Home Break fast പാലക്കാടൻ സ്പെഷ്യൽ രാമശ്ശേരി ഇഡ്ഡലി.. കിടിലൻ ടേസ്റ്റ് ആണ്!! എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും...

പാലക്കാടൻ സ്പെഷ്യൽ രാമശ്ശേരി ഇഡ്ഡലി.. കിടിലൻ ടേസ്റ്റ് ആണ്!! എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടപ്പെടുകയും വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ കഴിയുന്നതുമാണ്…

രാമശ്ശേരി ഇഡ്ഡലി

കണ്ടാല്‍ ഒരു തട്ടുദോശ ലുക്ക് ആണെങ്കിലും വിരല്‍ തൊടുമ്പോള്‍ മുതല്‍ മനസ്സിലാവും അതുക്കും മേലെ ആണെന്ന്. ചെറിയ ഒരു കഷ്ണം ഇത്തിരി എരിവുള്ള ചമ്മന്തിപ്പൊടിയില്‍ തൊട്ടു വായില്‍ വച്ചാലാണ് രുചി അറിയാന്‍ കഴിയുക. തൊണ്ട വഴി താഴോട്ട് എന്തോ ഒന്ന് അലിഞ്ഞ് ഇറങ്ങുന്ന അനുഭവം. അരി വറുത്തത് , കുരുമുളക് , ഉഴുന്ന് പൊടി, വറ്റല്‍ മുളക് എന്നിവചേര്‍ത്തുണ്ടാക്കുന്ന ചമ്മന്തിപ്പൊടിയാണ് കൂട്ട് എങ്കില്‍ പിന്നെ പറയുകയും വേണ്ട. ഒരിക്കല്‍ കഴിച്ചാല്‍ പിന്നെ പാലക്കാടിന്റെ ഏഴയലത്തു കൂടി പോയാലും കാലുകള്‍ രാമശ്ശേരിയ്ക്കു പോകും.

രാമശ്ശേരി എന്നു കേട്ടപ്പോള്‍ തന്നെ മുകളില്‍ പറഞ്ഞത് എന്തിനെക്കുറിച്ചാണ് എന്നു മനസ്സിലായിട്ടുണ്ടാവും. അതേ: നമ്മുടെ സ്വന്തം രാമശ്ശേരി ഇഡ്ഡലിയെപ്പറ്റിത്തന്നെ.

ഇഡ്ഡലികളില്‍ത്തന്നെ സ്പെഷ്യല്‍ ഐറ്റമായ രാമശ്ശേരി ഇഡ്ഡലി കേരളത്തിലെ പലഹാരങ്ങളുടെ ഇടയില്‍ പ്രത്യേകിച്ച് മുഖവുര വേണ്ടാത്ത ഒന്നാണ്. ലോക ഇഡ്ഡലി ദിനത്തില്‍ നമ്മുടെ സ്വന്തം രാമശ്ശേരി ഇഡ്ഡലിയുടെ ചില വിശേഷങ്ങള്‍ ആയാലോ.

പാലക്കാട് കോയമ്പത്തൂര്‍ ദേശീയപാതയില്‍ നെല്‍പ്പാടങ്ങളുടെ മധ്യത്തില്‍ ഇലപ്പുള്ളിയ്ക്കടുത്തായാണ് രാമശ്ശേരി എന്ന കൊച്ചു ഗ്രാമം. ഇവിടെ ചുട്ടെടുക്കുന്ന ഇഡലിയുടെ പേരില്‍ ഈ ഗ്രാമത്തിന്റെ പുകള്‍ കടല്‍ കടന്നും പോയിരിക്കുന്നു.

നാടന്‍ ഇഡ്ഡലിയില്‍ നിന്നും രാമശ്ശേരി ഇഡ്ഡലിയെ വ്യത്യസ്തമാക്കുന്നത് രുചി മാത്രമല്ല. ഫ്രിഡ്ജില്‍ വയ്ക്കാതെ തന്നെ നാലു ദിവസത്തോളം ഇത് കേടു കൂടാതെയിരിക്കും. പണ്ടുകാലത്തെ രാമശ്ശേരി ഇഡ്ഡലി ഒരാഴ്ച വരെ കേടു കൂടാതെ ഇരിക്കുമായിരുന്നു.

രാമശ്ശേരി ഇഡ്ഡലിയുടെ ചരിത്രം.

മുതലിയാര്‍ സമുദായത്തില്‍പ്പെട്ട ചിറ്റൂരി എന്ന സ്ത്രീ ഉപജീവനമാര്‍ഗ്ഗമായാണ് രാമശ്ശേരി ഇഡ്ഡലി ഉണ്ടാക്കുനത് ആരംഭിച്ചത് എന്ന് പറയപ്പെടുന്നു. ഇവര്‍ പാരമ്പര്യമായി നെയ്ത്തുകാര്‍ ആയിരുന്നുവെന്നും തഞ്ചാവൂര്‍ നിന്നാണ് കേരളത്തിലേക്ക് വന്നതെന്നും പറയപ്പെടുന്നുണ്ട്. നെയ്ത്ത് കുറയുകയും ഉപജീവനമാര്‍ഗ്ഗം ഇല്ലതെയാവുകയും ചെയ്തതോടെ മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലാതെ ഇവര്‍ ഇഡ്ഡലി നിര്‍മ്മാണത്തിലേക്ക് തിരിയുകയായിരുന്നു എന്നാണ് ചരിത്രം. അവരുടെ പരമ്പരയില്‍പ്പെട്ട നാലോ അഞ്ചോ കുടുംബങ്ങള്‍ക്കു മാത്രമേ ഇന്നും രാമശ്ശേരി ഇഡ്ഡലിയുടെ രഹസ്യകൂട്ട് അറിയൂ.

മൂന്നു നൂറ്റാണ്ടു മുമ്പ് കൃഷിയിടങ്ങളിലെത്തിച്ചായിരുന്നു ഇതിന്റെ വിൽപ്പന, പ്രശസ്തിയാർജ്ജിച്ചതോടെ ഇവ ഹോട്ടലുകളിലും, റസ്റ്റോറന്റുകളിലും വിതരണം ചെയ്തു തുടങ്ങി.

വിവാഹം കഴിച്ചു കൊണ്ടു വന്നപ്പോള്‍ തന്റെ ഭര്‍തൃമാതാവാണ് തനിക്ക് രഹസ്യക്കൂട്ട് പറഞ്ഞു തന്നതെന്ന് മുതലിയാര്‍ കുടുംബാംഗമായ മഹേശ്വരിയമ്മ പറയുന്നു. ഇന്നും ഇഡ്ഡലിക്ക് ആവശ്യക്കാര്‍ ഏറെയാണെന്നും അവര്‍ വ്യക്തമാക്കുന്നു.

‘പണ്ടൊക്കെ നാലു ദിവസത്തില്‍ കൂടുതല്‍ കേടു കൂടാതെ ഇരിക്കുമായിരുന്നു. ഇന്ന് 24 മണിക്കൂര്‍ ഗ്യാരന്‍റി മാത്രമേ നല്‍കാറുള്ളൂ. മായമില്ലാത്ത അരി കിട്ടാനില്ല, അതാണ്‌ ഇപ്പോഴത്തെ പ്രശ്നം. മോശം അരിയായതിനാല്‍ അത്രമാത്രമേ ഗ്യാരന്‍റി പറയാനാകൂ’- മഹേശ്വരിയമ്മ തങ്ങള്‍ നേരിടുന്ന പ്രശ്നം വ്യക്തമാക്കി .

പാലക്കാടന്‍ പൊന്നി അരിയാണ് ഇഡ്ഡലിയുടെ മാവിനായി ഉപയോഗിക്കുന്നത്. ഇതില്‍ കറുത്ത ഉഴുന്നും ഉലുവയും അരച്ചു ചേര്‍ക്കും എന്നാണ് പറയപ്പെടുന്നത്‌. അരയ്ക്കുന്നതിലെ മികവും, കൂട്ടിലെ പാകവും, പിന്നെ രാമശേരിയുടെ കൈപ്പുണ്യവുമാണ് രാമശ്ശേരി ഇഡ്ഡലിയുടെ രുചി നിര്‍ണ്ണയിക്കുന്ന ഘടകങ്ങള്‍. മേല്‍പ്പറഞ്ഞ കൂട്ടുകള്‍ ഒക്കെ വച്ച് പലരും പരീക്ഷിച്ചിട്ടുണ്ടെങ്കിലും ഇന്നു വരെ വിജയം കണ്ടതായി അറിവില്ല.

ആകെ പുറത്തറിയാവുന്നത് ഇഡ്ഡലി മാവില്‍ നിന്നും പ്ലേറ്റിലേക്കും അവിടുന്ന് വയറിലേക്കും എത്തുന്നത് മാത്രമാണ്.

രാമശ്ശേരി ഇഡ്ഡലിയുടെ പാചക രീതി

പ്രത്യേകമായി ചെയ്ത മണ്‍ പാത്രത്തിലാണ് തട്ടു തട്ടായി ഇഡ്ഡലി ഉണ്ടാക്കുക. 10 കിലോ അരിക്ക് 1 1/2 കിലോ ഉഴുന്നാണ് കണക്ക്. ഉലുവ 50 ഗ്രാം. ഇവ മൂന്നും കൂടി നന്നായി അരച്ചു വയ്ക്കും. പാചകം വിറകടുപ്പ് ഉപയോഗിച്ച് മാത്രം. മണ്‍പാത്രത്തിന്റെ വായ ഭാഗത്ത് വലപോലെയുള്ള തുണി ബലമായി കെട്ടി അതില്‍ ഇഡലി മാവ് ഒഴിച്ച് മറ്റൊരു മണ്‍ പാത്രം കൊണ്ട് അടച്ചു മൂടി ആവിയില്‍ പുഴുങ്ങിയാണ് രാമശ്ശേരി ഇഡ്ഡലി നിര്‍മ്മിക്കുക. എന്നിട്ട് കൈകൊണ്ട് തൊടാതെ പ്ലാശിന്റെ ഇലകൊണ്ടാണ് ഇവ ഇളക്കി എടുക്കുക. മൂന്നോളം അടുക്കുകളായി ആണ് ഇത് തയ്യാറാക്കുക. ഒരു രാമശ്ശേരി ഇഡ്ഡലി അഞ്ചു രൂപയ്ക്കാണ് ലഭിക്കുക.

പണ്ട് പുളിമരത്തിന്റെ വിറകായിരുന്നു പാചകത്തിനുപയോഗിക്കുക. ഇപ്പോൾ ഇതു കിട്ടാനുള്ള വിഷമം മൂലം ഗ്യാസടുപ്പാണ് പലരും ഉപയോഗിക്കുന്നത്.

പിഴക്കുന്ന പാചകരഹസ്യം

രാമശ്ശേരി ഇഡ്ഡലിയെക്കുറിച്ച് ഒരു കഥ കേട്ടിട്ടുണ്ട്. നാട്ടിലെ ഒരു പ്രശസ്ത ഹോട്ടല്‍ ഉടമക രാമശ്ശേരി ഇഡ്ഡലിയുടെ നേട്ടം സ്വന്തമാക്കാനായി രാമശ്ശേരിയില്‍ ഇഡ്ഡലി പാചകത്തില്‍ സഹായിയായ ഒരു സ്ത്രീയെ കൊണ്ടുപോയി. അങ്ങനെ അവരുടെ അത്യാധുനിക അടുക്കളയില്‍ ഇഡ്ഡലിയുണ്ടാക്കാനൊരുങ്ങി. സാധനങ്ങളൊക്കെ ഒരുക്കി ഇഡ്ഡലിയുണ്ടാക്കാനുള്ള പണി ആരംഭിച്ചു. പക്ഷെ, ഇഡ്ഡലിക്കു പകരം ആ അടുക്കളയില്‍ വെന്തത് ഇഡ്ഡലിയും ദോശയുമല്ലാത്ത മറ്റെന്തോ അപൂര്‍വ ഭക്ഷണമായിരുന്നു.
ഇതു തന്നെയാണ് രാമശ്ശേരി ഇഡ്ഡലിയുടെ ഏറ്റവും വലിയ പ്രത്യേകതയും. ഈ രുചിരഹസ്യം ആര്‍ക്കും കോപ്പിയടിക്കാനാവില്ല. ഇവിടെ ഏതു വീടുകളിലെത്തിയാലും പാചകരീതി കൃത്യമായി വിവരിച്ചുകൊടുക്കാറുണ്ടിവര്‍. പക്ഷെ, അതിനനുസരിച്ച് ആരുണ്ടാക്കി നോക്കിയിട്ടും ഇതുവരെ രാമശ്ശേരി ഇഡ്ഡലിയുണ്ടാക്കാന്‍ പറ്റിയിട്ടില്ലെന്നതാണു വാസ്തവം. പലരും ഇതുപോലെ പരീക്ഷിച്ചിട്ടുണ്ടെങ്കിലും ഇവിടെ ഉണ്ടാക്കുന്നതിന്റെ രുചി ലഭിക്കാത്തതു കൊണ്ടു വെളിപ്പെടുത്തുന്ന ചേരുവകള്‍ക്കപ്പുറം മറ്റെന്തോ രഹസ്യമുണ്ടെന്നാണു ജനങ്ങളുടെ അനുഭവസാക്ഷ്യം.

റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here