രണ്ടു മക്കള്‍

രചന : Samuel George

“മോനെ, നമ്മുടെ എബി ഒളിച്ചോടി…ജൂലിയുടെ കൂടെ”

ഞെട്ടിപ്പോയ ഞാന്‍പുതപ്പ് വലിച്ചെറിഞ്ഞു ചാടി എഴുന്നേറ്റ് അമ്മയെ നോക്കി. അതീവ ദുഖത്തോടെ വിതുമ്പി കരയുകയായിരുന്ന അമ്മ എന്നെ ആശ്വസിപ്പിക്കാന്‍വാക്കുകളില്ലാതെ പതറുന്നത് കണ്ടുകൊണ്ടു ഞാന്‍ പുറത്തേക്ക് ഓടിയിറങ്ങി. അവിടെ ചാച്ചന്‍ കൈയില്‍ ഒരു പേപ്പറും പിടിച്ച്, വിറയലോടെ ഇരിപ്പുണ്ടായിരുന്നു. ഞാനത് വാങ്ങി നിവര്‍ത്തി വായിച്ചു:

“ചാച്ചനും അമ്മയും അറിയാന്‍, ഞാന്‍പോകുകയാണ്. ജൂലിയും ഞാനും തമ്മില്‍ഇഷ്ടത്തിലാണ്; ഞങ്ങള്‍ക്ക് ഒരുമിച്ചു ജീവിക്കണം. സിബിയോട് എന്നോട് ക്ഷമിക്കാന്‍പറയുക”

കടലാസ് എന്റെ കൈകളില്‍നിന്നും താഴെ വീണു. ശരീരം തളര്‍ന്നു ഞാന്‍നിലത്തേക്കിരുന്നുപോയി. എന്റെ സ്വന്തം അനുജന്‍, എനിക്ക് വിവാഹനിശ്ചയം ചെയ്തിരുന്ന പെണ്ണിന്റെ ഒപ്പം ഒളിച്ചോടിയിരിക്കുന്നു. ഇന്നലെ വരെ എന്റെ മുന്‍പില്‍നിഷ്കളങ്കനായി അഭിനയിച്ച അവന്‍ഇത്ര വലിയ ചതിയനായിരുന്നു എന്നെനിക്ക് വിശ്വസിക്കാന്‍സാധിച്ചില്ല. അവനെപ്പോലെതന്നെ അവളും തന്റെ മുന്‍പില്‍ അഭിനയിക്കുകയായിരുന്നു. എത്ര വലിയ അപമാനമാണ് ഈ വീടിനും തനിക്കും നേരിട്ടിരിക്കുന്നത്? നാട്ടുകാരറിഞ്ഞാല്‍എന്താകും അവര്‍പറയുക? എന്തുകൊണ്ട് ഈ ദുഷ്ടന്‍ ഇങ്ങനെയൊരു ഇഷ്ടം നേരത്തെ പറഞ്ഞില്ല? പറഞ്ഞിരുന്നു എങ്കില്‍താനവളെ കാണാന്‍പോകുമായിരുന്നോ?ഇതിപ്പോള്‍, അവന്‍ എന്നെ ചതിച്ചും അവള്‍ എന്നെ ഉപേക്ഷിച്ചും എന്നെയൊരു പഴന്തുണിക്ക് സമനാക്കിയിരിക്കുന്നു; ഒരു വിലയുമില്ലാത്തവനാക്കി മാറ്റിയിരിക്കുന്നു.

“മോനെ, നീ വിഷമിക്കാതെ. പുകഞ്ഞ കൊള്ളി പുറത്ത്. ഇനി എനിക്ക് അങ്ങനെയൊരു മകനില്ല. ഒരു കണക്കിന് അവനിത് ഇപ്പോള്‍ചെയ്തത് നന്നായി. നീയവളെ കെട്ടിക്കൊണ്ടു വന്നിട്ടായിരുന്നു ഇതെങ്കില്‍….”

ചാച്ചന്റെ വാക്കുകള്‍കേട്ട ഞാന്‍ഞെട്ടലോടെ തിരിഞ്ഞ് നോക്കി. ശരിയാണ്; അവളെ വിവാഹം ചെയ്ത് കൊണ്ടുവന്ന ശേഷമായിരുന്നു താനിത് അറിഞ്ഞതെങ്കില്‍? രണ്ടും കൂടി തന്നെ പൊട്ടന്‍കളിപ്പിച്ച് ആഭാസം പ്രവര്‍ത്തിച്ചിരുന്നു എങ്കില്‍? ഹോ, ചിന്തിക്കാന്‍കൂടി വയ്യ. അവന്‍ഒളിച്ചോടിയത് നന്നായി, വളരെ നന്നായി. അങ്ങനെ ചിന്തിച്ചപ്പോള്‍എനിക്ക് ചെറിയ ആശ്വാസം തോന്നി. പക്ഷെ അനിയനെന്ന ചതിയനോട് മനസ്സിലെനിക്ക് ഒടുങ്ങാത്ത പക ഉടലെടുത്തു.

വീട്ടുമുറ്റത്തേക്ക് ഒരു കാര്‍വന്നു നില്‍ക്കുന്നത് കണ്ട് ഞാന്‍എഴുന്നേറ്റു. ഡ്രൈവിംഗ് സീറ്റില്‍നിന്നും ജൂലിയുടെ പപ്പയും മറുഭാഗത്ത് നിന്ന് അവളുടെ മമ്മിയും ഇറങ്ങി. രണ്ടുപേരുടെയും മുഖഭാവം വര്‍ണ്ണിക്കാന്‍സാധിക്കാത്തത്ര ദുഖവും കോപവും നിറഞ്ഞതായിരുന്നു. എന്നെ കണ്ടപ്പോള്‍പപ്പാ കരഞ്ഞുപോയി.

“മോനെ, അവള് നമ്മളെ ചതിച്ചെടാ; നിന്നോട് മാപ്പ് ചോദിക്കാനുള്ള അര്‍ഹത പോലും ഞങ്ങള്‍ക്കില്ല” അരികിലേക്ക് വന്ന അദ്ദേഹം എന്റെ കൈകള്‍രണ്ടും കൂട്ടിപ്പിടിച്ച് ഒരു കുട്ടിയെപ്പോലെ വിലപിച്ചു. ഒപ്പം മമ്മിയും. രണ്ടുപേരും എന്നെ ചേര്‍ത്തുപിടിച്ച് കുറെ കരഞ്ഞു.

“ബേബിച്ചാ, കേറി വാ. നിങ്ങളുടെ മകള്‍മാത്രമല്ലല്ലോ, ഞങ്ങളുടെ മകനും ചേര്‍ന്നല്ലേ നമ്മളെ ചതിച്ചത്. ഞങ്ങള്‍ക്കും നിങ്ങളെപ്പോലെ തന്നെ കുറ്റബോധം ഉണ്ട്. വളര്‍ത്തി വലുതാക്കിയ മക്കള്‍മാതാപിതാക്കള്‍ക്ക് നല്‍കുന്ന ഏറ്റവും വലിയ സമ്മാനം അല്ലെ ഇത്തരം ചെയ്തികള്‍” പുറത്തേക്ക് വന്ന ചാച്ചന്‍അവരോടായി പറഞ്ഞു.

കണ്ണുകള്‍തുടച്ച് ജൂലിയുടെ പപ്പയും മമ്മിയും കൂടി ഉള്ളില്‍ക്കയറി സോഫയില്‍ഇരുന്നു. കുറെ നേരത്തേക്ക് ആരുമൊന്നും മിണ്ടിയില്ല. അവസാനം നിശബ്ദത ഭജ്ഞിച്ചത് ബേബി അങ്കിള്‍തന്നെയാണ്.

“എനിക്കിനി അങ്ങനെ ഒരു മകളില്ല തോമസേട്ടാ; പക്ഷെ നിങ്ങള്‍ക്കുണ്ടായ അപമാനം, അതിനു ഞാന്‍പരിഹാരം ചെയ്യും. ചെയ്യാനെന്നെ നിങ്ങളനുവദിക്കുമെങ്കില്‍” പറഞ്ഞിട്ട് അദ്ദേഹം ചാച്ചനെയും അമ്മയെയും എന്നെയും മാറിമാറി നോക്കി. അപ്പോള്‍ ചാച്ചന്‍ചോദിച്ചു:

“എന്താണ് ബേബിച്ചന്‍ഉദ്ദേശിക്കുന്നത്?”

“പറയാം; അതിനു മുന്‍പ് സിബിമോന്‍എന്റെയൊപ്പം ഒരിടം വരെ വരണം. ഇക്കാര്യത്തില്‍മോന്റെ അഭിപ്രായം അറിഞ്ഞ ശേഷം ഞാന്‍തോമസേട്ടനോട് കാര്യങ്ങള്‍പറയാം”

ഞാന്‍ചാച്ചനെ നോക്കി.

കുളിച്ചു വേഷം മാറി പ്രാതല്‍കഴിച്ച് ഏകദേശം പതിനൊന്നു മണിയോടെ ഞാന്‍ജൂലിയുടെ വീട്ടിലെത്തി. എന്നെ കാത്ത് അങ്കിള്‍ഉമ്മറത്ത് തന്നെ ഇരിപ്പുണ്ടായിരുന്നു.

“എന്റെ കാറില്‍പോകാം; എന്താ മോനെ?” അദ്ദേഹം ചോദിച്ചു. ഞാന്‍തലയാട്ടി.

എങ്ങോട്ടാണ് എന്ന് ഞാന്‍ചോദിച്ചില്ല. മനസ്സ് നിറയെ എന്നെ ചതിച്ച അനുജന്റെ മുഖം നിറഞ്ഞു നില്‍ക്കുകയാണ്; ഒപ്പം അടുത്തിരിക്കുന്ന ഈ പാവം മനുഷ്യനെ ചതിച്ച അയാളുടെ ഏക മകളുടെ മുഖവും. മനുഷ്യര്‍ക്ക് ഇങ്ങനെയും അഭിനയിക്കാനും ചതിക്കാനും കഴിയുമോ എന്ന് അത്ഭുതപ്പെടുകയായിരുന്നു ഞാന്‍.

സെന്റ്‌മേരീസ് ഓര്‍ഫനേജ് ആന്‍ഡ്‌ലേഡീസ് ഹോസ്റ്റല്‍എന്ന ബോര്‍ഡ് വച്ചിരുന്ന കെട്ടിടത്തിന്റെ കോമ്പൌണ്ടിന്റെ ഉള്ളിലേക്ക് കാര്‍കയറിയപ്പോള്‍ഞാന്‍സംശയത്തോടെ അങ്കിളിനെ നോക്കി. അദ്ദേഹത്തിന്റെ മുഖത്ത് വ്യക്തതയില്ലാത്ത ഒരു ഭാവമാണ് ഉണ്ടായിരുന്നത്. ഞാനൊന്നും ചോദിക്കാന്‍പോയില്ല. എന്ത് ചോദിക്കാന്‍; എന്തായാലെന്ത്? ജീവിതമേ കൈമോശം വന്ന അവസ്ഥയിലല്ലേ ഞാന്‍?

“മോനിവിടെ നില്‍ക്ക്; ഞാന്‍ മദറിനെ ഒന്ന് കണ്ടിട്ട് വരാം”

വണ്ടിയില്‍നിന്നും ഇറങ്ങി ബേബി അങ്കിള്‍പറഞ്ഞു. ഞാന്‍തലയാട്ടിയിട്ട് തൊട്ടടുത്തുണ്ടായിരുന്ന ബദാം മരത്തിന്റെ തണലിലേക്ക്‌മാറി. കുറച്ചകലെ, മാതാപിതാക്കള്‍ആരെന്നറിയാത്ത കുറെ പിഞ്ചു ബാല്യങ്ങള്‍ നിഷ്കളങ്കതയോടെ കളികളില്‍ഏര്‍പ്പെട്ടിരിക്കുന്നു. അനാഥാലയത്തിന്റെ നേരെ എതിര്‍ഭാഗത്താണ് ലേഡീസ് ഹോസ്റ്റല്‍. അതൊരു ചെറിയ കെട്ടിടമാണ്. ആ കുട്ടികളുടെ അവസ്ഥയിലാണ് ഇപ്പോള്‍ ഞാനും എന്നെനിക്ക് തോന്നി. എല്ലാം ഉണ്ടായിട്ടും ഒന്നുമില്ലാത്തവനെന്നു തോന്നുന്ന മാനസികാവസ്ഥ. ഒരു പെണ്ണ് ഉപേക്ഷിച്ചു പോകുക എന്നാലത് പുരുഷത്വത്തിന് കിട്ടാവുന്ന ഏറ്റവും വലിയ പ്രഹരമാണ്. നീ ഒന്നിനും കൊള്ളാത്തവന്‍, അതല്ലെങ്കില്‍ നിന്നെക്കാള്‍യോഗ്യന്മാരെ എനിക്ക് കിട്ടും എന്ന സന്ദേശമാണ് അവളതിലൂടെ നല്‍കുന്നത്. ഒരു ജോലിയുമില്ലാത്ത എന്റെ അനുജനെ, ഒരു ബാങ്കിന്റെ ബ്രാഞ്ച് മാനേജരായ എന്നെക്കാളും അധികം ജൂലി ഇഷ്ടപ്പെട്ടു എങ്കില്‍, അവനാണ് വിജയിയായ പുരുഷന്‍; ഞാന്‍ഭൂലോക തോല്‍വിയും. പെണ്ണിന്റെ മുന്‍പില്‍ ഒന്നുമല്ലാത്തവനായി മാറുന്ന ആണിന്, മറ്റെന്തുണ്ടായിട്ടും എന്ത് ഗുണം?

“മോനെ, വന്നേ”

ബേബി അങ്കിള്‍മദറിന്റെ മുറിയുടെ വാതില്‍ക്കല്‍നിന്നുകൊണ്ട് എന്നെ കൈകാട്ടി വിളിച്ചു. ഞാന്‍മെല്ലെ അങ്ങോട്ട്‌ചെന്നു. മദറിന്റെ സഹതാപത്തോടെയുള്ള നോട്ടം എനിക്ക് അരോചകമായി തോന്നി; പക്ഷെ അവരെ കുറ്റം പറയാന്‍പറ്റില്ലല്ലോ?

“ഇരിക്ക് കുഞ്ഞേ” അവര്‍ പറഞ്ഞു. ബേബി അങ്കിളും ഞാനും അവര്‍ക്കെതിരെ ഇരുന്നു. എന്താണ് സംഗതി എന്ന് ഞാന്‍ചോദിച്ചില്ല; അറിയാന്‍വലിയ താല്പര്യം എനിക്കുണ്ടായിരുന്നില്ല എന്നതാണ് സത്യം.

“ഒരാള്‍ഇപ്പൊ വരും; അഞ്ചു മിനിറ്റ്. ചായ പറയട്ടെ?” മദര്‍ചോദിച്ചു. ഞാന്‍തലയാട്ടി.

ചായ എത്തിയപ്പോഴേക്കും പുറത്ത് ഒരു ഓട്ടോ വന്നു നില്‍ക്കുന്ന ശബ്ദം ഞാന്‍കേട്ടു.

“നിങ്ങള് ചായ കുടിക്ക്. ഞാനിപ്പോ വരാം” അത്രയും പറഞ്ഞിട്ട് മദര്‍പുറത്തേക്ക് പോയി. ബേബി അങ്കിള്‍നിശബ്ദം ചായ കുടിച്ചു; ഞാനും. ഏതാണ്ട് അഞ്ചുമിനിറ്റ് കഴിഞ്ഞപ്പോള്‍പിന്നിലെ വാതിലിലൂടെ ആരോ കടന്നുവരുന്നതിന്റെ നിഴലുകള്‍ഞാന്‍കണ്ടു.

“വാ മോളെ” മദറിന്റെ ശബ്ദം.

മദറിന്റെ ഒപ്പം ആരോ ഉണ്ടെന്ന് എനിക്ക് മനസിലായി. തിരികെ കസേരയില്‍ വന്നിരുന്ന മദര്‍ മടിച്ചു നിന്ന അവളെ കൈകാട്ടി അടുത്തേക്ക് വിളിച്ചു. മെല്ലെ എന്റെ കണ്മുന്നിലേക്ക് അവളുടെ രൂപം കടന്നുവന്നു.

“ശ്രീദേവി…” എന്റെ ചുണ്ടുകള്‍പിറുപിറുത്തു.

“സിബി സര്‍..” അത്ഭുതത്തോടെ എന്നെ നോക്കി അവളും പറഞ്ഞു. ബേബി അങ്കിളും മദറും ഞങ്ങള്‍ രണ്ടാളെയും മാറിമാറി നോക്കി.

“നിങ്ങള്‍തമ്മില്‍അറിയുമോ?” മദര്‍ കൌതുകത്തോടെ ചോദിച്ചു.

“അറിയും മദര്‍. എന്റെ ബ്രാഞ്ചിലേക്ക് ആയിരുന്നു ശ്രീദേവിയുടെ ആദ്യ നിയമനം. ഞങ്ങള്‍ഒരേ ബാങ്കിന്റെ ഒരേ ബ്രാഞ്ചിലാണ്”

“സര്‍, സാര്‍ ഇല്ലാഞ്ഞോണ്ട് സുഷമ മാഡത്തിനോട് പറഞ്ഞിട്ടാണ് ഞാന്‍വന്നത്” ശ്രീദേവി ചെറിയ പരിഭ്രമത്തോടെ പറഞ്ഞു.

“ഏയ്‌, ഇറ്റ്‌സ് ഓള്‍റൈറ്റ്”

എന്തിനാണ് ശ്രീദേവിയെ വിളിച്ചു വരുത്തിയത് എന്നറിയാതെ ഞാന്‍ മദറിനെയും അങ്കിളിനെയും നോക്കി. ചോദ്യഭാവത്തില്‍.

ബേബി അങ്കിളും മദറും പരസ്പരം നോക്കുന്നത് ഞാന്‍ കണ്ടു. മദര്‍ ബേബി അങ്കിളിനെ കണ്ണുകൊണ്ട് എന്തോ സന്ദേശം നല്‍കി. അദ്ദേഹം തലയാട്ടിയിട്ട് പുറത്തേക്ക് പോയി.

“ഇരിക്ക് മോളെ; നിങ്ങള്‍തമ്മിലറിയും എന്ന് ഞാനറിഞ്ഞിരുന്നില്ല” മദര്‍ശ്രീദേവിയോടായി പറഞ്ഞു. അവള്‍മദറിന്റെ അരികിലായി ഇരുന്നു.

“മോളെ, നിന്നെ പെണ്ണ് കാണാന്‍വന്നതാണ് ഈ കുഞ്ഞ്” മദര്‍പുഞ്ചിരിയോടെ, യാതൊരു മുഖവുരയും കൂടാതെ എന്നെയും അവളെയും ഏറെക്കുറെ ഞെട്ടിച്ചുകൊണ്ട് പറഞ്ഞു. ശ്രീദേവി അവിശ്വസനീയ ഭാവത്തോടെ എന്നെ നോക്കി. എന്റെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല.

“യ്യോ മദര്‍, സാറിനെപ്പോലെ വലിയ ഒരാള്‍, അതും മതം പോലും വേറെയായ സ്ഥിതിക്ക്..” ശ്രീദേവി നിഷേധാര്‍ത്ഥത്തില്‍തലയാട്ടിക്കൊണ്ട് പറഞ്ഞു..

“കുഞ്ഞേ, കുഞ്ഞിന് ഇവളെ ഇഷ്ടമാണോ?” മദറിന്റെ ചോദ്യം എന്നോടായി.

ഞാനെന്ത് പറയാന്‍; ജീവിതത്തിന്റെ പ്രവചനാതീതമായ ആകസ്മികത എന്നൊക്കെ കേട്ടിട്ടുണ്ടായിരുന്ന ഞാനിപ്പോള്‍ അത് വ്യക്തമായി അനുഭവിച്ചു കൊണ്ടിരിക്കുകയായിരുന്നു. ശ്രീദേവി ആദ്യം ബ്രാഞ്ചിലേക്ക് വന്ന ദിനം എനിക്കിപ്പോഴും നല്ല വ്യക്തമായി ഓര്‍മ്മയുണ്ട്. ഒരു ചുവപ്പ് ബ്ലൌസും കസവ് സാരിയും അണിഞ്ഞ്, പിന്നിലേക്ക് വിടര്‍ത്തിയിട്ട ഈറന്‍മുടിയും, നെറ്റിയില്‍ചന്ദനക്കുറിയും അതിനു നടുവിലൊരു പൊട്ടും ചാര്‍ത്തി നമ്രമുഖിയായി ക്യാബിനിലേക്ക് കയറി വന്ന അവള്‍, നേരെ എന്റെ ഹൃദയത്തിലേക്ക് തന്നെയാണ് കയറി വന്നത്. ജീവിതത്തിലാദ്യമായി ഒരു പെണ്‍കുട്ടിയോട് മറ്റൊരു പെണ്ണിനോടും തോന്നാത്ത അഭിനിവേശം എനിക്കവളോട് ആദ്യ ദര്‍ശനത്തില്‍ത്തന്നെ ഉണ്ടായി. പക്ഷെ, എന്റെ മുന്‍പില്‍ ധാരാളം പക്ഷേകള്‍ ഉണ്ടായിരുന്നു. അതിലേറ്റവും പ്രധാനം ഞാന്‍അവളുടെ സുപ്പീരിയര്‍ഓഫീസറാണ് എന്നതുതന്നെയായിരുന്നു; അതുകൊണ്ട് തന്നെ മനസിന്റെ ഇളക്കം ഞാന്‍ പണിപ്പെട്ട് മറികടന്നു; അവളെ എന്റെയൊരു കീഴുദ്യോഗസ്ഥയായി മാത്രം ഞാന്‍ കണ്ടു. യാഥാസ്ഥിതികാരായ എന്റെ മാതാപിതാക്കള്‍ഒരിക്കലും മറ്റൊരു മതക്കാരിയായ പെണ്ണിനെ ഭാര്യയാക്കാന്‍സമ്മതിക്കില്ല എന്നറിയാമയിരുന്ന ഞാന്‍ അവളോടുണ്ടായ മോഹം, വേരോടെ പിഴുത് ദൂരെ എറിയുകയും ചെയ്തു. എന്നാല്‍, കാലമിതാ അവളെത്തന്നെ എന്റെ മുന്‍പില്‍കൊണ്ട് നിര്‍ത്തിയിട്ടു ചോദിക്കുന്നു, നിനക്കിവളെ ഇഷ്ടമാണോ എന്ന്!

“ഇഷ്ടമാണ് മദര്‍; ഇഷ്ടമാണ്” എനിക്കതില്‍ഒരു നിമിഷം പോലും ആലോചിക്കാനുണ്ടായിരുന്നില്ല.

“മോനെ, ഇനി നീ നിനക്കിഷ്ടമുള്ള പെണ്‍കുട്ടിയെ സ്വയം കണ്ടുപിടിച്ചു വിവാഹം ചെയ്യുക. അവളാരായാലും ഏതു മതക്കാരി ആയാലും, ഏതു ഭാഷക്കാരി ആയാലും ഞങ്ങള്‍ക്ക് വിരോധമില്ല” ബേബി അങ്കിളിനെ കാണാനായി ഞാന്‍രാവിലെ ഇറങ്ങുമ്പോള്‍ചാച്ചന്‍പറഞ്ഞ വാക്കുകളായിരുന്നു അത്. അനുജന്റെ ചെയ്തിയിലൂടെ അവരുടെ യാഥാസ്ഥിതിക മനോഭാവം അകാലചരമം പ്രാപിച്ചിരിക്കുന്നു.

ശ്രീദേവിയുടെ മുഖം അത്ഭുതം കൂറുന്നതും പിന്നെയത് ലജ്ജയായി പരിണമിക്കുന്നതും ഞാന്‍കണ്ടു. മദര്‍ വളരെയധികം സന്തോഷത്തോടെ എന്റെ കൈകളില്‍പിടിച്ച് ഇങ്ങനെ പറഞ്ഞു:

“കുഞ്ഞേ, ഇവള്‍ഇവിടെ എന്റെ കണ്മുന്നില്‍വളര്‍ന്ന കുട്ടിയാണ്. പത്തരമാറ്റ് തങ്കമാണ് ഇവളുടെ മനസ്സും ശരീരവും..”

ഞാന്‍ശ്രീദേവിയെ നോക്കി. അവളെ ‍അവളറിയാതെ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നു എന്ന് പറയണം എന്നെനിക്കുണ്ടായിരുന്നു; പകരം ഞാന്‍ചെയ്തത് മറ്റൊന്നാണ്.

“മദര്‍ ശ്രീദേവിയുടെ ഇഷ്ടം അറിഞ്ഞില്ലല്ലോ?”

അവള്‍തലയുയര്‍ത്തി എന്നെ നോക്കി. ആ വിടര്‍ന്ന കണ്ണുകള്‍ഒരായിരം കാര്യങ്ങള്‍എന്നോട് പറയുന്നതായി എനിക്ക് തോന്നി.

“മോളെ കുഞ്ഞു ചോദിച്ചത് കേട്ടില്ലേ?”

ശ്രീദേവി ലജ്ജാവിവശയായി മുഖം കുനിച്ചു. അവളുടെ അധരങ്ങള്‍ വിറ കൊള്ളുന്നുണ്ടായിരുന്നു.

“സാറിനെ ആദ്യം കണ്ടപ്പോള്‍ത്തന്നെ……..” ലജ്ജ മൂലം ബാക്കി പറയാന്‍അവള്‍ക്ക് സാധിച്ചില്ല. ഞാന്‍ ശരിക്കും വീണ്ടും അത്ഭുതപ്പെട്ടുപോയി!

സത്യത്തില്‍ദൈവത്തിന്റെ ലീലാവിലാസം എന്നൊക്കെ ഞാന്‍കേട്ടിട്ടുണ്ടായിരുന്നു എങ്കിലും, അദ്ദേഹം രചിച്ച ഇത് പോലെയൊരു തിരക്കഥ എനിക്ക് വിശ്വസിക്കാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല.ഇവളെ എനിക്ക് വേണ്ടിയാണ് ദൈവം സൃഷ്ടിച്ചിരുന്നത് എന്ന് തിരിച്ചറിയുകയായിരുന്നു ഞാന്‍; ഒരു കുട്ടിയുടെ നിഷ്കളങ്കമായ മനസ്സോടെ.

“കുഞ്ഞേ, ഇവളെ ഇവിടെയാക്കിയത് ബേബിയാണ്. ബേബിയുടെ ഒരു ഉറ്റ സുഹൃത്തിന്റെ മകളാണ് ശ്രീദേവി. ഇവള്‍ക്ക് വെറും ഒരു വയസ്സുള്ള സമയത്ത് മാതാപിതാക്കള്‍ഒരു അപകടത്തില്‍കൊല്ലപ്പെട്ടു. രണ്ടു വ്യത്യസ്ത മതങ്ങളില്‍നിന്നും വിവാഹം ചെയ്ത അവര്‍ വീട്ടുകാരുടെ എതിര്‍പ്പ് മൂലം വേറെ മാറിയാണ് ജീവിച്ചിരുന്നത്. അവരുടെ മരണത്തോടെ ഇവള്‍അനാഥയായി. രണ്ടു വീട്ടുകാരും ദൈവകോപം മൂലമാണ് അവര്‍മരിച്ചതെന്നും ഇവള്‍പാപത്തിന്റെ സന്തതി ആണെന്നും പറഞ്ഞ് ഈ പാവം കൊച്ചിനെ സ്വീകരിച്ചില്ല. അതുകൊണ്ട് ആ വാടകവീട്ടില്‍നിന്നും ബേബി ഇവളെ എടുത്തുകൊണ്ടു പോന്നു. അവന്റെ കല്യാണം നിശ്ചയിച്ച സമയത്താണ് ഇത് നടക്കുന്നത്. അന്ന് ഇവളെ ഇവിടെയാക്കിയിട്ട് അവന്‍ പോയി. ഇവള്‍ക്ക് വേണ്ട സകല ചിലവും അവന്‍തന്നെ വഹിച്ചാണ് ഇവിടെ വളര്‍ത്തിയത്. ഒരര്‍ത്ഥത്തില്‍ ഇവളുടെ അച്ഛന്‍ബേബി തന്നെയാണ്. ഹിന്ദുക്കളായിരുന്ന ഇവളുടെ മാതാപിതാക്കളുടെ വിശ്വാസത്തില്‍ത്തന്നെ ഇവളെ വളര്‍ത്തണം എന്ന് ബേബി പ്രത്യേകം പറഞ്ഞിരുന്നു. അങ്ങനെ തന്നെയാണ് അവള്‍വളര്‍ന്നതും”

മദറിന്റെ വെളിപ്പെടുത്തലുകള്‍ മറ്റൊരു അത്ഭുതമായിരുന്നു എനിക്ക്. ഇവള്‍ ബേബി അങ്കിളിന്റെ തന്നെ മകളാണ്! മാനസപുത്രി!

“മദര്‍, എനിക്കങ്ങോട്ട് വരാമല്ലോ അല്ലെ?”

ബേബി അങ്കിള്‍ എന്റെ അരികിലെത്തി ഇരുന്നിട്ട് കണ്ണുകള്‍ തുടച്ചു. അദ്ദേഹം ശ്രീദേവിയെയും, തുടര്‍ന്ന്‍ എന്നെയും നോക്കി ഇങ്ങനെ പറഞ്ഞു:

“അതെ മോനെ, ഇവളെന്റെ മകളാണ്. എന്റെ ദേവന്റെ മകള്‍. അവന്റെ പേര് എന്നെന്നും എന്റെ കണ്മുന്നില്‍ കാണാനാണ് ഞാന്‍ എന്റെ ഈ മോള്‍ക്ക് ശ്രീദേവി എന്ന് പേരിട്ടത്. ഞാനും അവനും തമ്മിലുള്ള സൌഹൃദം അത്ര വലുതായിരുന്നു. അന്ന് ഇവളെ ഞാന്‍ എടുത്തുകൊണ്ടുവന്നത് ഒന്നും ആലോചിക്കാതെയാണ്. എന്റെ ദേവന്റെ മോള്‍ ഒരിക്കലും അനാഥയാകരുത് എന്ന ഒറ്റ ചിന്തയെ മനസ്സിലുണ്ടായിരുന്നുള്ളൂ. പക്ഷെ വിവാഹ നിശ്ചയം കഴിഞ്ഞ ഞാന്‍ ഒരു വയസില്‍ താഴെ പ്രായമുള്ള ഒരു കുഞ്ഞിനേയും കൊണ്ട് വീട്ടിലേക്ക് ചെന്നാല്‍ എന്താകും സ്ഥിതി? നമ്മുടെ സമൂഹത്തില്‍ നന്മയ്ക്കും തിന്മയുടെ കഥ മെനയുന്ന മനുഷ്യരല്ലേ ഉള്ളത്. അതുകൊണ്ട് എന്റെ മാതാപിതാക്കള്‍ പറഞ്ഞതനുസരിച്ചാണ് ഇവളെ ഞാന്‍ ഇവിടെയാക്കിയത്. അവളൊരിക്കലും അനാഥ ആയിരുന്നില്ല. എന്റെ ഭാര്യയും ഞാനും കൂടെക്കൂടെ ഇവളെ കാണാന്‍ വരുമായിരുന്നു. ഇവളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ഞങ്ങള്‍ ഒപ്പമുണ്ടായിരുന്നു. എന്നെ മനസിലാക്കുന്ന ഒരു ഭാര്യയെ എനിക്ക് കിട്ടി എന്നതാണ് മോനെ എന്റെ ഏറ്റവും വലിയ ഭാഗ്യം. ഒന്നല്ല, മൂന്ന് അമ്മമ്മാരുടെ സ്നേഹം കിട്ടിയ മകളാണ് ഇവള്‍. പെറ്റമ്മയുടെയും ഈ ഇരിക്കുന്ന മദറിന്റെയും എന്റെ ഭാര്യയുടെയും സ്നേഹം. ഇന്ന്, എന്റെ സ്വന്തം മകള്‍ എന്റെ മുഖത്ത് കരിവാരിത്തേച്ച് ഇറങ്ങിപ്പോയപ്പോള്‍ തകര്‍ന്നു പോകേണ്ടിയിരുന്ന ഞങ്ങള്‍ക്ക് ഇവളുടെ മുഖം മാത്രം ഓര്‍ത്താല്‍ മതിയായിരുന്നു എല്ലാം തരണം ചെയ്യാന്‍” ബേബി അങ്കിളിന്റെ കണ്ണുകള്‍ ഒഴുകുകയായിരുന്നു പറഞ്ഞു നിര്‍ത്തിയപ്പോള്‍.

ഞാന്‍ ചുമ്മാ ഇരുന്നുകൊടുത്തു. അത്രയും ചെയ്‌താല്‍ മതിയായിരുന്നു എനിക്ക്. അപ്പനെയും അമ്മയെയും ധിക്കരിച്ച് ഒന്നും ചെയ്യാനെനിക്ക് ഒരിക്കലും മനസുണ്ടായിരുന്നില്ല. അവരെ ഞാന്‍ കാണപ്പെട്ട ദൈവങ്ങളായി കരുതി സ്നേഹിച്ചു, ബഹുമാനിച്ചു. എനിക്ക് മനസുകൊണ്ട് ഇഷ്ടപ്പെട്ട പെണ്ണിനെപ്പോലും അവരെ കരുതി ഞാന്‍ വേണ്ടെന്നു വച്ചു. പക്ഷെ ഭൂമിയിലല്ല, സ്വര്‍ഗ്ഗത്തിലാണ് വിവാഹം തീരുമാനിക്കപ്പെടുക എന്ന് ദൈവം എന്റെ നേരെ മുന്‍പില്‍ വന്നു നിന്ന് പറയുന്നത് ഞാന്‍ നേരിട്ട് കാണുകയായിരുന്നു…ശ്രീദേവിയുടെ കരിനീല മിഴികളിലൂടെ..

Please follow and like us:
20