Home Stories ഇന്നേവരെ ഒരിക്കൽപോലും ഉപ്പയുടെ ജോലിയിൽ ഞാൻ ഉപ്പയെ സഹായിച്ചിട്ടില്ല…

ഇന്നേവരെ ഒരിക്കൽപോലും ഉപ്പയുടെ ജോലിയിൽ ഞാൻ ഉപ്പയെ സഹായിച്ചിട്ടില്ല…

“മോനെ സൈദാലിക്കയുടെ പറമ്പിൽ ഞാൻ കുറച്ചു വാഴ വെച്ചിട്ടുണ്ട്, നീ ഇടക്കൊക്കെ അവിടെയൊന്ന് പോയി നോക്കണേടാ..”.

ഉപ്പ ഉംറക്ക് പോയ സമയത്ത് എന്നെ ഏല്പിച്ചു പോയ ഒരേ ഒരു കാര്യമാണത്,

ചെറുപ്പം തൊട്ടേ എന്റെ ഉപ്പ കർഷകനാണ്, അതിൽ നിന്നും കിട്ടുന്ന വരുമാനത്തിൽ നിന്നാണ് ക്യാൻസർ രോഗിയായിരുന്ന ഭാര്യയും അഞ്ച് പെൺമക്കളും രണ്ട് ആണ്മക്കളുമടങ്ങുന്ന ഞങ്ങളുടെ കുടുംബത്തെ വലിയ പ്രയാസമൊന്നും അറിയിക്കാതെ ഉപ്പ നോക്കി വളർത്തിയത്, പെങ്ങന്മാരെയെല്ലാം ഉപ്പ ഓരോരുത്തരുടെ കയ്യിൽ ഏല്പിച്ചു, അവരെല്ലാം ഇപ്പോൾ ഭർത്താക്കന്മാരോടൊപ്പം അവരുടെ വീട്ടിൽ സന്തോഷത്തോടെ ജീവിക്കുന്നു, ഏട്ടനും വിവാഹം കഴിച്ച് തൊട്ടടുത്ത് തന്നെ ഒരു വീടെടുത്ത് താമസം അങ്ങോട്ട് മാറി, കഴിയുന്നത്ര ചികിത്സ നൽകിയെങ്കിലും ഉമ്മ ദൈവത്തിന്റെ വിധിക്ക് ഉത്തരം നൽകി സൃഷ്ടാവിന്റെ സന്നിധിയിലേക്ക് യാത്രയായി, എനിക്കും ഇപ്പോൾ അത്യാവശ്യം നല്ലൊരു ജോലിയുണ്ട്, ഞാനും സ്വന്തം കാലിൽ നിൽക്കാനായെന്ന് ഉപ്പ മനസ്സിലാക്കി, ഉപ്പയുടെ ബാധ്യതകളെല്ലാം നിറവേറ്റി എന്ന് ഉപ്പ മനസ്സിലാക്കിയ അടിസ്ഥാനത്തിലാണ് വർഷങ്ങളോളമായി മനസ്സിൽ കൊണ്ട് നടക്കുന്ന ഉംറ (മക്ക മദീന എന്ന പുണ്യ ഭൂമികൾ ദർശിക്കുക ) എന്ന സ്വപ്നം പൂവണിയിക്കാൻ ഉപ്പ യാത്രയായത്,

ഇന്നേവരെ ഒരിക്കൽപോലും ഉപ്പയുടെ ജോലിയിൽ ഞാൻ ഉപ്പയെ സഹായിച്ചിട്ടില്ല, ഉപ്പ എന്നോട് സഹായം അഭ്യർത്ഥിച്ചിട്ടും ഇല്ല, എന്നാൽ ആദ്യമായി ഉപ്പ എന്നോട് ഒരു സഹായം ആവശ്യപ്പെട്ടിരിക്കുകയാണ്,

ഉംറക്ക് പോകുന്ന സമയത്ത് വല്ല വാഴയും വീണുപോയാൽ അതിലുള്ള വാഴപ്പഴം വെട്ടി കടയിൽ കൊണ്ട് കൊടുക്കണം എന്നാണ് ഉപ്പ എന്നോട് ആവശ്യപ്പെട്ടത്,

എന്നാൽ ഉപ്പ പോയി പന്ത്രണ്ട് ദിവസം കഴിഞ്ഞിട്ടും ഞാൻ ആ വഴിക്ക് തിരിഞ്ഞ് നോക്കുക പോലും ചെയ്തിരുന്നില്ല,

എന്നാൽ ഇന്ന് സൈദാലിക്കയുടെ പറമ്പിനപ്പുറത്ത് താമസിക്കുന്ന സോമേട്ടൻ വീട്ടിൽ വന്ന് അവിടെ കുറച്ചു വാഴ വീണുപോയിട്ടുണ്ടെന്നും, പക്ഷികളും മറ്റു ജന്തുജാലങ്ങളും വന്ന് അത് ഭക്ഷിച്ച് പോകുന്നുണ്ടെന്നും പറഞ്ഞപ്പോൾ ഞാൻ ആ പറമ്പിലേക്കൊന്ന് ചെന്നു നോക്കി,

വാഴകൾക്കിടയിലൂടെയാണ് നടക്കുന്നതെങ്കിലും ആ പൊരിവെയിൽ എന്റെ ശരീരത്തെ തളർത്തി, പത്ത് പതിനഞ്ചോളം വാഴകൾ വീണു കിടപ്പുണ്ട്, അതിൽ രണ്ടെണ്ണം വാടി പഴിത്തിരിക്കുന്നു, ഓരോന്നായി വെട്ടി റോഡ് സൈഡിലേക്ക് എടുത്ത് കൊണ്ടുപോയി വെച്ചപ്പോഴേക്കും ഞാൻ ഒരു വിധം കുഴഞ്ഞിരുന്നു, അത്രക്കും ശക്തിയാണ് വെയിലിന്,

ആ നിമിഷങ്ങളിൽ ഞാൻ എന്റെ ഉപ്പയെ ഓർത്തുപോയി, ഒരു മരചില്ലയുടെ തണലുപോലുമില്ലാത്ത ആ കോട്ടപ്പറമ്പിൽ എരിയുന്ന വെയിലിന്റെ ചൂടേറ്റാണ് ഉപ്പ ഈ വാഴകളിത്രയും വളർത്തിയത്, എത്ര എത്ര ദിവസത്തെ അദ്ധ്വാനമാണ് ഈ കാണുന്നതെന്ന് ഞാൻ ചിന്തിച്ചു, ഞാൻ വെട്ടിയെടുക്കുന്ന ഓരോ വഴക്കുലകൾക്കും എന്റെ ഉപ്പയുടെ വിയർപ്പിന്റെ ഗന്ധമുണ്ടായിരുന്നു, കാരണം അത്രത്തോളം വിയർപ്പ് എന്റെ ഉപ്പ ഇവിടെ ഒഴുക്കിയിട്ടുണ്ടാകണം,

ബസ്സ്‌ കണ്ടക്ടറിൽ നിന്ന് ബാക്കി തരാനുള്ള ഒരു രൂപ ചോദിച്ച് വാങ്ങുമ്പോഴും, കടകളിലെല്ലാം പോയി സാദങ്ങൾക്ക് വിലപേശുമ്പോഴും, വില കുറഞ്ഞ തുണിത്തരങ്ങൾ ഞങ്ങൾക്ക് എടുത്ത് തരുമ്പോഴുമെല്ലാം എന്റെ ഉപ്പ എന്തൊരു പിശുക്കനാണെന്നുള്ള മോശമായ ചിന്തകളെല്ലാം അത് വിറ്റ് കിട്ടിയ കാശ് കണ്ടപ്പോൾ എനിക്ക് മാറി, ഇത്രയും കാലത്തെ അദ്ധ്വാനത്തിന് കിട്ടിയത് വെറും തുച്ഛമായ തുക,

അച്ഛൻ ആരാണെന്ന് തിരിച്ചറിയണമെങ്കിൽ തീർച്ചയായും അച്ഛനോടൊപ്പം ഒരാളായി നമ്മളും മാറണം,

പത്ത് മാസം വയറ്റിൽ കൊണ്ട് നടന്ന കഥ ആയിരം വട്ടം ഉമ്മ പറയുമ്പോഴും ഒരിക്കൽ പോലും തന്റെ അദ്ധ്വാനത്തിന്റെ കാഠിന്യം നമ്മുട അച്ഛന്മാർ നമ്മോട് പറയാറില്ല,

മാതാപിതാക്കളെ ബഹുമാനിക്കാൻ പഠിക്കുക, ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ട് സന്തോഷത്തോടെ ജീവിക്കുക,

LEAVE A REPLY

Please enter your comment!
Please enter your name here