മണിയറയിലെ മഹാ രഹസ്യങ്ങൾ
രചന : Shelly Shawn
ആദ്യരാത്രി പരിചയപ്പെടലുകളുടേതും പരസ്പരം മനസിലാക്കലുകളുടേതും ആയിരുന്നു
”സുരഭിയുടെ ഈ സിംപ്ലിസിറ്റി, സ്ട്രൈറ് ഫോർവേഡ്നെസ്സ് ഇതൊക്കെയാണ് എനിക്ക് ഇഷ്ടപ്പെട്ടത് ”
സഞ്ജു പറയുന്നത് അവൾ കേട്ടിരുന്നു
അവന്റെ മൊബൈൽ ശബ്ദിച്ചു… മെസേജുകൾക്ക് ഔചിത്യങ്ങൾ ഇല്ലായിരുന്നു. അവ ഏത് നേരത്തും കടന്നു വന്നിരുന്നു.
പക്ഷെ അവ വിനീതയുടെ നമ്പറിൽ നിന്നാണെന്ന് കണ്ടപ്പോൾ ഒരു വല്ലായ്ക.
അവളുടെ വിവാഹം കഴിഞ്ഞ മാസം ആയിരുന്നു. അതോടുകൂടി എല്ലാം അവസാനിച്ചു എന്ന് വിചാരിച്ചിരുന്നു. വീണ്ടും അവൾ എന്തിനു വിടാതെ പിന്തുടരുന്നു ?
സഞ്ജുവിന്റെ മനസ്സിൽ കാർമേഘങ്ങൾ ഉരുണ്ടു കൂടി
പക്ഷെ വൈകി ആണെങ്കിലും ഒരു കാര്യം തിരിച്ചറിഞ്ഞു, കഴിഞ്ഞ വാലന്റൈൻസ് ഡേയ്ക്ക് അയച്ച് ,ഇടയ്ക്ക് പാതി മുറിഞ്ഞു കിട്ടാതെ പോയ സന്ദേശങ്ങൾ ആണവ
പ്രണയ സന്ദേശങ്ങളുടെ ബാഹുല്യതയിൽ വിവര വിനിമയ ശ്രുംഖലകൾ തകരാറിലായതായി പത്രത്തിൽ വായിച്ചത് ഓർത്തു
” ഞാൻ എന്താ സിംപിളും സ്ട്രൈറ് ഫോർവേഡും ആണെന്ന് തോന്നാൻ കാരണം ” അതായിരുന്നു ആ സന്ദേശത്തിന്റെ ഉള്ളടക്കം
മൊബൈലിൽ നിന്നും ദൃഷ്ടി ഉയർത്തി സുരഭിയോടായി
” ഇന്ന് മുതൽ ഞാനോ നീയോ ഇല്ല..നമ്മൾ മാത്രമേ ഉള്ളൂ ”
സന്ദേശങ്ങൾ വീണ്ടും പാഞ്ഞു വന്നുകൊണ്ടിരുന്നു , അതിലെ ഉള്ളടക്കങ്ങൾ തന്റെ ജീവിതം ഒരു ചാക്രിക പാതയിലാണ് സഞ്ചരിക്കുന്നത് എന്ന് സഞ്ജുവിനെ തോന്നിപ്പിച്ചു
” അല്ലെങ്കിലും ഏട്ടൻ ഒരിക്കലും വിനുവിനോട് വേർ തിരിവ് കാണിച്ചിട്ടില്ലല്ലോ”
”ആരാ ഏട്ടാ ഈ നേരത്ത് മെസ്സേജ് അയക്കുന്നത് ,സുരഭിക്ക് ബോറടിച്ച് തുടങ്ങിയത് പോലെ ”
”സുരഭീ ഞാൻ ആദ്യം കണ്ട് ഇഷ്ടപ്പെടുന്ന പെണ്ണ് നീയാണ് ”
നിശബ്ദമാക്കിയ ഫോണിലേക്ക് വീണ്ടും നോക്കാൻ സഞ്ജുവിനെ മനസ്സ് അനുവദിച്ചില്ല
സുരഭി പറഞ്ഞു തുടങ്ങി
” ഏട്ടന്റെ ഈ സിംപ്ലിസിറ്റി, സ്ട്രൈറ് ഫോർവേഡ്നെസ്സ് ഇതൊക്കെയാണ് എനിക്ക് ഇഷ്ടപ്പെട്ടത് ”
”ഒരു നിമിഷം ഞാൻ കണ്ണൊന്നടച്ച് കൊള്ളട്ടെ ,എന്റെ സുരഭിക്കുട്ടിയുടെ കഥ കേൾക്കുവാൻ ”
കണ്ണുകളടച്ച് സഞ്ജു കാതോർത്തു , അവളുടെ ഫോണിൽ സന്ദേശങ്ങൾ ഒന്നും വന്നിരുന്നില്ല
ഡെലിവറി കൊതിച്ച ആരുടെയോ സന്ദേശങ്ങൾ ഒടിഞ്ഞു നുറുങ്ങിയ സിമ്മിൽ നിന്നും ഇരുവഴിഞ്ഞിപ്പുഴ ഏറ്റുവാങ്ങി
അങ്ങകലെ ദൂരെ എവിടെയോ ഒരു മുറിയുടെ ഇരുട്ടിൽ വിനീത കഥ പറയുകയായിരുന്നു -ഭർത്താവിനോട്
” ആദ്യമായി സ്നേഹിക്കുന്ന പുരുഷൻ താങ്കളാണെന്ന് ”
ഇടയ്ക്കൊക്കയും അവളുടെ ഫോണിലും സന്ദേശങ്ങൾ വന്നു പൊയ്ക്കൊണ്ടിരുന്നു