Home Stories സാർ അത് പറയുമ്പോൾ അയാളുടെ കണ്ണുകൾ തന്റെ ശരീരത്തിലേക്കായിരുന്നു…

സാർ അത് പറയുമ്പോൾ അയാളുടെ കണ്ണുകൾ തന്റെ ശരീരത്തിലേക്കായിരുന്നു…

കയ്യൊപ്പ്

രചന : Shelly Shawn

പ്രബന്ധം ഞാൻ ഒന്ന് പഠിക്കട്ടെ , നാളെ വൈകിട്ട് വീട്ടിലേക്ക് വരൂ, പരിശോധിച്ച് ഒപ്പ് വെച്ച് നൽകാം എന്ന് ഹർഷൻ സാർ പറയുമ്പോൾ അയാളുടെ കണ്ണുകൾ തന്റെ ശരീരത്തിലേക്കായിരുന്നു എന്ന് വൈശാലി തിരിച്ചറിഞ്ഞു

മുൻപും കേട്ടിട്ടുണ്ട് അയാളെക്കുറിച്ച്, അയാളുടെ ക്യാബിനിൽ നിന്നും നിറകണ്ണുകളോടെ ഇറങ്ങി നടന്നുപോയ പെൺകുട്ടികളെ കുറിച്ച്

അയാളാണ് അവളുടെ ഗവേഷണത്തിന് മേൽനോട്ടം വഹിക്കുന്നത് എന്ന് കേട്ടപ്പോഴേ പലരും വിലക്കിയതാണ് ..അത് വേണ്ട എന്ന്

സാമൂഹിക സേവനത്തിൽ ഒരു ഗവേഷണം, ഒരു പ്രബന്ധം അത് അവളെ സംബന്ധിച്ച് ഒരു സ്വപ്നമായിരുന്നു

പഠനവുമായി നടന്നു ചെന്ന ഗ്രാമങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ കടന്നു ചെല്ലാത്തവ, പട്ടിണിയുടെ പടു ചുഴിയിൽ വീണു കിടക്കുന്നവർ, അവരെയൊക്കെയും എങ്ങനെയെങ്കിലും സഹായിക്കണം എന്ന് അവൾക്ക് ഏറെ തോന്നിയിരുന്നു

നീണ്ട നാളത്തെ കഷ്ടപ്പാടുകൾക്കൊടുവിലാണ് ആ പ്രബന്ധം എഴുതി പൂർത്തിയാക്കിയത്, മേൽനോട്ടം വഹിച്ച അധ്യാപകന്റെ കൈയൊപ്പോടുകൂടിയെ അത് അവതരിപ്പിക്കാൻ സാധിക്കൂ

ആയതിലേക്ക് അയാളെ സമീപിച്ചപ്പോഴാണ് വീട്ടിലേക്കുള്ള ക്ഷണം

അനിഷ്ടം തോന്നിയാൽ വർഷങ്ങൾ നീണ്ട കഷ്ടപ്പാടുകൾക്ക് കടലാസുകളുടെ വില മാത്രമേ ഉണ്ടാവൂ

പോകുവാൻ തന്നെ തീരുമാനിച്ചു

ഉള്ളിലേക്ക് ക്ഷണിച്ചപ്പോൾ നിരസിച്ചു, നിർബന്ധിച്ചപ്പോൾ അനുസരിക്കേണ്ടി വന്നു

അയാൾ അവളുടെ കൈകളിൽ പിടിച്ചു

അവൾ എതിർത്തില്ല ..തല താഴ്ത്തി നിന്നു

”എന്റെ പ്രബന്ധം ?”

അവൾക്ക് സന്തോഷമായിക്കോട്ടെ എന്ന് വിചാരിച്ചാവണം അവൾ മറിച്ച പേജുകളിൽ യാന്ത്രികമായി അയാൾ കൈ രേഖകൾ പതിപ്പിച്ചു

കുടിക്കുവാൻ അവൾക്ക് അയാൾ ഒരു പാനീയം നീട്ടി

കാളിംഗ് ബെൽ ശബ്ദിച്ചു

രസച്ചരട് പൊട്ടിയത് പോലെ എന്തോ പിറുപിറുത്ത് കൊണ്ട് അയാൾ വാതിൽക്കലേക്ക് നടന്നു

” വൈശാലിയില്ലേ സാർ ” നേഹയുടെ ചോദ്യം

”ഇല്ലല്ലോ..അവൾ എങ്ങനെ ഇവിടെ വരാൻ ”

” അവൾ പറഞ്ഞിരുന്നു വൈകിട്ട് സാറിനെ കാണാൻ വരുന്ന കാര്യം, മാത്രവുമല്ല ..അവളുടെ ചെരിപ്പല്ലേ ഈ കാണുന്നത് ”

അവളുടെ ചോദ്യങ്ങൾ അയാളെ അലോസരപ്പെടുത്തി

ഉള്ളിൽ നിന്നും പുറത്ത് ചാടാൻ വെമ്പി നിന്നിരുന്ന വൈശാലി ആ സമയം പുറത്തേക്ക് വന്നു

അവരിരുവരും ഗേറ്റ് കടന്നു പോയപ്പോൾ ഈർഷ്യയോടെ അയാൾ വാതിൽപ്പടിയിൽ മുഷ്ടി ചുരുട്ടി ഇടിച്ചു

പ്രബന്ധാവതരണം ശുഭമായി കഴിഞ്ഞു

സാമൂഹിക സേവന രംഗത്ത് പുതിയൊരു പ്രബന്ധം കൂടി പിറവി കൊണ്ടു

ഹർഷനും ഉണ്ടായിരുന്നു ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിലുള്ള സ്വീകരണം

പാവപെട്ട കുറെ ആളുകളുടെ കഷ്ടപ്പാടുകൾ അടുത്തറിഞ്ഞു അവർക്ക് വേണ്ടി തന്റെ വീടും സമ്പാദ്യങ്ങളും ഇഷ്ടദാനം ചെയ്ത ആ മഹാനുഭാവനെ സദസ്യർ പ്രശംസകൾ കൊണ്ട് മൂടി

കാൽച്ചുവട്ടിലെ മണ്ണൊലിച്ചുപോവുമ്പോൾ അയാൾ തിരിച്ചറിയുകയായിരുന്നു

താൻ ഒപ്പിട്ടു കൊടുത്തത് പ്രബന്ധം മാത്രമായിരുന്നില്ല…തന്റെ സകല സമ്പാദ്യങ്ങളുടെയും തീറാധാരം ആയിരുന്നു എന്ന്

കൺനീരണിഞ്ഞു പോയ അനേകം മിഴികൾക്ക് ഒരു ശ്രാദ്ധമൂട്ടി വൈശാലി തലയുയർത്തി നിന്നു .

LEAVE A REPLY

Please enter your comment!
Please enter your name here