുവേട്ടനോട് പറഞ്ഞ് കൊടുത്തത്?

കൃഷ്ണൻ കുട്ടി ഒരു നിമിഷം നിശബ്ദനായി. ഞാൻ.. ഞാൻ എന്ത് പറഞ്ഞു ബാലു?

താൻ അല്ലെ രാവിലെ പറഞ്ഞത് ഇവളുടെ പോക്ക് ശരിയല്ലന്ന്?

അതെ, പറഞ്ഞു.. ശരിയല്ലേ? നാട്ടു കാര് മൊത്തം പറയുന്നുണ്ട്.

എന്നെ ആരുടെ കൂടെ കണ്ടു താൻ? ബിന്ദു അലറി

കൃഷ്‌ണൻ കുട്ടി അവളെ ഒന്ന് നോക്കി.. ആരുടെയെങ്കിലും കൂടെ പോയന്ന് ഞാൻ പറഞ്ഞോ?

പിന്നെ?

ബിന്ദു സ്കൂട്ടറിൽ പോകുന്നത് എന്നാ സ്പീഡിൽ ആണ്, ആ പോക്ക് ശരിയല്ല എന്നാണ് പറഞ്ഞത്.

ഇവിടെ എല്ലാരും പറയും ബിന്ദു വണ്ടിയെടുത്താൽ ഭയങ്കര സ്പീഡ് ആണെന്ന്. ഇച്ചിരി പയ്യെ പോണം മോളെ.. എന്തെങ്കിലും അപകടം പറ്റിയ പിന്നെ പറഞ്ഞിട്ട് കാര്യമുണ്ടോ?

ബിന്ദു ബാലുവിന്റെ മുഖത്തേക്ക് നോക്കി, അയാളുടെ മുഖം കുനിഞ്ഞു.

ജാള്യതയോടെ തിരിച്ചു നടക്കുന്നതിനിടയിൽ അവൾ കയ്യിലൊരു പിച്ചു കൊടുത്തിട്ട് പറഞ്ഞു, ആരേലും എന്തെങ്കിലും പറഞ്ഞത് കേട്ടാലുടൻ അങ്ങ് വിശ്വസിച്ചോണം ഭാര്യ പിഴയാണെന്ന് കേട്ടോ.. അപ്പൊ ഇന്നത്തെ ഇന്റർവ്യൂ ഗോവിന്ദ ആയിഎന്ന് അറിയാം.. മനസ്സിൽ മുഴുവനും ഭാര്യയോടുള്ള ദേഷ്യം ആരുന്നല്ലോ.. അവൾ ചിരിച്ചു

പോട്ടെ, അടുത്തത് നോക്കാം ഇനി.. അല്ലെ..?

അതൊക്ക പിന്നെ നോക്കാം.. നീ ഇനി മേലാൽ സ്പീഡിൽ വണ്ടി ഓടിച്ചേക്കരുത്. പറഞ്ഞേക്കാം.

ഓഹ് ആയിക്കോട്ടെ.. ചിരിച്ചു കൊണ്ട് അവർ നടക്കുമ്പോൾ ഒരു കൊടുങ്കാറ്റ് ഒഴിഞ്ഞ പ്രതീതി ആയിരുന്നു ബാലുവിന്.

രചന : Anil Mathew Kadumbisseril

Please follow and like us:
20