ചതിയുടെ ഒടുവില്‍

രചന : Samuel George

“ദേവാ, നിന്റെ ഭാര്യ നിന്നെ ചതിക്കുകയാണ്. ഇനിയും ഞാനത് പറഞ്ഞില്ലെങ്കില്‍, ഒരു പക്ഷെ നിനക്ക് നിന്റെ ജീവന്‍ തന്നെ നഷ്ടപ്പെട്ടെന്നിരിക്കും” ബാലന്റെ നാവില്‍ നിന്നും വീണ വാക്കുകള്‍ ദേവനെ ഞെട്ടിക്കുകയല്ല ചെയ്തത്, അതവനെ കോപാന്ധനാക്കിക്കളഞ്ഞു.

“വൃത്തികെട്ട നായെ, എന്റെ വര്‍ഷയെപ്പറ്റി അനാവശ്യം പറഞ്ഞാല്‍, നിന്റെ നാവ് ഞാന്‍ പിഴുതെടുക്കും.” ബാലന്റെ ഷര്‍ട്ടിനു കൂട്ടിപ്പിടിച്ച് ദേവന്‍ അലറി.

“ഏയ്‌ ദേവാ, കൂള്‍ ഡൌണ്‍; അയലത്തുകാര്‍ കേള്‍ക്കും. നീ ശാന്തനാക്..പ്ലീസ്” ബാലന്‍ മെല്ലെ അവന്റെ കൈകള്‍ വിടുവിപ്പിച്ച് അവനെ തിരികെ കസേരയില്‍ ഇരുത്തി.

“ഉം, ഇത് കുടിക്ക്; നിന്റെ മനസ്സൊന്നു തണുക്കട്ടെ” ഒഴിച്ച് വച്ചിരുന്ന മദ്യം ദേവന്റെ കൈകളില്‍ കൊടുത്തിട്ട് ബാലന്‍ പറഞ്ഞു.

“വേണ്ടടാ, നിന്റെ ഒരു സല്‍ക്കാരോം എനിക്ക് വേണ്ട. എന്നെ ജീവനുതുല്യം സ്നേഹിക്കുന്ന, മോന്‍ നഷ്ടമായ കടുത്ത ദുഖത്തില്‍ വെന്തുരുകുന്ന എന്റെ വര്‍ഷയെപ്പറ്റി ഇങ്ങനെ പറയാന്‍ നിനക്കെങ്ങനെ തോന്നി? നീ..നീയൊരു സുഹൃത്താണോടാ നാറീ” ദേവന്‍ ഏറെക്കുറെ കരയുന്ന മട്ടിലായിരുന്നു അത് പറഞ്ഞത്.

ബാലന്‍ മദ്യം മേശപ്പുറത്ത് തന്നെ വച്ചിട്ട് അവനെ സഹതാപത്തോടെ നോക്കിക്കൊണ്ട്‌ പിന്നിലേക്ക് ചാരി. അല്‍പനേരത്തേക്ക് ഇരുവരും ഒന്നും സംസാരിച്ചില്ല. ബാലന്‍ കാത്തിരുന്നു; മൌനിയായി. അവസാനം ദേവന്‍ കേള്‍ക്കാന്‍ തയാറുള്ള ഒരു അവസ്ഥയില്‍ എത്തി എന്ന് തോന്നിയപ്പോള്‍ അവന്‍ പറയാന്‍ തുടങ്ങി:

“ദേവാ, നിന്നോട് പണ്ടേ ഞാന്‍ ചിലത് പറഞ്ഞിരുന്നു. ചില സൂചനകള്‍ തന്നിരുന്നു; പക്ഷെ അന്നൊന്നും എന്റെ പക്കല്‍ നിന്നെ ബോധ്യപ്പെടുത്താന്‍ തക്ക തെളിവുകള്‍ ഉണ്ടായിരുന്നില്ല. ഞാന്‍ എന്തെങ്കിലും നിന്നോട് പറയുകയും നീ അത് അവളോട്‌ ചോദിക്കുകയും ചെയ്താല്‍, ഒരു കഥ മെനഞ്ഞ് നിന്നെ വിശ്വസിപ്പിക്കാന്‍ അവള്‍ക്ക് നിസ്സാരമായി സാധിക്കും. പ്രത്യേകിച്ചും നീയവളെ നിന്നെക്കാള്‍ ഏറെ സ്നേഹിക്കുന്ന ഭര്‍ത്താവ് കൂടി ആയ സ്ഥിതിക്ക്. പക്ഷെ ഇപ്പോള്‍ എന്റെ അഭ്യൂഹങ്ങള്‍ മൊത്തം സത്യമായിരുന്നു എന്നെനിക്ക് ബോധ്യമായിരിക്കുന്നു. ഇനി അവളുടെ അടുത്ത ലക്‌ഷ്യം നീയായിരിക്കും. അതുകൊണ്ടാണ് ഇപ്പോള്‍ രണ്ടും കല്‍പ്പിച്ചു ഞാനിതു പറയുന്നത്” വളരെ സാവകാശമാണ് ബാലന്‍ സംസാരിച്ചത്; ദേവന്റെ മനസ്സ് മുറിപ്പെടരുത് എന്ന ചിന്തയോടെ. ദേവന്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടിക്കൊണ്ട് ഇങ്ങനെ പറഞ്ഞു:

“നീ കള്ളം പറയല്ലേ ബാലാ; നിനക്ക് അവളോട്‌ വല്ല മോഹവും ഉണ്ടെങ്കില്‍ അതിനിങ്ങനെ പക പോക്കരുത്”

ബാലന്റെ കണ്ണുകളിലേക്ക് കോപം ഇരച്ചുകയറി. അത് ഒരു അഗ്നിപര്‍വ്വതം പോലെ പൊട്ടിത്തെറിച്ച് വാക്കുകളെന്ന ലാവയായി അവനില്‍ നിന്നും പ്രവഹിച്ചു.

“ഭ നായിന്റെ മോനെ; എന്താടാ നീ എന്നെക്കുറിച്ച് കരുതിയത്? നിന്റെ ആ കൂത്തിച്ചിക്ക് ലേശം തൊലിവെളുപ്പ്‌ ഉള്ളതുകൊണ്ട് അവളെ മോഹിച്ചു നടക്കുന്ന ഒരു ഞരമ്പ് രോഗിയാണ്‌ ഞാനെന്നോ? ഇനി നീ അങ്ങനെ വല്ലതും പറഞ്ഞാല്‍, അടിച്ചു നിന്റെ പല്ല് ഞാന്‍ കൊഴിക്കും. ഇല്ലടാ, നിന്നോടിനി ഒരു കോപ്പും ഞാന്‍ പറയുന്നില്ല. ഇറങ്ങിപ്പോടാ നായെ എന്റെ കണ്മുന്നില്‍ നിന്നും. വെറുതെയല്ലടാ നിന്റെ ജീവിതം ഇങ്ങനെയായത്; ആണും പെണ്ണും കെട്ടവനെ” ബാലന്‍ കത്തിജ്വലിക്കുകയായിരുന്നു.

“സോറി ബാലാ, അവളെപ്പറ്റി ആരെങ്കിലും മോശമായി പറയുന്നത് എനിക്ക് സഹിക്കില്ല. എനിക്കവളെ നന്നായി അറിയാമെടാ. നീ കരുതുന്നത് പോലെ ഒന്നുമില്ല..ഒന്നും” ദേവന്‍ ദൈന്യതയോടെ പറഞ്ഞു.

ബാലന്‍ ഗ്ലാസില്‍ ബാക്കി ഉണ്ടായിരുന്ന മദ്യം ഒറ്റ വലിക്ക് കുടിച്ചിട്ട് എഴുന്നേറ്റ് മുറിയില്‍ ഉലാത്തി. നുരഞ്ഞുപൊന്തിക്കൊണ്ടിരുന്ന കോപമടക്കാന്‍ അവന് നന്നേ അധ്വാനിക്കേണ്ടി വരുന്നുണ്ടായിരുന്നു. അവസാനം മനസ്സ് ഏറെക്കുറെ മെരുങ്ങിയെന്നു കണ്ടപ്പോള്‍, അവന്‍ തിരികെ ചെന്നിരുന്നു.

“ദേവാ, നീ ഇവിടല്ല, ഗള്‍ഫിലാണ് ജീവിക്കുന്നത്. അതുകൊണ്ട് എന്താണ് ഇവിടെ നടക്കുന്നത് എന്ന് നിനക്കറിയില്ല. ഞാന്‍ നിന്നോട് പറഞ്ഞാല്‍ നീയത് വിശ്വസിക്കാനും പോകുന്നില്ല. സ്വന്തം മകന്‍ ദാരുണമായി മരിച്ചതിന്റെ ദുഖത്തില്‍ കഴിയുന്ന, ഏഴു ദിനങ്ങള്‍ കഴിഞ്ഞാല്‍ തിരികെ പോകാനിരിക്കുന്ന നിന്നോട് പിന്നീട് പറയാന്‍ സാധിച്ചില്ലെങ്കിലോ എന്ന് കരുതിയാണ് ഇങ്ങോട്ട് വിളിച്ചത്. പക്ഷെ നിനക്ക് അവളോടുള്ള വിശ്വാസം അത് ലോകത്താര്‍ക്കും തകര്‍ക്കാന്‍ സാധിക്കില്ല എന്നെനിക്കിപ്പോള്‍ മനസിലാകുന്നു. അതുകൊണ്ട്, നീ നേരില്‍ അറിയുക; അതിനു നീ എന്ത് ചെയ്യണം എന്ന് ഞാന്‍ തന്നെ പറഞ്ഞു തരാം”

പോകാന്‍ നിശ്ചയിച്ച ദിവസത്തിനും ഒരാഴ്ച മുന്‍പേ തനിക്ക് പോകണം എന്ന് ദേവന്‍ വര്‍ഷയോട് പറഞ്ഞു. അത്യാവശ്യമായി തിരികെ ചെല്ലാന്‍ കമ്പനിയില്‍ നിന്നും ഫോണ്‍ വന്നു എന്നാണ് അതിന്റെ കാരണമായി അവന്‍ പറഞ്ഞത്. പക്ഷെ ഗള്‍ഫിലേക്കല്ല, നഗരത്തില്‍ ബുക്ക് ചെയ്തിട്ടിരുന്ന ഹോട്ടലിലേക്കായിരുന്നു അവന്‍ പോയത്. ബാലന്‍ പറഞ്ഞ പ്രകാരം; മനസ്സില്ലാമനസ്സോടെയായിരുന്നെങ്കിലും.

ഹോട്ടല്‍ മുറിയില്‍ തനിച്ചിരിക്കുമ്പോള്‍ ദേവന്‍ അസ്വസ്ഥനായിരുന്നു. ജീവന്റെ ജീവനായി താന്‍ സ്നേഹിക്കുന്ന വര്‍ഷയെ സംശയിച്ചാണ് ഈ നാടകം അരങ്ങേറിയിരിക്കുന്നത്. തന്റെ മനോഭാവം കാരണം ബാലന്‍ ഒന്നുംതന്നെ വിട്ടു പറഞ്ഞിട്ടില്ല; എല്ലാം നേരില്‍ കാണാനാണ് അവന്‍ പറഞ്ഞിരിക്കുന്നത്. ഈശ്വരാ, അവന്‍ ഉദ്ദേശിക്കുന്നതും താന്‍ ഭയക്കുന്നതുമായ കാര്യങ്ങള്‍ ഒരിക്കലും സംഭവിക്കല്ലേ! വര്‍ഷ! അവള്‍ക്ക് വേണ്ടിയാണ് താന്‍ ജീവിക്കുന്നത്. അവള്‍ക്കും മോനും വേണ്ടിയായിരുന്ന ജീവിതത്തില്‍ നിന്നും മോന്‍, അതിദാരുണമായ ഒരപകടത്തില്‍ വര്‍ഷയുടെ കണ്മുന്നില്‍ വച്ച് മരിച്ചിട്ട് ഇന്നേക്ക് ഒന്നര മാസങ്ങള്‍ ആയിരിക്കുന്നു. കഴിഞ്ഞതവണ വന്നപ്പോള്‍, പോകാന്‍ നേരം തന്നെ കെട്ടിപ്പിടിച്ച് ചുംബിച്ചു യാത്രയാക്കിയ അവനെ വീണ്ടും കാണുന്നത് ചേതനയറ്റ ചതഞ്ഞരഞ്ഞ ശരീരമായിട്ടായിരുന്നു. അതിന്റെ ഞെട്ടലില്‍ നിന്നും മുക്തി ലഭിക്കുന്നതിനും മുന്നേയാണ്‌ ബാലന്‍ തന്റെ മനസ്സിലേക്ക് വര്‍ഷയെപ്പറ്റി സംശയത്തിന്റെ കനലുകള്‍ വിതറിയിരിക്കുന്നത്. അവള്‍ തന്നെ ചതിക്കുന്നുണ്ടത്രേ! ഇല്ല, ഒരിക്കലുമില്ല. അവളുടെ എല്ലാ ആവശ്യങ്ങളും ഒന്നൊഴിയാതെ നിറവേറ്റുന്ന തന്നോട് അവളിതുവരെ ഒന്ന് മുഖം ചുളിച്ചു കാണിച്ചിട്ട് കൂടിയില്ല. അത്രയധികം അവള്‍ തന്നെ സ്നേഹിക്കുന്നു. എങ്കിലും ഏറ്റവും അടുത്ത സുഹൃത്ത് ഇത്ര ആധികാരികമായി പറയുമ്പോള്‍..

മൊബൈല്‍ ശബ്ദിച്ചപ്പോള്‍ ദേവന്‍ വേഗം ചെന്നു നോക്കി. വര്‍ഷയാണ്.

“ഹായ് മോളൂ” അവളോടുള്ള ദേവന്റെ എല്ലാ സ്നേഹവും ആ വിളിയില്‍ പ്രതിഫലിച്ചിരുന്നു.

“ഫ്ലൈറ്റ് സമയത്ത് തന്നെയാണോ ദേവേട്ടാ”

“അതെ മോളെ; ഞാന്‍ കയറി. ഇനി ഇരുപതു മിനിറ്റ് കൂടിയുണ്ട് ടേക്ക് ഓഫിന്” കള്ളം പറയുന്നതിന്റെ അസ്വസ്ഥത ദേവന്റെ മുഖത്ത് പ്രകടമായിരുന്നു.

“ദേവേട്ടന് അപ്രതീക്ഷിതമായി ഇത്ര പെട്ടെന്ന് പോകേണ്ടി വന്നത്..ഞാനിനി ഇവിടെ തനിച്ച്..എന്നെ തനിച്ചാക്കി നമ്മുടെ മോനും……” വര്‍ഷ വിതുമ്പി. ദേവന് ഹൃദയത്തില്‍ ആരോ സൂചി കൊണ്ട് കുത്തുന്നത് പോലെ തോന്നി. ഈ നിഷ്കളങ്ക സ്നേഹതെയാണോ ഈശ്വരാ ഞാന്‍ സംശയിക്കുന്നത്. എല്ലാം പറയാന്‍ അവന്റെ നാവ് പൊന്തിയതാണ്; പക്ഷെ എങ്ങനെയോ അവനത് തടഞ്ഞു.

“കരയാതെ മോളെ; വിധിയെ നമുക്ക് ചെറുക്കാന്‍ പറ്റില്ലല്ലോ; ഞാന്‍ ചെന്നിട്ടു വിളിക്കാം”

“ശരി ദേവേട്ടാ”

ഫോണ്‍ വച്ചിട്ട് ദേവന്‍ കരഞ്ഞുകൊണ്ട് കട്ടിലിലേക്ക് വീണു. പാവം വര്‍ഷ! അവളിനി തനിച്ചെങ്ങനെ ജീവിക്കും? തന്റെ അമ്മയുടെ സ്വഭാവം നന്നായിരുന്നെങ്കില്‍ അവള്‍ക്ക് വീട്ടില്‍ നില്‍ക്കാന്‍ കഴിയുമായിരുന്നു. വീണ്ടും ഫോണ്‍ ശബ്ദിച്ചപ്പോള്‍ അവന്‍ നോക്കി. ബാലനാണ്. ദേവന്റെ ഞരമ്പുകള്‍ വലിഞ്ഞ് മുറുകി. അവന്‍ വിറയലോടെ ഫോണെടുത്ത് ചെവിയോട് ചേര്‍ത്തു.

“ദേവാ, നീ വാ. വരുന്ന വണ്ടി എന്റെ വീടിനു സമീപം നിര്‍ത്തണം. ഞാനവിടെ കാത്തു നില്‍പ്പുണ്ടാകും” ബാലന്റെ ശബ്ദം ദേവന്റെ കാതുകളില്‍ പതിഞ്ഞു.

“ബാലാ…” ദുര്‍ബ്ബലനെപ്പോലെ ദേവന്‍ വിളിച്ചു.

“നീ വാടാ” ബാലന്‍ ഫോണ്‍ വച്ചു.

ബാലന്റെ വീടിനുമുന്‍പില്‍ ടാക്സി നിര്‍ത്തി ഇറങ്ങി ദേവന്‍ വണ്ടി തിരിച്ചയച്ചു. അവനെയും കാത്ത് ബാലന്‍ അവിടെ നില്‍പ്പുണ്ടായിരുന്നു.

“എന്താ ബാലാ? എന്തുണ്ടായി?” അങ്കലാപ്പോടെ ദേവന്‍ ചോദിച്ചു.

“നീ മിണ്ടാതെ വാ”

ബാലന്‍ അവനെയും കൂട്ടി നടന്നു. സ്വന്തം വീട്ടിലേക്ക് ഒരു കള്ളനെപ്പോലെ പോകേണ്ടി വരുന്നതില്‍ ദേവന് അതിയായ മാനസിക പിരിമുറുക്കം ഉണ്ടായിരുന്നു. താന്‍ മറ്റാരുടെയോ വീട്ടിലേക്ക് അതിക്രമിച്ചു കടക്കുകയാണ് എന്നവന് തോന്നി വീട്ടുമുറ്റത്തേക്ക് പ്രവേശിച്ചപ്പോള്‍.

“നോക്ക്, ആ സ്കൂട്ടര്‍ കണ്ടോ”

ആരും കാണാത്ത രീതിയില്‍ വീടിന്റെ വശത്ത്‌ ഭിത്തിയോട് ചാരി വച്ചിരുന്ന സ്കൂട്ടറിലേക്ക് ചൂണ്ടി ബാലന്‍ മന്ത്രിച്ചു. ദേവന്‍ അതിലേക്ക് നോക്കി. മനസ്സില്‍ ഒരു കടല്‍ ഇരമ്പുന്നത് അവനറിഞ്ഞു. അഗാധതകളില്‍ ഉളവായ ഭൂകമ്പം ശക്തമായ ഇളക്കത്തോടെ ജലത്തെ മുകളിലേക്ക് തള്ളുന്നു; അതൊരു സുനാമിയുടെ പ്രാരംഭമാണ്. ദേവന്‍ ഇരുട്ടില്‍ ബാലനെ നോക്കി.

“വാടാ..”

ബാലന്‍ അവനെയും കൂട്ടി നടന്നു. സ്വന്തം ബെഡ്റൂമിന്റെ പുറത്ത്, അതിന്റെ അടച്ചിട്ട ജനലഴികളിലൂടെ വരുന്ന വെളിച്ചത്തിന്റെ വീചികളില്‍ നിന്നും മറഞ്ഞ് അവര്‍ നിന്നു. ദേവന്റെ കാതുകള്‍ ജനലിനോട്‌ ചേര്‍ന്നു. ഉള്ളില്‍ കട്ടില്‍ ഞെരിയുന്ന ശബ്ദം. ശക്തമായ സീല്‍ക്കാരങ്ങള്‍; വര്‍ഷയുടെ, വര്‍ഷയുടെ സുഖരോദനം! തളര്‍ന്നു വീഴാന്‍ പോയ ദേവനെ ബാലന്‍ താങ്ങി. എല്ലാം തകര്‍ന്നവനെപ്പോലെ ആ ഇരുട്ടില്‍ ദേവന്‍ അവനെ നോക്കി. അല്‍പ്പം കഴിഞ്ഞപ്പോള്‍ ഉള്ളിലെ ശബ്ദങ്ങള്‍ നിലച്ചു. ഫാനിന്റെ ശബ്ദം മാത്രം കേള്‍ക്കാം.

“ഹോ എന്നെ കൊന്നുകളഞ്ഞു. എന്ത് ആക്രാന്തമാ ഇത്” ചിരിയുടെ അകമ്പടിയോടെയുള്ള വര്‍ഷയുടെ കൊഞ്ചല്‍.

“ഒന്നര മാസം കാത്തിരുന്നതിന്റെ പാട് നിനക്കറിയോടീ ചക്കരെ”

“ഹോ, അടുത്തയാഴ്ച പോകാനിരുന്നതാ. എന്തായാലും ആ കമ്പനിക്കാര്‍ നമ്മളെ സഹായിച്ചു” ഉന്മാദിനിയെപ്പോലെ ചിരിക്കുന്ന വര്‍ഷ.

തകര്‍ന്നു തരിപ്പണമായിപ്പോയിരുന്ന ദേവനെ പകയുടെ തീനാമ്പുകള്‍ അടിമുടി വിഴുങ്ങി.

“എന്നെ വിടെടാ, അവളെ ഞാന്‍” കുതറാന്‍ ശ്രമിച്ച ദേവന്റെ വായ പൊത്തി ചലിക്കാന്‍ സാധിക്കാത്ത വിധത്തില്‍ ബാലന്‍ അവനെ പിടിച്ചു നിര്‍ത്തി.

“നീ ബുദ്ധിമോശം കാണിക്കരുത്. അടങ്ങി നില്‍ക്ക്..എന്ത് വേണമെന്ന് നമുക്ക് പിന്നെ ചിന്തിക്കാം” ബാലന്‍ മന്ത്രിച്ചു. ദേവന് ഒന്ന് പൊട്ടിക്കരയണം എന്നുണ്ടായിരുന്നു. ഇവളെയാണോ താനൊരു ദേവിയെപ്പോലെ മനസ്സില്‍ കൊണ്ടുനടന്ന് ആരാധിച്ചിരുന്നത്? ഈ യക്ഷിയെ?

“ആ പൊട്ടന് സംശയം വല്ലതും ഉണ്ടായോടീ?”

“എവിടെ? ഇതിന്റെ ബുദ്ധിയല്ലേ എല്ലാം. പത്തു തലയല്ലേ രാവണന്” വീണ്ടും അവളുടെ ചിരി.

“തല മാത്രമല്ല എനിക്ക് പത്തുള്ളത് എന്നറിയാമല്ലോ..”

“അയ്യോ അറിയാം എന്റെ പോന്നെ; ഈ കരുത്ത്, ഈ ബുദ്ധി, അതെനിക്കെന്നും വേണം”

“നമ്മള്‍ ഒരുമിക്കാന്‍ ഇനി ഒരു തടസ്സം മാത്രം ബാക്കി. അത് അവന്റെ അടുത്ത വരവോടെ നമുക്ക് തീര്‍ക്കാം; മോനെ തീര്‍ത്തതിനേക്കാള്‍ എളുപ്പം”

ദേവന്‍ ഞെട്ടിവിറച്ചു! എന്താണവന്‍ പറഞ്ഞത്? അപ്പോള്‍ ഇവര്‍ തന്റെ മോനെ?

“ചെറുക്കന്‍ വല്യ ശല്യമായിരുന്നു. ഇപ്പൊ എന്ത് സുഖം”

ദേവന് താങ്ങാന്‍ സാധിക്കുന്നതിനും മീതെ ആയിരുന്നു വര്‍ഷയുടെ ആ വാക്കുകള്‍. പൊട്ടിക്കരയാന്‍ തുടങ്ങിയ അവന്റെ വായ പൊത്തി, ബാലന്‍ പുറത്തേക്ക് നടന്നു. അവന്റെ കൈകളിലേക്ക് തളര്‍ന്നു കിടക്കുകയായിരുന്നു ദേവന്‍.

“ഇനി വാ. നമുക്ക് ഹോട്ടലിലേക്ക് പോകാം”

പുലരാറായ സമയത്ത്, ജാരനെ വാതില്‍ക്കല്‍ നിന്ന് കൈവീശി യാത്രയാക്കുന്ന വര്‍ഷയുടെ വീഡിയോ എടുത്ത ശേഷം ബാലന്‍ പറഞ്ഞു.

“ഇല്ല ബാലാ. അവളെ എനിക്ക് കൊല്ലണം. എന്നെ നീ വിട്. എന്നെ ചതിച്ച അവളോട്‌ ഞാന്‍ ക്ഷമിച്ചേനെ. പക്ഷെ കാമഭ്രാന്തിനു വേണ്ടി നൊന്തു പ്രസവിച്ച സ്വന്തം മോനെ കൊന്നുതള്ളിയ അവളോടു ക്ഷമിക്കാന്‍ എനിക്ക് പറ്റില്ല. കൊല്ലും ഞാനവളെ..എന്നെ വിട് നീ” ദേവന്‍ കുതറി.

“ദേവാ, നീ വാ; വരാന്‍” ബാലന്‍ പണിപ്പെട്ട് അവനെയും കൂട്ടി നടന്നു; ഇരുട്ടിലൂടെ.

“ഇപ്പോള്‍ നിനക്ക് വിശ്വാസമായല്ലോ? നിന്നെ അവള്‍ കുറെ ഏറെ നാളായി ചതിക്കുകയായിരുന്നു. നിന്റെ സ്നേഹവും വിശ്വാസവും മുതലെടുത്ത്‌ സ്വന്തം കാമഭ്രാന്ത്‌ തീര്‍ക്കാന്‍ അവള്‍ തിരഞ്ഞെടുത്ത അവന്‍ ഒരു ക്രിമിനല്‍ കൂടിയാണ്. അവരുടെ സുഖസമാഗമത്തിന് തടസ്സമായതാണ് മോനെ കൊല്ലാനുള്ള കാരണം. ഞാന്‍ പറഞ്ഞില്ലേ, അവരുടെ അടുത്ത ലക്ഷ്യം നീയാണ്. ഇതേപോലെ ഒരു അപകടത്തില്‍ നീയും കൊല്ലപ്പെടും. ദേവാ, നീ പോലീസില്‍ പരാതി നല്‍കുക. അവളെയും അവനെയും കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്യാനുള്ള തെളിവ് എന്റെ പക്കലുണ്ട്”

ഹോട്ടല്‍ മുറിയില്‍, രാവിലെ തന്നെ മദ്യം ചെലുത്തി ബോധം നഷ്ടപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരുന്ന ദേവനോട് ബാലന്‍ പറഞ്ഞു. ദേവന്‍ മറുപടി നല്‍കാതെ വീണ്ടും മദ്യം ഒഴിച്ചു.

“അവളെ കൊന്ന് നീ നിന്റെ ജീവിതം തുലയ്ക്കരുത്; വിവേകത്തോടെ ചിന്തിക്കുക”

ദേവന്‍ അതുകൂടി കുടിച്ച ശേഷം എഴുന്നേറ്റ് ചെന്നു പുറത്തേക്ക് നോക്കി. പക കത്തിജ്വലിക്കുകയയിരുന്ന അവന്റെ മനസ്സില്‍ കണക്കുകൂട്ടലുകള്‍ നടന്നു. അവന്‍ ഹരിക്കുകയും ഗുണിക്കുകയും കൂട്ടുകയും കുറയ്ക്കുകയും ചെയ്തു. തകര്‍ന്നുടഞ്ഞ ജീവിതത്തില്‍ ഇനിയുള്ള ഏകലക്ഷ്യം മനസ്സിലെരിയുന്ന അഗ്നിപര്‍വ്വതത്തെ ശാന്തമാക്കി സ്വയം കെട്ടടങ്ങുക എന്നത് മാത്രമാണ്. ഈ അഗ്നി പുറത്തേക്ക് ആളിക്കത്തി അതിന്റെ ലക്‌ഷ്യം പൂര്‍ത്തിയാക്കും!

“ബാലാ, നീ എന്റെ കൂടെ നില്‍ക്കണം. ഇവിടെ പോലീസും നിയമവും ഒന്നും എനിക്ക് വേണ്ട. ഇത് എന്റെ ജീവിതമാണ്‌. എന്റെ മോനാണ് ഒരു വലിയ ചതിക്ക് ഇരയായി ഇല്ലാതായത്. ചതിയുടെ ആള്‍രൂപമായ ആ നികൃഷ്ട സ്ത്രീയെ എന്താണ് ചെയ്യേണ്ടത് എന്നെനിക്ക് നല്ല രൂപമുണ്ട്. പക്ഷെ നീ എന്റെയൊപ്പം നില്‍ക്കണം. എനിക്കൊ നിനക്കോ ഒരാപത്തും ഇതുമൂലം ഉണ്ടാകില്ല”

തിരികെ കട്ടിലിലേക്ക് വന്നിരുന്ന ശേഷം ദേവന്‍ പറഞ്ഞു.

“എന്താണ് നിന്റെ മനസ്സില്‍?” ബാലന്‍ ആശങ്കയോടെ ചോദിച്ചു.

“പറയാം”

സന്ധ്യക്ക് തന്നെ മഴ ആരംഭിച്ചിരുന്നു. തുലാവര്‍ഷത്തിന്റെ ആരംഭമാണ്. ചക്രവാള സീമയില്‍ മിന്നല്‍പ്പിണരുകള്‍ പായുന്നത് നോക്കിക്കൊണ്ട്‌ ബാലനും ദേവനും കാറിലേക്ക് കയറി. അവരുടെ പിന്നിലായി പഴയ ഒരു സുമോയിലേക്ക് ആറോളം പേരും.

രാത്രി സ്വന്തം വീടിന്റെ മുന്‍പില്‍, അല്‍പ്പം മാറി കാര്‍ നിര്‍ത്തി ഇറങ്ങുമ്പോള്‍ മഴ തിമിര്‍ത്ത് പെയ്യുന്നുണ്ടായിരുന്നു; ഇടിമിന്നലുകളുടെ അകമ്പടിയോടെ. മഴക്കോട്ട് ധരിച്ച് ദേവനിറങ്ങി; ഒപ്പം ബാലനും. സുമോയില്‍ നിന്നും മൂന്നു കുടകള്‍ക്ക് കീഴിലായി ആറുപേരും പുറത്തിറങ്ങി അവരുടെ അരികിലെത്തി.

“നിങ്ങള്‍ ബാലന്റെ ഒപ്പം പിന്നാലെ വരിക. ഞാന്‍ ഉള്ളില്‍ക്കയറിയ ശേഷമേ നിങ്ങള്‍ കയറാവൂ; അഞ്ചു മിനിറ്റ് കഴിഞ്ഞ്” ദേവന്‍ നിര്‍ദ്ദേശം നല്‍കി. അവര്‍ ഇരുട്ടില്‍ പ്രേതങ്ങളെപ്പോലെ തലയാട്ടി.

ഭോഗാലസ്യത്തില്‍ കാമുകന്റെ നഗ്നമായ നെഞ്ചില്‍ അവന്റെ ചൂടുപറ്റി കിടക്കുകയായിരുന്ന വര്‍ഷ ഡോര്‍ബെല്ലിന്റെ ശബ്ദം കേട്ടു ഞെട്ടി. തോന്നലാണോ എന്ന് ശങ്കിച്ച് ഒരു നിമിഷം അവള്‍ ചെവിയോര്‍ത്തു. വീണ്ടും മണി മുഴങ്ങിയപ്പോള്‍ അവള്‍ വേഗം എഴുന്നേറ്റ് വസ്ത്രം ധരിച്ചു; ഒപ്പം അവനും.

പുറത്ത് മഴ സംഹാരതാണ്ഡവം ആടുകയാണ്.

“ആരാ ഈ അര്‍ദ്ധരാത്രി” ഭയാശങ്കകളോടെ അവള്‍ കാമുകനെ നോക്കി.

“നീ നില്‍ക്ക്. ഞാന്‍ തുറക്കാം കതക്” അവന്‍ പറഞ്ഞു.

“ബന്ധുക്കള്‍ ആരെങ്കിലും ആണെങ്കില്‍? വേണ്ട, ഞാന്‍ തന്നെ തുറക്കാം; നിങ്ങള്‍ കതകിന്റെ മറവില്‍ നിന്നാല്‍ മതി” അവള്‍ പറഞ്ഞു.

“ശരി” അവന്‍ കഠാര കൈയില്‍ പിടിച്ച് അവളുടെ പിന്നാലെ ചെന്നു വശത്തേക്ക് മാറി നിന്നു. ബെല്‍ തുടരെത്തുടരെ ശബ്ദിക്കുകയാണ്. തുറന്നോളാന്‍ അവന്‍ ആംഗ്യം കാട്ടിയപ്പോള്‍ വര്‍ഷയുടെ വിരലുകള്‍ കതകിന്റെ കൊളുത്തുകള്‍ നീക്കി. സ്വീകരണ മുറിയിലെ ലൈറ്റിന്റെ വെളിച്ചത്തില്‍, പടികളില്‍ മഴക്കോട്ട് ധരിച്ചു നില്‍ക്കുന്ന ദേവനെ കണ്ട അവളുടെ കണ്ണുകള്‍, ഒരു പ്രേതത്തെ കണ്ടാലെന്നപോലെ പുറത്തേക്ക് തുറിച്ചു.

“ദേവേട്ടനോ…” വിറയലോടെ അവളുടെ ചുണ്ടുകള്‍ മന്ത്രിച്ചു; ഞെട്ടിത്തരിച്ചുപോയ അവളുടെ കാമുകന്‍ കരുതലോടെ കത്തിയിലെ പിടി മുറുക്കി.

“തീരെ പ്രതീക്ഷിച്ചില്ല അല്ലെ?” ദേവന്‍ മന്ദഹസിച്ചു. പുറത്ത് ഒരു മിന്നല്‍ സര്‍പ്പത്തെപ്പോലെ വെട്ടിപ്പുളഞ്ഞു.

പെട്ടെന്ന് വര്‍ഷ കതക് വലിച്ചടച്ചു; പക്ഷെ അത് പ്രതീക്ഷിച്ചുതന്നെ നിന്നിരുന്ന ദേവന്‍ അവളെക്കാള്‍ വേഗത്തില്‍ പ്രവര്‍ത്തിച്ചു കഴിഞ്ഞിരുന്നു. കതക് ശക്തമായി തള്ളി അവന്‍ ഉള്ളിലേക്ക് കയറി. വര്‍ഷയുടെ കണ്ണുകളില്‍ നിന്നും അഗ്നിസ്ഫുലിംഗങ്ങള്‍ ചിതറി. ഒരു രക്തയക്ഷിയുടെ ഭാവാഹാദികളോടെ അവള്‍ നിന്നു കിതച്ചു.

“അപ്പൊ നിങ്ങളെല്ലാം അറിഞ്ഞു അല്ലെ” ഒരു വന്യമൃഗത്തെപ്പോലെ അവള്‍ മുരണ്ടു.

“അതേടീ പിശാചേ; ഞാനെല്ലാം അറിഞ്ഞു; എല്ലാം. എന്നാലും നൊന്തുപെറ്റ സ്വന്തം കുഞ്ഞിനെ കൊല്ലാന്‍ നിനക്കെങ്ങനെ തോന്നിയെടി…അവനെ നിനക്ക് വെറുതെ വിട്ടൂടായിരുന്നോ?”

ദേവന്‍ മകന്റെ ഓര്‍മ്മയില്‍ പതറിയ ആ ഒരൊറ്റ സെക്കന്റ് മതിയായിരുന്നു വര്‍ഷയ്ക്ക്. അവള്‍ കാമുകന്റെ കൈയില്‍ നിന്നും കത്തി തട്ടിപ്പറിച്ച് ദേവന്റെ നെഞ്ച് ലക്ഷ്യമാക്കി ആഞ്ഞുകുത്തി. ആ കുത്ത് പക്ഷെ ദേവന്‍ പ്രതീക്ഷിച്ചതായിരുന്നു. ഒഴിഞ്ഞുമാറി അവളുടെ കൈയ്ക്ക് പിടിച്ച അവന്റെ കാല്‍ അവളുടെ ജാരന്റെ നെഞ്ചത്ത് തന്നെ പതിഞ്ഞു. അപ്പോഴേക്കും ബാലനും ബാക്കി ആറുപേരും ഉള്ളിലേക്ക് ഇരച്ചുകയറി കതക് ഉള്ളില്‍ നിന്നും പൂട്ടി. കുതറി ആക്രമിക്കാന്‍ ശ്രമിച്ച ജാരനെ അവര്‍ പിടികൂടി കൈകള്‍ കൂട്ടിക്കെട്ടി കസേരയോട് ചേര്‍ത്ത് ബന്ധിച്ചിട്ട് അവന്റെ വായിലേക്ക് തുണി കുത്തിത്തിരുകി.

വര്‍ഷ ദേവന്റെ പിടി വിടുവിക്കാന്‍ കിണഞ്ഞു പരിശ്രമിച്ചു.

“നീയാണ് ഉത്തമയായ ഭാര്യ. സ്വന്തം കാമസുഖത്തിനു വേണ്ടി, നിന്റെ മൃഗീയ തൃഷ്ണ തീര്‍ക്കാന്‍ വേണ്ടി നിനക്ക് വേണ്ടി മാത്രം, നിന്റെ ഓര്‍മ്മയില്‍ ആനന്ദം കണ്ടെത്തി എല്ലാം നിനക്ക് സമര്‍പ്പിച്ചു ജീവിച്ച എന്നെ, നീ എത്ര നിസ്സാരമായിട്ടാണ് വഞ്ചിച്ചത്? ഞാനത് ക്ഷമിക്കുമായിരുന്നു; നിന്നെ ഇവന്റെയോപ്പം ജീവിക്കാന്‍ ഞാന്‍ വിട്ടേനെ. പക്ഷെ നീയെന്റെ കുഞ്ഞിനെ കൊന്നു; നിന്റെ ഉദരത്തില്‍ നിന്നും ജനിച്ച സ്വന്തം മോന്റെ മാംസം നീ തിന്നു; അവന്റെ രക്തം നീ കുടിച്ചു; നിന്റെ തൃഷ്ണ ശമിപ്പിക്കാന്‍ വേണ്ടി”

കിതച്ചുകൊണ്ട് അത്രയും പറഞ്ഞിട്ട് ദേവന്‍ അവളെ വിട്ടു.

“നിന്റെ തൃഷ്ണ ഇന്ന് തീരും. കാമം, അതല്ലേ നിന്നെക്കൊണ്ട് ഇതെല്ലാം ചെയ്യിച്ചത്. ഇന്ന് നിനക്ക് മതിവരുവോളം സുഖിക്കാം; അതോടെ നിന്റെ കാമഭ്രാന്ത്‌ തീരും; തീര്‍ക്കും ഇവര്‍”

ദേവന്‍ ആ ആറുപേരെ നോക്കി.

“ഇവള്‍ നിങ്ങളുടേതാണ്. ഇവന്റെ മുന്‍പില്‍ വച്ച് ഇവളെ നിങ്ങള്‍ പിച്ചി ചീന്തണം; ഇവള്‍ക്ക് മതിവരുവോളം” പല്ല് ഞെരിച്ചുകൊണ്ട് അവന്‍ പറഞ്ഞു.

“വാടാ ബാലാ, നമുക്ക് പോകാം” ദേവന്‍ ബാലന്റെ കൈയില്‍ പിടിച്ച് പുറത്തേക്ക് ഇറങ്ങി. അവര്‍ക്ക് പിന്നില്‍ കതകു വലിഞ്ഞടഞ്ഞു.

ഭയന്ന് വിറച്ചു നിന്ന വര്‍ഷയുടെ മേലേക്ക് വിശന്നുവലഞ്ഞ വന്യമൃഗങ്ങളെപ്പോലെ അവര്‍ ചാടി വീണു; അവളെ ഒന്ന് ശബ്ദിക്കാന്‍ പോലും അനുവദിക്കാതെ.

അടുത്ത ദിവസം പ്രഭാതത്തില്‍, അകലെ, ആളൊഴിഞ്ഞ റെയില്‍വേ ക്രോസ്സില്‍ സ്കൂട്ടര്‍ യാത്രികരായ ഒരു യുവാവിന്റെയും യുവതിയുടെയും ശരീരങ്ങള്‍ തിരിച്ചറിയാനാകാത്തവിധം ചിന്നിച്ചിതറി കിടപ്പുണ്ടായിരുന്നു..നിരവധി ട്രെയിനുകള്‍ കയറിയിറങ്ങിയ നിലയില്‍ ..

“ദുബായിലേക്ക് പോകേണ്ട യാത്രക്കാര്‍ ഗേറ്റ് രണ്ടിലൂടെ വിമാനത്തിലേക്ക് പ്രവേശിക്കേണ്ടതാണ്..” അങ്ങകലെ എയര്‍പോര്‍ട്ടില്‍ അനൌണ്സ്മെന്റ് മുഴങ്ങിയപ്പോള്‍ ദേവന്‍ മെല്ലെ ബാഗുമായി എഴുന്നേറ്റു..

Please follow and like us:
20