ഒരു ലക്ഷം രൂപ അവർ അഡ്വാൻസ് ആയി തന്നപ്പോൾ ആ പണം എന്റെ കയ്യിലിരുന്ന് വിറച്ചു…

രചന : M Varun Das

6,35,750 രൂപ…എന്റെ ഗർഭപാത്രത്തിന്റെ വാടക ഞാനവരോട് പറഞ്ഞു.
എന്റെ വാക്കുകൾ കേട്ട ദമ്പതികൾക്ക് ആശ്വാസമായി എന്ന് അവരുടെ മുഖഭാവത്തിൽ നിന്ന് മനസിലായി.
കുട്ടീ ഈ തുക അല്പം കൂടുതലാണ്…ഡോക്ടർ റസിയ അൻവർ എന്നോട് പറഞ്ഞു.
സാരമില്ല ഡോക്ടർ ഈ തുക ഞങ്ങൾക്ക് സമ്മതമാണ്.
ദമ്പതികളിലെ ഭർത്താവ് പറഞ്ഞു.
എന്നാൽ ശരി നാളെ,വേണ്ട ടെസ്റ്റുകൾ നമുക്ക് ചെയ്യാം,എന്നിട്ട് വരുന്ന വ്യാഴാഴ്ച്ച തന്നെ നമുക്ക് അതങ്ങു നടത്താം. ഡോക്ടർ പറഞ്ഞു.
ശരി ഡോക്ടർ…ആ ദമ്പതികൾ ഒരേ സ്വരത്തിൽ പറഞ്ഞു.

ഞാൻ ആ പെണ്കുട്ടിയെ നോക്കി,എന്നെക്കാൾ മൂന്ന് വയസെങ്കിലും കൂടുതൽ കാണും.
ഒരു കുഞ്ഞിനെ താങ്ങാനുള്ള ശേഷി അവളുടെ ഗര്ഭപാത്രത്തിനില്ലത്രേ…
മുൻപ് രണ്ട് തവണ ഗർഭിണി ആയെങ്കിലും കുഞ്ഞിനെ നഷ്ടമായിപ്പോയി.ഇനി ഒരിക്കൽ കൂടി ഗർഭം ധരിച്ചാൽ അവളുടെ ജീവനെ അത് ബാധിക്കും,അതാണ് അവർ വാടകയ്ക്കൊരു ഗർഭപാത്രം തേടിയത്…

അപ്പോൾ ശരി ഡോക്ടർ ഞാനിറങ്ങട്ടെ നാളെ രാവിലെ 9 മണി ആകുമ്പോൾ വരാം ഞാൻ പോകാനേഴുന്നേറ്റു.

ലക്ഷ്മി ഒന്ന് നിൽക്കൂ,ആ പെണ്കുട്ടി എന്നെ വിളിച്ചു.
എന്താ മാഡം?
ഈ 6,35,750 രൂപയുടെ കണക്ക് എന്താണ്?
ഞാൻ ചിരിച്ചു, അതെന്റെ കിടപ്പാടം തിരിച്ചു പിടിക്കാനുള്ള തുകയാണ് മാഡം. സൊസൈറ്റിയിൽ ഇരിക്കുന്ന ആധാരം തിരിച്ചെടുക്കാൻ അത്രയും തുക വേണം ഞാൻ അവരോട് പറഞ്ഞു.
അവർ ഒന്നും മിണ്ടിയില്ല…
◆◆◆◆◆
പിറ്റേന്ന് ടെസ്റ്റുകൾ കഴിഞ്ഞു,ഒരു ലക്ഷം രൂപ അവർ അഡ്വാൻസ് ആയി തന്നപ്പോൾ ആ പണം എന്റെ കയ്യിലിരുന്ന് വിറച്ചു…
◆◆◆◆◆
തിരികെ വീട്ടിലെത്തിയപ്പോൾ ഓർമകൾ പിന്നോട്ട് പോയി.
വിവാഹം,ഭർത്താവിന്റെ മദ്യപാനം, അയാളുടെ അസുഖം, ചികിത്സ,കടങ്ങൾ,അയാളുടെ മരണം,ജപ്തി ഭീഷണി,ഏകാന്തത…എല്ലാം മനസിലൂടെ കടന്നുപോയി.
ആ ഓർമകൾ കണ്ണിനെ ഈറനണിയിച്ചു.
◆◆◆◆◆
വ്യഴാഴ്ച്ചതന്നെ ആ വിത്ത് ഞാനെന്റെ ഗര്ഭപാത്രത്തിലേക്ക് ഏറ്റുവാങ്ങി…
ഇനി മാസങ്ങൾ കാത്തിരിക്കണം.
ഈ കുട്ടിയ്ക്കായി.
◆◆◆◆◆
ടെസ്റ്റുകൾ പോസിറ്റീവ് ആയി,ഞാൻ ഗർഭിണി ആണെന്ന് തെളിഞ്ഞപ്പോൾ ആ ദമ്പതികൾ ഒരുപാട് സന്തോഷിച്ചു.തങ്ങൾക്ക് ഒരു കുഞ്ഞ് ജനിക്കാൻ പോകുന്നു എന്ന വാർത്ത അവരെ വളരെയധികം സന്തോഷിപ്പിച്ചു.
തങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യവും സുരക്ഷയും കണക്കിലെടുത്ത്,
ആ ദമ്പതികൾ എന്നെ വളരെ ദൂരേക്ക് മാറ്റി.
ഒരു വീടെടുത്തു,ഒരു ജോലിക്കാരിയെയും സഹായത്തിന് നിറുത്തി.


◆◆◆◆◆
ഡേറ്റ് പറഞ്ഞതിന്റെ രണ്ടു ദിവസം മുൻപേ പെയിൻ വന്നു.
ഉടനടി എന്നെ ഹോസ്പിറ്റലിലേക്ക് മാറ്റി.
എന്റെ അക്കൗണ്ടിലേക്ക് പറഞ്ഞതിനെക്കാൾ 50000 രൂപ അവർ കൂടുതൽ ഇട്ടു.
ലേബർ റൂമിലേക്ക് സ്ട്രെച്ചറിൽ എന്നെ കൊണ്ടുപോയപ്പോൾ ആ ദമ്പതികൾ എന്നെ അനുഗമിച്ചു.
ആ യുവതി നിറകണ്ണുകളോടെ എന്റെ വലതു കരം ചേർത്തു പിടിച്ചു,എന്റെ നെറ്റിയിൽ ചുംബിച്ചു…അവരുടെ മുഖത്ത് അമ്മയാകാൻ പോകുന്നു എന്ന ആവേശം നിറഞ്ഞിരുന്നു.

സുഖപ്രസവം അസാധ്യമായപ്പോൾ സിസേറിയൻ ചെയ്യാം എന്ന് ഡോക്ടർ പറഞ്ഞു…
എനിക്ക് അനസ്‌തേഷ്യ നൽകപ്പെട്ടു.
ഞാൻ മയക്കത്തിലേക്ക് വഴുതിവീണു.
◆◆◆◆◆
മണിക്കൂറുകൾ കഴിഞ്ഞ് ഞാൻ കണ്ണുതുറന്നു…
ബോധം നന്നായി വീണപ്പോൾ ഞാൻ കട്ടിലിൽ തപ്പിനോക്കി…എന്റെ കുഞ്ഞിനെ…
അവകാശികൾക്ക് കൈമാറും വരെ അത് എന്റെ കുട്ടി ആണല്ലോ…
പക്ഷെ ഞാൻ പരാജയപ്പെട്ടു…കുട്ടി എന്റെ കൂടെയില്ല…

ആഹാ ഉണർന്നോ എന്ന ഡോക്ടറിന്റെ ശബ്ദം കേട്ടു…
ഡോക്ടർ എന്റെ കുഞ്ഞെവിടെ?
ആധിയോടെ ഞാൻ അവരോട് ചോദിച്ചു.
അവർ ഒന്നും മിണ്ടാതെ തലതാഴ്ത്തിനിന്നു.
ഡോക്ടർ എന്റെ കുഞ്ഞിനെ കാണണം,അതെവിടെ?
ഞാൻ ഒച്ചയുയർത്തി.

അവർ എന്റെ അരുകിൽ ഇരുന്നു.
ഞാൻ പറയുന്നത് കേട്ട് മോള് കരയരുത്…അവർ എന്നോട് പറഞ്ഞു.
നീ പ്രസവിച്ചത് ഒരു പെണ്കുഞ്ഞിനെ ആണ് .
നല്ല ആരോഗ്യമുള്ള സുന്ദരിയായ ഒരു കുഞ്ഞ്.
കുഞ്ഞിനെ അവരുടെ കയ്യിലേക്ക് നൽകിയപ്പോൾ അവർ ഒരുപാട് സന്തോഷിച്ചു.ഒരിക്കലും അമ്മയാകാൻ പറ്റില്ല എന്ന് കരുതിയ അവൾ ഒരു അമ്മയായിരിക്കുന്നു എന്ന സന്തോഷത്താൽ ആ കുഞ്ഞിനെ അവൾ ഉമ്മകൾ കൊണ്ട് മൂടി.
ആ സന്തോഷം കണ്ടുനിന്ന എല്ലാവരുടെയും കണ്ണുകൾ നനയിച്ചു.
കുഞ്ഞിനെ പാലുകൊടുക്കാൻ വേണ്ടി തിരികെ വാങ്ങാൻ ശ്രമിച്ചപ്പോൾ അവർ സമ്മതിച്ചില്ല.
നീ ഉണരും മുൻപേ അവർക്ക് പോകണമെന്ന് പറഞ്ഞു.
നീ ഉണർന്ന് ആ കുഞ്ഞിനെ കണ്ടാൽ,അതിനോട് അറ്റാച്ച്മെന്റ് തോന്നും എന്ന ഭയം അവർക്കുണ്ടായി.
ഗത്യന്തരമില്ലാതെ എനിക്കത് സമ്മതിക്കേണ്ടി വന്നു.

ഡോക്ടറുടെ വാക്കുകൾ കേട്ട് ഞാൻ വിങ്ങിക്കരഞ്ഞു…
എന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയപ്പോൾ മാറിടം ഇനി ഒരിക്കലും കണ്ടുമുട്ടാൻ ഇടയില്ലാത്ത ആ കുഞ്ഞിന് വേണ്ടി ചുരന്നു…
എന്റെ കുഞ്ഞ്…അവൾ കുടിക്കേണ്ട പാൽ…ഞാൻ വേദനയോടെ ചിന്തിച്ചു.
◆◆◆◆◆
ഡിസ്ചാർജ് ചെയ്യുന്ന ദിവസം,
ഡോക്ടർ എന്നെ കാണാൻ വന്നു.
ലക്ഷ്മി…ഒരിക്കൽ കൂടി ഒരു സഹായം നിന്നോട് അഭ്യര്ഥിക്കുകയാണ്,നിനക്ക് താല്പര്യം ഇല്ലെങ്കിൽ തള്ളിക്കളയാം അവർ പറഞ്ഞു.
ഞാൻ ചോദ്യഭാവത്തിൽ അവരെ നോക്കി.
രണ്ട് ദിവസം മുൻപ് ഇവിടെ എന്റെ ബന്ധുവായ ആമിന എന്ന ഒരു കുട്ടിയുടെ പ്രസവം നടന്നിരുന്നു…
പ്രസവം കോംപ്ലിക്കേറ്റഡ് ആയിരുന്നു.
കുഞ്ഞിനെ മാത്രമേ ഞങ്ങൾക്ക് രക്ഷിക്കാൻ ആയുള്ളു.
അവളുടെ ഖബറടക്കം നടന്നു.
ആ കുഞ്ഞിന് ഒരു അമ്മയെ വേണം,അവർ പറഞ്ഞു.
ഞാൻ ഞെട്ടലോടെ അവരെ നോക്കി.

പേടിക്കണ്ട അതിന്റെ അച്ഛനെ വിവാഹം കഴിക്കുകയും ഒന്നും വേണ്ട.
അതിനെ മുലപ്പാല് കൊടുത്തു വളർത്താൻ പറ്റിയ ആരേലും ഉണ്ടോ എന്ന് അതിന്റെ ബന്ധുക്കൾ ചോദിച്ചു.
ഒരമ്മയുടെ പാലും, ചൂടും, കരുതലും സംരക്ഷണവും അതിന് വേണം.
നിനക്ക് സാധിക്കുമോ?
ഡോക്ടർ ചോദിച്ചപ്പോൾ ഞാനൊന്നാലോചിച്ചു.
പ്രസവിച്ച കുഞ്ഞിനെ പാലൂട്ടാനുള്ള ഭാഗ്യം നിഷേധിക്കപ്പെട്ടു.ഇപ്പോൾ ഒരു അമ്മയുടെ സാന്നിധ്യം ആവശ്യമുള്ള,മറ്റാരോ പ്രസവിച്ച ഒരു കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുക്കുക എന്നത് ദൈവനിശ്ചയം ആകും എന്ന് ഞാൻ കരുതി.
സമ്മതമാണ് ഡോക്ടർ…ഞാൻ എന്റെ സമ്മതം അവരെ അറിയിച്ചു.
നിനക്ക് എത്ര ശമ്പളം വേണം എന്ന് ചോദിച്ചപ്പോൾ മാതൃത്വം വിലയിടാനുള്ളതല്ല എന്ന മറുപടി ഞാൻ നൽകി.
അന്ന് തന്നെ ആ പെണ്കുഞ്ഞിന്റെ വളർത്തമ്മയുടെ ചുമതല ഞാൻ ഏറ്റെടുത്തു.

◆◆◆◆◆
മൂന്ന് വർഷം കഴിഞ്ഞു.
ഒരു വൈകുന്നേരം…

പാത്തുമ്മ അവിടെ നിൽക്ക്…എന്നെ ഇട്ട് ഓടിക്കാതെ പെണ്ണേ…
ഞാൻ അവളുടെ പുറകെ ഓടി.
അവൾ ഓടിക്കയറിയത് ബാൽക്കണിയിലേക്കാണ്…
അവിടെ അവളുടെ ബാപ്പ അമീർ ഇരിപ്പുണ്ടായിരുന്നു.
അദ്ദേഹത്തിന്റെ മുന്നിലെ ടീപ്പോയിൽ മദ്യക്കുപ്പിയും ഗ്ലാസും ഒക്കെ ഇരിക്കുന്നുണ്ട്.
എന്നെ കണ്ട അദ്ദേഹം വല്ലാതായി.
ഇങ്ങോട്ട് വാ പാത്തൂ ഞാൻ അവളെ വിളിച്ചു.അവൾ ബാപ്പയുടെ മടിയിൽ കയറി ഇരുന്നു.
ലക്ഷ്മി ഒന്നു നിന്നേ…
തിരിഞ്ഞു നടക്കാൻ ഒരുങ്ങിയ എന്നെ അമീർ വിളിച്ചു.
ഞാൻ തിരിഞ്ഞു നിന്നു.
ഇവിടെ ഇരിക്ക് അദ്ദേഹം അടുത്തു കിടന്ന കസേര ചൂണ്ടിക്കാട്ടി.
ഞാൻ ഇരുന്നു.

ലക്ഷ്മിയോട് എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല.
ഉമ്മയെ നഷ്ടപ്പെട്ട എന്റെ മോൾ ഇത്ര മിടുക്കിയായി വളരാനുള്ള കാരണം ലക്ഷ്മിയാണ്.
ഒരമ്മയുടെ സ്നേഹമാണ് നീ അവൾക്ക് പകർന്നു നൽകിയത്.
ലോകത്ത് ഒരു പെണ്ണിന് ചെയ്യാവുന്ന ഏറ്റവും മഹത്തായ,പുണ്യമായ ഒരു പ്രവർത്തിയാണ് നീ ചെയ്തത്.
എന്റെ മകൾക്ക് സ്ഥിരമായി ഒരു അമ്മയെ വേണം.
വീട്ടുകാർ ഒരുപാട് നിർബന്ധിച്ചു ഒരു വിവാഹം കഴിക്കാൻ,പക്ഷെ ഞാൻ വിസമ്മതിച്ചു കാരണം വരുന്നവൾക്ക് എന്റെ പാത്തൂനെ സ്വന്തമായി കാണാൻ കഴിഞ്ഞില്ലെങ്കിലോ…
നിനക്ക് ജീവിതകാലം മുഴുവൻ എന്റെ പാത്തൂന്റെ അമ്മയായിക്കൂടെ…ഞാൻ നിന്നെ വിവാഹം കഴിച്ചോട്ടെ ലക്ഷ്മീ?
അമീർ ചോദിച്ചു.

എന്നെങ്കിലും ഒരിക്കൽ പാത്തൂനെ വിട്ട് പിരിയേണ്ടി വരുമ്പോൾ ഉണ്ടാവുന്ന വേദനയെപ്പറ്റി ഒരുപാട് തവണ ആലോചിച്ചതാണ്.
ഇതാ ജീവിതകാലം മുഴുവൻ അവളുടെ അമ്മയാകാനുള്ള ഭാഗ്യം കൈവന്നിരിക്കുന്നു.
പെറ്റ മകളെ നഷ്ടപ്പെട്ടപ്പോൾ പോറ്റിയ മകളെ സ്വന്തമാക്കാൻ ദൈവം വഴി തുറന്നിരിക്കുന്നു.

എനിക്ക് സമ്മതമാണ് സർ…ഞാൻ പറഞ്ഞു.
പക്ഷെ ഒരു കണ്ടീഷൻ, ഇനിമേൽ മദ്യപിക്കില്ല എന്ന സത്യം ചെയ്യണം…
ഞാൻ പറഞ്ഞു.
അദ്ദേഹത്തിന് ആലോചിക്കേണ്ടി വന്നില്ല.
മദ്യക്കുപ്പി എടുത്ത് താഴേക്ക്‌ വലിച്ചെറിഞ്ഞു.
പിന്നേ ഇനി എന്നെ സർ എന്നു വിളിക്കേണ്ട ,എന്റെ കുട്ടിയിടെ ‘അമ്മ എന്നെ ഇക്കാ എന്നോ ചേട്ടാ എന്നോ വിളിച്ചോളൂ…അദ്ദേഹം ചിരിച്ചു.
ശരി ചേട്ടാ ഞാൻ സമ്മതിച്ചു.

ഞാൻ പാത്തൂനെ എടുത്ത് ഉമ്മവെച്ചു.
അപ്പോൾ ആകാശത്ത് ഒരു നക്ഷത്രം തിളങ്ങി,ആ നക്ഷത്രം ആമിന ആയിരിക്കണം…

(ശുഭം).

ചെറുകഥ അയതിനാൽ വളരെ ചുരുക്കി മാത്രമേ എഴുതാൻ പറ്റൂ.
ലെങ്ത് കൂടിയാൽ ഒന്നിലധികം പാര്ടുകൾ ആയിപ്പോകും.

പിന്നെ artificial insemination വഴിയാണ് ലക്ഷ്മി ഗർഭം ധരിച്ചത്.

🌺വായിച്ചവർ ഒരു ലൈകും കമന്റും നൽകാൻ ശ്രമിക്കുമല്ലോ😀
സ്നേഹപൂർവം,
Varun mavelikara.

You may also like...

Leave a Reply

Your email address will not be published. Required fields are marked *