രചന : ബിനു സി
“അതേ മോന്റെ സ്കൂളിൽ നിന്നും ടീച്ചർ വിളിച്ചു”,ഫോണിലൂടെ ഭാര്യ ഇങ്ങനെ പറഞ്ഞപ്പോൾ ഞാൻ വേവലാതി പെട്ടു.
കാരണം ടീച്ചർ വിളിച്ചു എന്ന് പറഞ്ഞാൽ എന്തോ കുഴപ്പം ഉണ്ട് എന്ന് അറിയാം.
‘എന്താ….? ‘ ഞാൻ ചോദിച്ചു.
” ഒന്നുല്ല നവംബർ 14 ചിൽഡ്രൻസ് ഡേ അല്ലെ, അന്ന് സ്കൂളിൽ പ്രോഗ്രാം ഉണ്ട്, കിച്ചുന്റെ പേര് കൊടുക്കട്ടെ എന്ന് ട്ടീച്ചർ ചോദിച്ചു “.
ഭാര്യ പറഞ്ഞു നിർത്തി.
“ഇത്രേ ഉള്ളൂ അത് നീ ഇഷ്ട്ടം പോലെ ചെയ്തോ “.
ഞാൻ പറഞ്ഞു.
ശരി എന്ന് പറഞ്ഞു അവൾ ഫോൺ വച്ചു.
എന്റെ മനസ്സിൽ അപ്പോഴും വേവലാതി വിട്ട് മാറിയിരുന്നില്ല.
കാരണം ഇതിനു മുൻപ് ഒരു ദിവസം ടീച്ചർ വിളിച്ചിരുന്നു. അന്ന് മോൻ സ്കൂളിൽ പോയി തുടങ്ങിയിട്ട് കുറച്ചു ദിവസമേ ആയിട്ടുള്ളു.
വിളിച്ച ഉടനെ ടീച്ചർ പറഞ്ഞു. “അതേ കുട്ടി പറഞ്ഞാൽ അനുസരിക്കുന്നില്ല”.
ഒരു മൂന്നു വയസുള്ള കുട്ടി എത്ര അനുസരണ കാണിക്കും അത് ഈ ടീച്ചറിനു അറിയില്ലേ… ഞാൻ മനസ്സിൽ കരുതി.
“എന്താ കാര്യം..? ” ഞാൻ ചോദിച്ചു.
“അതേ ഇന്ന് അവൻ ദേഷ്യപ്പെട്ടു ടോയ്ലെറ്റിൽ കയറി വാതിൽ അടച്ചു, പിന്നെ എത്ര പറഞ്ഞിട്ടും വാതിൽ തുറക്കുന്നില്ല.. ”
ടീച്ചർ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി.
“എന്നിട്ട്….? “ഞാൻ ആശങ്കയോടെ ചോദിച്ചു.
“കുഴപ്പമില്ല ഇവടെ ബിൽഡിംഗ് പണിക്ക് വന്ന ആളുകൾ വന്ന് വാതിൽ പൊളിച്ചു അവനെ പുറത്തു കൊണ്ട് വന്നു” ടീച്ചർ പറഞ്ഞു.
“കുഴപ്പം ഒന്നും ഇല്ലാലോ പിന്നെന്താ.. ” ഞാൻ പറഞ്ഞു.
“അതല്ല നിങ്ങൾ അവനെ പറഞ്ഞു മനസിലാക്കണം.. “അവർ വീണ്ടും പറഞ്ഞു.
എനിക്ക് ചെറുതായി ദേഷ്യം വന്നു. ഞാൻ പറഞ്ഞു
“ഒരു മൂന്ന് വയസുള്ള കുട്ടിയോട് എന്താ പറഞ്ഞു മനസിലാക്കേണ്ടത്.? പിന്നെ കുഞ്ഞ് കുട്ടികൾ ഉള്ള സ്കൂളിൽ വാതിലിന്റെ കൊളുത്ത് അവർക്ക് എത്താവുന്ന ഇടത്ത് എന്തിനാ പിടിപ്പിച്ചിരിക്കുന്നത് “.
എന്റെ മറുചോദ്യം കേട്ടപ്പോൾ, പിന്നെ അവർ ഒന്നും മിണ്ടിയില്ല.
അതിനു ശേഷം പിന്നെ എന്ത് കാര്യം ഉണ്ടെങ്കിലും ടീച്ചർ എന്നെ വിളക്കില്ല. എല്ലാം ഭാര്യയോട് വിളിച്ചു പറയും.
ഇങ്ങനെ ചിന്തിച്ചു ഇരുന്നപ്പോൾ ഫോൺ ശബ്ദിച്ചു. ഭാര്യ വീണ്ടും വിളിക്കുന്നതാണ്.
ഞാൻ ഫോൺ ചെവിയോട് അടുപ്പിച്ചു. ” അതേ വരുന്ന വ്യാഴാഴ്ചയാണ് പരിപാടി, ഇന്ന് തന്നെ ഡ്രസ്സ് മേടിച്ചോളു “. ഭാര്യ പറഞ്ഞു.
“എന്ത് ഡ്രസ്സ് ആ മേടിക്കേണ്ടത്..? “.
ഞാൻ ചോദിച്ചു.
“ചാച്ചാജി ടെ യോ പൊലീസോ എന്തെങ്കിലും മതി”.
അവൾ വീണ്ടും പറഞ്ഞു.
“ശരി ജുബയും തൊപ്പിയും മേടിക്കാം, ശിശു ദിനത്തിൽ ചാച്ചാജി മതി “. ഞാൻ പറഞ്ഞു.
‘ഉം ‘ അവൾ ഒന്ന് മൂളി.
ഇന്ന് തിങ്കൾ ആഴ്ച അല്ലേ ഇനി രണ്ട് മൂന്നു ദിവസം ഉണ്ടല്ലോ ഞാൻ മനസ്സിൽ കരുതി.
അങ്ങനെ അന്ന് ഡ്രസ്സ് മേടിക്കാൻ മറന്നു വീട്ടിൽ എത്തി.
പിറ്റേന്ന് കാലത്ത് ഭാര്യ ഓർമിപ്പിച്ചു ഇന്ന് മറക്കാതെ ഡ്രെസ് മേടിച്ചു വരണം എന്ന്.
പിന്നെ…. തീർച്ചയായും… എന്ന് പറഞ്ഞു ഞാൻ ഇറങ്ങി.
പക്ഷെ അന്ന് വൈകുന്നേരവും ഞാൻ ഡ്രസ്സ് മേടിക്കാതെ മടങ്ങി വന്നു.
ബുധനാഴ്ച രാവിലെ ഭാര്യ പറഞ്ഞു “ഇന്ന് മേടിച്ചു വന്നില്ലേൽ പിന്നെ മേടിക്കണ്ട, നാളെയാണ് പ്രോഗ്രാം” എന്ന്.
ഞാൻ തലകുലുക്കി വീട്ടിൽ നിന്ന് ഇറങ്ങി.
കാലത്ത് തന്നെ മേടിച്ചു വയ്ക്കണം എന്ന് മനസ്സിൽ കരുതി. ഓഫീസിൽ എത്തി ജോലി തിരക്കിനിടയിൽ ഞാൻ ആ കാര്യം പതിവ് പോലെ മറന്നു.
വൈകുന്നേരം അഞ്ചു മണിയോട് അടുത്തപ്പോൾ ഭാര്യയുടെ ഫോൺ വന്നു. വല്ല പച്ചക്കറിയോ പാലോ മേടിക്കാൻ ആയിരിക്കും എന്ന് മനസ്സിൽ കരുതി ഫോൺ എടുത്തു.
“ഡ്രസ്സ് മേടിച്ചോ..?. അവൾ ആദ്യം തന്നെ ചോദിച്ചു.
“ഇപ്പൊ പോവാ മേടിക്കാൻ.. ” ഞാൻ പറഞ്ഞു. അവൾ ഫോൺ വച്ച് കഴിഞ്ഞപ്പോൾ ഞാൻ മനസ്സിൽ പറഞ്ഞു.
ഈശ്വരാ ഇന്നും മറന്നേനെ…
അപ്പോൾ തന്നെ ഓഫീസിൽ നിന്നും ഇറങ്ങി നേരെ അടുത്തുള്ള കടയിൽ ചെന്നു. അവിടെ ജുബ്ബ ഉണ്ട് പക്ഷെ തൊപ്പി ഇല്ല. അങ്ങനെ ഒറ്റപ്പാലത്തെ രണ്ട് മൂന്നു കടകൾ കയറി ഇറങ്ങി. എല്ലാ ഇടത്തും ജുബ്ബ ഉണ്ട് പക്ഷെ തൊപ്പി കിട്ടാനില്ല. എല്ലാം തീർന്നു പോയത്രേ. ശ്ശെടാ ഇതെന്താ എല്ലാരും ജുബയും തൊപ്പിയും മാത്രം ആണോ മേടിക്കുന്നത്.
ഒടുവിൽ ഞാൻ ഒരു തീരുമാനത്തിൽ എത്തി ജുബ്ബ മേടിക്കാം, തൊപ്പി രാത്രി പാലക്കാട് ചെന്നിട്ട് മേടിക്കാം എന്ന്.
പക്ഷെ പതിവിലും വൈകിയാണ് പാലക്കാട് എത്തിയത്. മിക്കവാറും കടകൾ അടച്ചു. തൊപ്പി അന്വേഷിച്ചു ഞാൻ ടൗണിലെ കുറെ കടകൾ കയറി ഇറങ്ങി. നിരാശ തന്നെ ഫലം.
ഞാൻ ഭാര്യയെ വിളിച്ചു കാര്യം പറഞ്ഞു. തൊപ്പി കിട്ടാൻ ഒരു നിർവാഹവും ഇല്ല എന്ന്.
ഒടുവിൽ വേറെ ഏതെങ്കിലും ഡ്രെസ് മതി എന്ന് അവൾ പറഞ്ഞു.
അപ്പോഴേക്കും ഒരുപാട് വൈകിയിരുന്നു. ഒരു കടയിൽ ചെന്നപ്പോൾ അവിടെ സ്പൈഡർമാന്റെ ഡ്രസ്സ് കണ്ടു. ഞാൻ വീണ്ടും വീട്ടിലേക്ക് വിളിച്ചു ചോദിച്ചു. ഭാര്യക്ക് പറഞ്ഞു പറഞ്ഞു മടുത്തു എന്ന് തോന്നുന്നു, അവൾ പറഞ്ഞു സ്പൈഡർമാനോ ബാറ്റ്മാനോ എന്തെങ്കിലും മേടിച്ചു വരൂ.. എന്ന്
അതിനിടയ്ക്ക് മോന്റെ ശബ്ദം ഫോണിലൂടെ കേട്ടു. “എനിക്ക് സ്പൈഡർമാൻ മതി” എന്ന്.
അവസാനം ശിശുദിനത്തിൽ ചാച്ചാജി ടെ ഡ്രസ്സ് ഇടേണ്ട മോൻ, അതുമായി ഒരു ബന്ധവും ഇല്ലാത്ത സ്പൈഡർമാൻ ആയി.
വീട്ടിൽ എത്തിയപ്പോഴേക്കും മോൻ ഉറങ്ങിയിരുന്നു. കാലത്ത് ഉറക്കം ഉണർത്തിയത് മോന്റെ ശബ്ദം ആയിരുന്നു. സാധാരണ ഏഴു മണിയോടെ എഴുന്നേറ്റു വരാറുള്ള മോൻ ഇന്ന് ആറു മണിക്ക് തന്നെ ഉണർന്നു. അവൻ എന്റെ അടുത്ത് വന്നു ചോദിച്ചു “അച്ഛാ സ്പൈഡർമാന്റെ ഡ്രസ്സ് മേടിച്ചോ..? ” എന്ന്.
ഞാൻ ആ ഡ്രസ്സ് എടുത്തു കാണിച്ചു കൊടുത്തു. അവന്റെ കണ്ണുകൾ ആയിരം പൂത്തിരി കത്തിച്ച പോലെ തിളങ്ങി.
പതിവിലും നേരത്തെ അവൻ സ്കൂളിൽ പോവാൻ തയാറായി. വളരെ ഉത്സാഹത്തോടെ വീടിനകത്ത് അവൻ ഓടി നടന്നു.
ഓഫിസിൽ എത്തി പതിവ് ജോലിയിൽ മുഴുകി, പതിവ്പോലെ വൈകുന്നേരം ഭാര്യയുടെ വിളി വന്നു. ഞാൻ ഫോൺ എടുത്തു ” അതേ വരുമ്പോൾ കുറച്ചു ഉള്ളി മേടിച്ചു വരണം” അവൾ പറഞ്ഞു.
ശരി എന്ന് പറഞ്ഞു ഫോൺ വയ്ക്കാൻ നേരം എനിക്ക് മോന്റെ പ്രോഗ്രാം ഓർമ്മ വന്നു.
ഞാൻ ഭാര്യയോട് ചോദിച്ചു ” എന്തായി അവന്റെ ഫാൻസി ഡ്രസ്സ് “.
“ഓ…. ഒന്നും പറയണ്ട അത് ശരിയായില്ല… ”
അവൾ പറഞ്ഞു.
വീണ്ടും ചോദിച്ചപ്പോൾ കാര്യങ്ങൾ വ്യക്തമായി.
ഓരോ കുട്ടികളെ സ്റ്റേജിലേക്ക് കയറ്റി വിടും അവർ അവിടെ ചെന്ന് നിന്ന് തിരിച്ചു വരും.
കിച്ചൂന്റെ ഊഴം എത്തിയപ്പോൾ അവൻ സ്റ്റേജിൽ കയറാൻ കൂട്ടാക്കുന്നില്ല. എത്ര പറഞ്ഞിട്ടും അവൻ കയറുന്നില്ല. അവസാനം ടീച്ചർ വല്ലവിധേന നിർബന്ധിച്ചു സ്റ്റേജിൽ കയറ്റി വിട്ടു.
അവൻ പതുക്കെ നടന്നു സ്റ്റേജിന്റെ മധ്യഭാഗത്ത് എത്തി
അപ്പോഴാണ് മറ്റൊരു ട്വിസ്റ്റ്. സ്റ്റേജിൽ കയറിയ അവൻ തിരിച്ചു വരുന്നില്ല. അവിടെ തന്നെ വാശിപിടിച്ചു നിന്നു. കയറാൻ കൂട്ടാക്കാതിരുന്ന അവൻ ഇപ്പോൾ അവിടെ നിന്നും ഇറങ്ങാൻ കൂട്ടാക്കുന്നില്ല.
ടീച്ചർ പതിനെട്ടടവും പയറ്റി പക്ഷെ രക്ഷയില്ല.
ഒടുവിൽ ടീച്ചർ കിരീടത്തിലെ തിലകനെ പോലെ വിളിച്ചു പറഞ്ഞു “സ്റ്റേജിന്ന് താഴെ ഇറങ്ങു കിച്ചു.. നിന്റെ ടീച്ചറാടാ പറയുന്നേ എന്ന്.. “.
അങ്ങനെ ശിശുദിനത്തിൽ അച്ഛനെയും അമ്മയെയും ടീച്ചറേയും ശിശുവാക്കി കിച്ചു ആഘോഷിച്ചു. സാധാരണ ഞാൻ എത്തുമ്പോഴേക്കും ഉറങ്ങാറുള്ള മോൻ ഇന്ന് ഉറങ്ങാതെ കളിച്ചു നടക്കുന്നു.
അപ്പോഴും കാലത്തെ സ്പൈഡർമാന്റെ വേഷം തന്നെ. ആ ഡ്രസ്സ് അഴിക്കാൻ കൂട്ടാക്കുന്നില്ല. അതിട്ടു തന്നെ ഉറങ്ങാൻ പോയി.
മിക്കവാറും നാളെ ഞാൻ ഇങ്ങനെ പറയേണ്ടി വരും എന്നാ തോന്നുന്നേ..
” കിച്ചൂ…. നിന്റെ അച്ഛനാടാ..
പറയുന്നേ…. ആ ഡ്രസ്സ് അഴിക്കടാ…. എന്ന്.