മിക്കവാറും ഇന്നിവിടെ ഒരു യുദ്ധം നടക്കും,ആഹാ അടിപൊളി അമ്മായി അമ്മയും നാത്തൂനും ഒരു വശത്ത് മരുമോള് മറുവശത്ത്…

രചന : M Varun Das

വിവാഹം കഴിഞ്ഞതിന്റെ മൂന്നാം ദിവസം പറമ്പിലൂടെ ഇഴഞ്ഞു പോയ തടിയൻ മഞ്ഞച്ചേരയുടെ പിന്നാലെ ഓടിയ ചേട്ടന്റെ ഭാര്യയെ കണ്ട് വീട്ടുകാർ ഞെട്ടി.
ചേട്ടത്തിയാകട്ടെ ഒരു അഭ്യാസിയെ പോലെ അതിനെ ഓടിച്ചിട്ടു പിടിച്ചു,എന്നിട്ട് വായുവിൽ നാലഞ്ച് തവണ കറക്കി,പിന്നെ തലഭാഗം നിലത്തേക്ക് രണ്ടടിയും അടിച്ചു .
ചേര ഫ്ലാറ്റ്…
ഇതൊക്കെ കണ്ട് വായും പൊളിച്ചു നിൽക്കുകയാണ് അമ്മയും പെങ്ങളും.
ഞാനാകട്ടെ അടുത്തത് ഇതിനെ ചുട്ടു തിന്നുന്നത് കാണാമല്ലോ എന്നോർത്ത് രസം പിടിച്ച് നിൽക്കുവാണ്.
മിക്കവാറും ഇന്നിവിടെ ഒരു യുദ്ധം നടക്കും,ആഹാ അടിപൊളി അമ്മായി അമ്മയും നാത്തൂനും ഒരു വശത്ത് മരുമോള് മറുവശത്ത്…
ഇവർക്കിടയിൽ ചേട്ടനും…
ഒരു ഇൻഡോ-ഫിലിപ്പിനോ വാർ…

ഞെട്ടണ്ട,മനിലയിലെ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അമേരിക്കയിൽ നിന്ന് ഗവേഷണത്തിന് പോയതാണ് കഥാനായകൻ അവിനാഷ്. അതായത് എന്റെ ചേട്ടൻ.
ഇവൻ കൂടെ റിസേർച്ച് ചെയ്യാൻ വന്ന ഫിലിപൈനിയുമായി ലൈൻ ആയി.
ഏതാണ്ട് ഒരു വർഷത്തോളം ഇരുവരും റിസർച് നടത്തി.
പ്രണയം പൂത്തുലഞ്ഞു…
നാട്ടിൽ വരുമ്പോൾ വീട്ടുകാരോട് സംസാരിക്കാൻ വേണ്ടി അവൻ അവളെ അത്യാവശ്യം മലയാളം ഒക്കെ പഠിപ്പിച്ചു.
ഫിലിപൈനിയെ കെട്ടാൻ പറ്റില്ലെന്ന് അച്ഛനും അമ്മയും തറപ്പിച്ച് പറഞ്ഞു.
പക്ഷെ അവൻ കരഞ്ഞു കാലു പിടിച്ചു, അവളെ അല്ലാതെ വേറെ ആരെയും കെട്ടില്ല എന്ന അവന്റെ വാക്കിൽ വീട്ടുകാർ സമ്മതം മൂളി.
അങ്ങനെ വിവാഹം നടന്നു.

◆◆◆◆◆
‘അമ്മ പറഞ്ഞതനുസരിച്ച് പെങ്ങൾ പോയി ഉച്ചമയക്കത്തിലായിരുന്ന ചേട്ടനെ വിളിച്ചോണ്ട് വന്നു .
അവൻ താഴെയെത്തിയപ്പോൾ കണ്ടത് ചത്ത മഞ്ഞച്ചേരയെയും കയ്യിൽ പിടിച്ചുകൊണ്ട് നിൽക്കുന്ന ഭാര്യയെ ആണ്.
ഓ ഡിയർ വാട്ട് ഇസ് ദിസ് ?
അവൻ അമ്മയെ പാളി നോക്കിക്കൊണ്ട് അവളോട് ചോദിച്ചു.
ഓ ഹണി ഇവൻ തടിയനാണ്,നമുക്ക് എല്ലാവർക്കും കഴിക്കാൻ ഉള്ളതുണ്ട്.
അവൾ ചേരയെ ഉയർത്തിപ്പിടിച്ചു കൊണ്ട് പറഞ്ഞു …

അമ്മാ ക്യാൻ ഐ കുക് ഇറ്റ് ഇൻ ദി കിച്ചൻ ?
അവൾ അമ്മയോട് ചോദിച്ചു.
പ്ഫാ ‘അമ്മ അലറി.
കണ്ട പാമ്പിനെയും പുഴുവിനെയും മനുഷ്യർക്ക് വെച്ചുണ്ടാക്കുന്ന അടുക്കളയിൽ ഇട്ട് തന്നെ നിനക്ക് വേവിക്കണം അല്ലിയോടി?

സീ അമ്മാ ദിസ് ഇസ് ഫ്രഷ് മീറ്റ്,വെരി ഡെലീഷ്യസ് …അവൾ അമ്മയ്ക്ക് പാമ്പിൻ മാംസത്തെ പറ്റിയുള്ള ക്ലാസ് എടുക്കാൻ തുടങ്ങി.
അറിയാവുന്ന മലയാളത്തിൽ പറഞ്ഞാൽ മതി ‘അമ്മ അവളോട് ആജ്ഞാപിച്ചു.

ടാ കണ്ട ഫിലിപൈനിയെ കെട്ടരുതെന്ന് നിന്നോട് പറഞ്ഞത് ഇതുകൊണ്ടൊക്കെയാ ‘അമ്മ അവനോട് തട്ടിക്കയറി.
പോട്ടെ അമ്മേ,ഈ ചേരയ്ക്കൊക്കെ അവിടെ നല്ല ഡിമാൻഡ് ആണ്.
ഇതിനവിടെ എത്ര രൂപ ആകുമെന്നറിയാമോ?
അവൻ അമ്മയോട് പറഞ്ഞു.
എന്താ നീയും തിന്നാറുണ്ടോ?
‘അമ്മ അവനോട് ചോദിച്ചു.
ഉം അവൻ കള്ളച്ചിരിയോടെ തലയാട്ടി,
ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുകഷ്ണം തിന്നണം എന്നല്ലേ?
അതുപോലെ ചെയ്തതാ, നല്ല രുചിയാ വേണമെങ്കിൽ നിങ്ങൾക്കെല്ലാർക്കും ടേസ്റ്റ് ചെയ്തു നോക്കാം അവൻ ഞങ്ങളോട് പറഞ്ഞു.
ഇതിന് ഞാൻ മറുപടി പറഞ്ഞാലേ അകത്തു കിടന്നുറങ്ങുന്ന നിന്റെ അച്ഛൻ തുമ്മും അതുകൊണ്ട് ഞാൻ പോകുന്നു…
ആ പിന്നെ ഭാര്യയും ഭർത്താവും കൂടി ആ പറമ്പിലെങ്ങാനും കൊണ്ടുപോയി ചുട്ട് തിന്ന്…വല്ല ഉപ്പോ മുളകോ വേണേൽ ഇവളോട് പറഞ്ഞാൽ മതി.അനിയത്തിയെ ചൂണ്ടിക്കാണിച്ചിട്ട് അമ്മ അകത്തേക്ക് പോയി.

അവർ പറഞ്ഞതനുസരിച്ച് ഉപ്പ്,നാരങ്ങ, ചുവന്ന മുളക്,ഇഞ്ചി,വെളുത്തുള്ളി എന്നിവ അനിയത്തി കൊണ്ടുക്കൊടുത്തു.

അതുമായി ചേട്ടൻ ചേരയുമായി പോകുന്ന ഭാര്യയെ അനുഗമിച്ചു.
ഞാൻ അവർ ചെയ്യുന്നതെന്താണെന്ന് കാണാൻ പിന്നാലെയും.

പറമ്പിന്റെ ഒരരുകിൽ അവർ വിറക് കൂട്ടിയിട്ട് കത്തിച്ചു.
കത്തി എടുത്ത് ചേരയുടെ തല മുറിച്ചു കളഞ്ഞു.
എന്നിട്ട് അതിന്റെ തോൽ ഉരിച്ചെടുത്തു.
പിന്നെ അതിനെ രണ്ടായി കീറി… എന്നിട്ട് പൈപ്പിന്റെ ചുവട്ടിൽ കൊണ്ടുപോയി കഴുകി എടുത്തു.
ശേഷം രണ്ടു കമ്പുകൾ ചേർത്തു വെച്ചു രണ്ടറ്റവും കൂട്ടി കെട്ടി.എന്നിട്ട് ഈ ചേരയെ ‘s’ ആകൃതിയില് അതിനിടയിൽ വെച്ച് അവർ ചുടാൻ തുടങ്ങി.
ഇതിനിടയിൽ അനിയത്തി കൊടുത്ത സാധനങ്ങൾ രണ്ടുപേരും കൂടി ഇടിച്ചു ചമ്മന്തി പരുവത്തിലാക്കി.
ഞാൻ അവരുടെ അടുത്തു പോയി നിന്നു.
തീക്കനലിൽ വെന്തു തുടങ്ങിയ ചേരമാംസത്തിന്റെ ഗന്ധം മൂക്കിലേക്കടിച്ചു.
ഹോ ഈ സാധനത്തിന് ഇത്രയും നല്ല ഗന്ധമോ?അപ്പോൾ കഴിക്കാനും നല്ല രുചി ആയിരിക്കും.
ഞാൻ ആലോചിച്ചു.
ഒടുവിൽ നല്ലപോലെ ചുടപ്പെട്ട ചേരയെ എടുത്ത് വാഴയിലയിലേക്ക് ഇട്ടു.
എന്നിട്ട് അവർ അതിനെ അടർത്തി തിന്നാൻ തുടങ്ങി.
നിനക്ക് വേണോ ?അവർ എന്നോട് ചോദിച്ചു.
വേണ്ടെന്ന് ഞാൻ തലയാട്ടി…
ആ ചമ്മന്തിയിൽ മുക്കി രണ്ടും കൂടെ ആസ്വദിച്ചു കഴിക്കുന്നു.
ഹോ നല്ല ടേസ്റ്റ് ആണെന്ന് തോന്നുന്നു…
ഓ എത്ര ആയാലും ചേര അല്ലേ ?

ഹോ വയറു നിറഞ്ഞു.രണ്ടാളും ഏമ്പക്കം വിട്ടെഴുന്നേറ്റു.
ബാക്കി എന്തു ചെയ്യും അവൾ ചേട്ടനോട് ചോദിച്ചു.
അത് നമുക്ക് റോക്കിക്ക് കൊടുക്കാം…അവൻ മറുപടി നൽകി.
ദൈവമേ പൊന്നുംവില കൊടുത്ത് ഞാൻ വാങ്ങിയ സൈബീരിയൻ ഹസ്‌കിയാണ് റോക്കി.
ചിക്കൻ ഇല്ലെങ്കിൽ ഓരിയിട്ട് രാത്രി എന്നെ പേടിപ്പിക്കുന്ന അവൻ ഇവരുടെ പരട്ട ചേരയെ തിന്നാനോ?
നല്ല കഥ…ഞാൻ മനസ്സിൽ ചിരിച്ചു.
അവൻ അകത്തുപോയി റോക്കിയുമായി വന്നു.
ഇന്നാ റോക്കീ അവൻ ചേരയുടെ ബാക്കിയുള്ള മാംസം അവന് നേരെ നീട്ടി…ഒന്ന് മണത്തു നോക്കിയ ശേഷം അവൻ എന്നെ ഞെട്ടിച്ചുകൊണ്ട് കറുമുറ കടിച്ചു തിന്നു.
ദൈവമേ ഇവനും ഇവരുടെ കൂടെ കൂടി വഷളായോ ഞാൻ മനസ്സിൽ പറഞ്ഞു.

പിന്നീടുള്ള ദിവസങ്ങളിൽ പറമ്പിലൂടെ ഇഴഞ്ഞു പോകുന്ന ചേരകളെ കണ്ടാൽ മണ്ണുവാരി ഇട്ട് ഞാൻ ഓടിച്ചുകളഞ്ഞു.

◆◆◆◆◆
അവധി കഴിഞ്ഞ് ഇന്നവർ തിരിച്ചുപോയി…
റോക്കിയോട് യാത്ര പറഞ്ഞപ്പോൾ അവൻ അവന്റെ ഭാഷയിൽ എന്തോ പറഞ്ഞു .അടുത്ത തവണ വരുമ്പോൾ ചേര ഫ്രൈ ഉണ്ടാക്കി കൊടുക്കണം എന്നാവും.

പോകാൻ നേരം അമ്മയെ കെട്ടിപ്പിടിച്ച് അവൾ ഒരുപാട് കരഞ്ഞു.
അവളുടെ അമ്മ അച്ഛനുമായി പിരിഞ്ഞ് വേറെ വിവാഹം കഴിച്ചു പോയതാണ്.അച്ഛന്റെ സംരക്ഷണതയിൽ വളർന്ന അവൾ ഒരു അമ്മയുടെ സ്നേഹം അറിഞ്ഞതും അനുഭവിച്ചതും അമ്മയിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ അമ്മയും കരഞ്ഞു.
ആ കാഴ്ച കണ്ടുനിന്ന ഞങ്ങളുടെ കണ്ണുകളും ഈറനണിഞ്ഞു.
അല്ലെങ്കിലും സ്നേഹത്തിന് ദേശാന്തരങ്ങൾ ഒരു വിഷയമല്ലല്ലോ.

എന്തായാലും ചേട്ടന്റെ ഭാവി സുരക്ഷിതമാണെന്ന് ഞങ്ങൾക്കുറപ്പുണ്ട്…ഒന്നും കിട്ടിയില്ലെകിൽ വല്ല പാമ്പിനെയോ പുഴുവിനെയോ എങ്കിലും അവൾ തല്ലിക്കൊന്ന് ചുട്ടുകൊടുത്തോളും.

(ശുഭം).

🔴Thanks for reading
വായിച്ചു കഴിഞ്ഞല്ലോ ഒരു ലൈകും കമന്റും ഇടാൻ മടിക്കേണ്ട…
സ്നേഹത്തോടെ
Varun മാവേലിക്കര

You may also like...

Leave a Reply

Your email address will not be published. Required fields are marked *