Home Stories അവളുടെ തണുത്ത മറുപടിയിയ്ക്ക് എന്തു പറയണമെന്നറിയാതെ അവൻ ഒരു നിമിഷം കണ്ണടച്ചിരുന്നു…

അവളുടെ തണുത്ത മറുപടിയിയ്ക്ക് എന്തു പറയണമെന്നറിയാതെ അവൻ ഒരു നിമിഷം കണ്ണടച്ചിരുന്നു…

ജ്വാല

രചന : Santhosh Appukuttan

“ആനീ ലെസ്ബിയനാണോ?”

നിമിഷങ്ങൾക്കൊടുവിൽ വിവേക് മുഖമുയർത്തി അതു ചോദിക്കുമ്പോൾ അവളുടെ മുഖം വിവർണമായി.

ചുണ്ടോട് ചേർന്നിരുന്ന ജ്യൂസ് ഗ്ലാസ്സ് യാന്ത്രികമായി ഗ്ലാസ്ടേബിളിനു മുകളിൽ നിശ്ചലമായി.

” എന്താ നീ ചോദിച്ചത്?”

സ്വപ്നത്തിൽ നിന്നുണർന്നതു പോലെയുള്ള ആനിയുടെ ചോദ്യവും, നോട്ടവും നേരിടാനാകാതെ വിവേക് വീണ്ടും മുഖം താഴ്ത്തി.

കർചീഫെടുത്തു മുഖം തുടച്ചുക്കൊണ്ട് അവൾ ചുറ്റും നോക്കി.

അടുത്തടുത്തായി കസേരകളിൽ ഇരിക്കുന്ന കമിതാക്കൾ അവരുടേതായ ലോകത്താണ്.

” അതിന് നീയെന്തിന് ഇത്ര വിറയ്ക്കുന്നത്?”

വിവേക് ജ്യൂസ്ഗ്ലാസ്സ് ചുണ്ടോടു ചേർത്ത് അവളെ നോക്കി.

അവൾ ഒരു വരണ്ട ചിരി അവനു സമ്മാനിച്ച് ജ്യൂസ് എടുത്ത് ചുണ്ടോടു ചേർത്തു.

“എനിക്ക് ഒരു പതർച്ചയുണ്ടായിയെന്നുള്ളത് സത്യം. അത് പക്ഷേ നീ കരുതുന്നതു പോലെ ലെസ്ബിയൻ ആണോന്ന് കേട്ടപ്പോഴല്ല. പക്ഷേ ഈ ചോദ്യം ഉന്നയിച്ചത് ഒരു വർഷത്തോളമായി എന്നെ പ്രണയിക്കുന്ന നീ ആണല്ലോ എന്നോർത്തിട്ടാണ് ”

അവളുടെ തണുത്ത മറുപടിയിയ്ക്ക് എന്തു പറയണമെന്നറിയാതെ അവൻ ഒരു നിമിഷം കണ്ണടച്ചിരുന്നു.

“സ്വവർഗാനുരാഗം കുറ്റമൊന്നുമല്ലല്ലോ? അത് നിയമത്തിനു എതിരുമല്ല.പിന്നെ എന്തിന് ന്യൂക്ലിയർബോംബ് ഒളിപ്പിച്ചിട്ടുണ്ടോ എന്ന ശൈലിയിൽ ഒരു ചോദ്യം?”

ആനിയുടെ ഉറച്ച ചോദ്യത്തിനു മുന്നിൽ വിവേക് വിയർത്തു പോയി.

“എനിക്ക് എൻ്റേതായ ഇഷ്ടങ്ങളുണ്ട്. അതിനിപ്പുറത്തേക്ക് ആരെയും ഞാൻ കടത്തില്ല. നിന്നെപോലും ”

ചോദിച്ചത് അബദ്ധമായെന്നറിഞ്ഞ വിവേക് തലയും കുമ്പിട്ടിരുന്നു.

“നീ വിളിച്ചിടത്ത് വരാത്തതു കൊണ്ടാണോ അതോ നീയെന്നെ ചുംബിക്കാനൊരുങ്ങുമ്പോൾ തടയുന്നതു കൊണ്ടാണോ നിൻ്റെ ഈ ചോദ്യം?”

കത്തിക്കയറുന്ന ആനിയെ ദയനീയതയോടെ നോക്കി വിവേക്.

” അതാണെങ്കിൽ അതൊരിക്കലും നീ എത്ര കെഞ്ചിയാലും എന്തിന് നീ മരിക്കുമെന്ന് പറഞ്ഞാൽ പോലും,നിനക്ക് കിട്ടാൻ പോണില്ല. കാരണം എന്നെ സൂക്ഷിക്കേണ്ടത് ഞാൻ തന്നെയാണെന്ന ചിന്തയുള്ള ഒരു പെണ്ണായതു കൊണ്ട്. ”

അവൾ ജ്യൂസെടുത്ത് ഒരിറക്ക് കുടിച്ച് അവനെ കടുപ്പത്തിലൊന്നു നോക്കി.

” ആനീ നീയെന്തിനാണ് ഈ എഴുതാപ്പുറം വായിക്കുന്നത്?”

ആനി ഒരു പരിഹാസച്ചിരിയോടെ അവൻ്റെ മുഖത്തു നോക്കി.

” അപ്പോൾ നീ ഇപ്പോൾ വായിച്ചത് എഴുതിയ പുറമാണോ?”

അവളുടെ ഓരോ ചോദ്യങ്ങളിലും അവൻ്റെ മുഖത്തെ രക്തം
വാർന്നുകൊണ്ടിരുന്നു.

“നീ ആ ജ്യൂസ് കുടിക്ക് ”

ആനിയുടെ ഉറച്ചവാക്ക് കേട്ടപ്പോൾ അവൻ പൊടുന്നനെ ജ്യൂസ് കാലിയാക്കി.

“പിന്നെ വിവേക്, പരസ്പരം പോരാടുന്നവർക്കല്ല ഈ മണ്ണിൽ ഒന്നിച്ചുജീവിക്കാൻ അർഹത. പകരം പരസ്പരം സ്നേഹിക്കുന്നവർക്കാണ്.അതിന് ജാതിയുടെയോ, മതത്തിൻ്റെയോ എന്തിന് ലിംഗത്തിൻ്റെ വേർതിരിവ് പോലും നോക്കേണ്ടതില്ല ”

” എന്നിൽ നിന്നുയർന്ന ആ ചോദ്യം മറന്നേക്ക് ആനീ? ”

ഒരു ചോദ്യത്തിന് ഒരായിരം ഉത്തരങ്ങളുമായി അവൾ കത്തിക്കയറുമ്പോൾ, അവൻ പതിയെ കസേരയിൽ നിന്നെഴുന്നേറ്റു.

ഇവരുടെ സംഭാഷണം കേട്ടുകൊണ്ടിരുന്ന എതിരെയുള്ള കസേരയിൽ ഇരുന്നവനെ വിവേക് ദയനീയമായൊന്നു നോക്കി.

അവൻ്റെ ചുണ്ടിൽ അപ്പോൾ പരിഹാസത്തിൻ്റെ തിരമാലകൾ ഉയർന്നു താണിരുന്നു.

“എവിടേയ്ക്ക് ഇത്ര ധൃതിയിൽ പോകുന്നത് വിവേക് .അവിടെ ഇരിക്ക്. പുറത്തു മഴ കോരി ചൊരിയുന്നത് കണ്ടില്ലേ?”

വിവേകിനോട് ചോദിച്ചു കൊണ്ട് ആനി പുറത്ത് പെയ്യുന്ന മഴയിലേക്ക് സാകൂതം നോക്കി ഇരുന്നു.

“ഈ കോരിച്ചൊരിയുന്ന മഴയത്ത് ഞാൻ ജ്യൂസ് കുടിക്കുന്നത്,മറ്റുള്ളവർക്ക് ഭ്രാന്തായി തോന്നാം.
പക്ഷെ അതെൻ്റെ തീരുമാനം. ”

പറഞ്ഞു വരുന്നത് നിർത്തി ആനി വിവേകിനെ ഒന്നു സൂക്ഷിച്ചു നോക്കി.

” കൂടെയിരുന്നു നീ കുടിച്ചത് എൻ്റെ ഇഷ്ടങ്ങൾക്കൊപ്പം കൂട്ടുകൂടിയാണെന്ന്‌ വിചാരിച്ചു. ബട്ട് ഈ ഒരു ചോദ്യം ചോദിക്കാനാണെന്നറിഞ്ഞില്ല ”

ഒന്നും പറയാൻ കഴിയാതെ വിവേക് തല കുനിച്ചിരിക്കുമ്പോൾ അവൾ അവൻ്റെ കൈയിൽ തൊട്ടു.

“ഞാനിങ്ങനെയാണെന്നറിഞ്ഞിട്ടും,ഇപ്പോഴും നിനക്ക് എന്നെ സ്നേഹിക്കാൻ കഴിയുന്നുണ്ടോ?”

വിവേക് മുഖമുയർത്തി അവളെ നോക്കി പുഞ്ചിരിച്ചു.

“നീ എന്ത് പണ്ടാരമായാലും നിന്നെ മറക്കാൻ കഴിയില്ല. ഇനി നീ ചലിക്കാൻ കഴിയാതെ ഒരിടത്ത് കിടന്നാലും, അവിടെ ചുറ്റിപറ്റി ഞാനുണ്ടാകും”

ആനിയുടെ മിഴികൾ പെട്ടെന്ന് സജലമായി.

പുറത്തെ മഴയിലേക്കും നോക്കിയിരുന്ന ആനിയുടെ വിരലുകൾ പതിയെ വിവേകിൻ്റെ കൈത്തണ്ടയിലൂടെ അരിച്ചു നടന്നു.

“എന്താ വിവേക് അങ്ങിനെ ചോദിക്കാൻ കാരണം?”

നിമിഷങ്ങൾക്കൊടുവിൽ ആനി ചോദിച്ചപ്പോൾ വിവേക് അവളെ നോക്കി ഒരു ചമ്മിയ ചിരി ചിരിച്ചു.

” കാവ്യയാണ് കാരണം ”

പറഞ്ഞതും, അവൻ പെട്ടെന്ന് അവളിൽ നിന്നും നോട്ടം പിൻവലിച്ചു.

” ആദ്യം നിൻ്റെ ഒപ്പം വെക്കേഷന് ഇടയ്ക്കിടെ അവൾ വരുമായിരുന്നു. പക്ഷേ ഇപ്പോൾ സ്ഥിരമായി നിന്നോടൊപ്പം നിൻ്റെ വീട്ടിൽ ”

ആനി ചിരിയോടെ അവൻ്റെ മുഖം നേർക്കു തിരിച്ചു.

“രണ്ട് പെൺക്കുട്ടികൾക്ക് കൂട്ടുകൂടാൻ പാടില്ലേ? ഒന്നിച്ച് നടക്കാൻ പാടില്ലേ? ഒന്നിച്ച് ഒരു റൂമിൽ ഉറങ്ങാൻ പാടില്ലേ? ഇതൊക്കെ പാടില്ലെങ്കിൽ നീ പറഞ്ഞതാണ് ശരി. ഞങ്ങൾ അതു തന്നെ ”

പറഞ്ഞു തീർന്നതും
ആനി രണ്ട് ചായയ്ക്ക് ഓർഡർ ചെയ്തു.

“നീ അത്ഭുതപ്പെടേണ്ട വിവേക്. പ്രണയത്തോടെ സംസാരിക്കുന്ന നേരത്ത് ജ്യൂസും, സീരിയസ്സായി സംസാരിക്കുന്ന നേരത്ത് ചായയുമാണ് ഉത്തമം”

ആനി ചായയ്ക്ക് ഓർഡർ കൊടുത്തതു കണ്ട് അമ്പരന്ന വിവേകിനെ നോക്കി അവൾ കണ്ണിറുക്കി.

“ഒരാളുടെ ഇഷ്ടങ്ങൾക്കൊപ്പം മറ്റൊരാൾ എതിർപ്പ് പ്രകടിപ്പിക്കാതെ നീങ്ങുമ്പോഴല്ലേ അതിനെ പ്രണയം എന്നു വിളിക്കാൻ കഴിയൂ? ”

ചുട് ചായ മൊത്തിക്കുടിക്കുന്നതിനിടയിൽ അങ്ങോട്ടേയ്ക്ക് വന്ന കാവ്യയെ കണ്ട്, വിവേക് ആനിയെ നോക്കി.

” അഞ്ചു മിനിറ്റെന്ന് പറഞ്ഞ് പോയ നീ കടയിൽ എന്തെടുക്കുവായിരുന്നു?”

ആനിയുടെ ദേഷ്യം നിറഞ്ഞ ചോദ്യം കേട്ടപ്പോൾ, സോറിയെന്നും പറഞ്ഞ് കാവ്യ പൊടുന്നനെ അവളുടെ കവിളിൽ ചുംബിച്ചതും, വിവേകിൻ്റെ ഹൃദയത്തിലൂടെ ഒരു ഈർച്ചവാൾ കടന്നു പോയി.

പതറി പോയ അവൻ, ആനിയുടെ സീറ്റിൻ്റെ പിന്നിലിരിക്കുന്നവനെ നോക്കിയതും, അവൻ പരിഹാസത്തോടെ തലയാട്ടി.

“ഇതാണ് കാവ്യാ ഞാൻ പറയാറുള്ള വിവേക്?”

വിവേകിനെ കാണിച്ചു കൊണ്ട് ആനി പരിചയപ്പെടുത്തിയപ്പോൾകാവ്യ അവനെ നോക്കി ഒന്നു പുഞ്ചിരിച്ചു.

തളർന്ന ഒരു ചിരിയായിട്ടാണ് വിവേകിനത് തോന്നിയത്.

ആനി തൻ്റെ ചായ, മറ്റാരു ഗ്ലാസ്സിലേക്ക് പകുതിയൊഴിച്ച് കാവ്യയ്ക്ക് നേരെ നീട്ടി.

“ഇതാണ് കാവ്യ- ഞാൻ ഇവളെ പരിചയപ്പെടുന്നത് കോളേജ് ഹോസ്റ്റലിൽ വെച്ചാണ് ”

ആനി കാവ്യയ്ക്ക് നേരെ ഒരു പുഞ്ചിരിയെറിഞ്ഞു.

” കാവ്യയെ പറ്റി വിവേകിനോട് പറയുന്നത് കൊണ്ട് കുഴപ്പമില്ലല്ലോ?”

“എനിക്കെന്ത് കുഴപ്പം
ആനീ? ”

ചോദ്യത്തോടൊപ്പം അവളുടെ മിഴികൾ പൊടുന്നനെ നിറഞ്ഞത് വിവേക് കണ്ടു.

പുറത്തെ മഴയ്ക്ക് ശക്തി കൂടിയിരുന്നു.

ആനി കോരിച്ചൊരിയുന്ന മഴയിലേക്ക്
കണ്ണുംനട്ടിരുന്നു.

” ഇതുപോലെ മഴ പെയ്ത ഒരു ദിവസമാണ് കാവ്യയെ ഞാൻ ശ്രദ്ധിക്കുന്നത്. ഹോസ്റ്റലിൻ്റെ വരാന്തയിൽ നിന്ന് ചാറൽമഴ മുഖത്തേക്കടി ക്കുന്നത്,അറിയാതെ വിദൂരതയിലേക്ക് നോക്കി നിൽക്കുന്ന കാവ്യയെ കണ്ടപ്പോൾ, മഴയെ ഇത്രയധികം സ്നേഹിക്കുന്ന പെൺക്കുട്ടിയെ ഒന്നു അടുത്തറിയാമല്ലോ എന്ന ആഗ്രഹം കൊണ്ടാണ് അടുത്തേക്ക് ചെന്നതും ”

പുറത്തെ മഴയിലേക്ക് നോക്കാതെ കുനിഞ്ഞിരിക്കുന്ന കാവ്യയുടെ ശിരസ്സിൽ പതിയെ തലോടി ആനി.

“പക്ഷേ മഴയോടുള്ള പ്രണയമായിരുന്നില്ല ഇവളുടെ കണ്ണുകളിൽ തിളങ്ങിയിരുന്നത്. പകരം നിറയെ ഭീതിയായിരുന്നു ആ മിഴികളിൽ നിറഞ്ഞു നിന്നിരുന്നത് ”

ആനിയുടെ സംസാരം കേട്ടപ്പോൾ വിവേക് കാവ്യയെ നോക്കി.

തലയും കുനിച്ചിരുന്നു ഏതോ ഓർമ്മകളിലൂടെ സഞ്ചരിക്കുകയാണ് അവളെന്ന് വിവേകിന് തോന്നി.

“കുത്തി കുത്തി ചോദിച്ചപ്പോഴാണ് ഇവൾ ദുരന്തകഥകൾ പറയുന്നത്.മലയോര ഗ്രാമത്തിലാണ് ഇവളുടെ വീട്.ഒരു ഉരുൾപൊട്ടലിൽ അച്ഛനും, അനിയനും നഷ്ടപ്പെട്ടപ്പോഴാണ് ഇവളുടെ കഷ്ടക്കാലം തുടങ്ങുന്നത് ”

പൊടുന്നനെ കാവ്യ എഴുന്നേറ്റ് ആനിയെയും, വിവേകിനെയും നോക്കി.

“സോറി ഞാനിപ്പോൾ വരാം.കടയിൽ നിന്ന് ബാലൻസ് വാങ്ങാൻ മറന്നു ”

അവൾ കുടയെടുത്തതും, ആനി ചിരിച്ചുകൊണ്ട് തടഞ്ഞു.

“നല്ല മഴയും,കാറ്റുമുണ്ട് ”

“നീ കൂടെയുള്ളപ്പോൾ ഒരു കൊടുങ്കാറ്റിനെയും എനിക്ക് പേടിയില്ല ആനീ ”

അതും പറഞ്ഞ് ആനിയുടെ കവിളിൽ ചുംബിച്ച് കാവ്യ,പുറത്തേക്ക് പോയതും വിവേക് ആനിയെ നോക്കി.

” ഇതെന്താ ഓരോ വാക്കിനും ഓരോ ചുംബനം?”

വിവേകിൻ്റെ ചോദ്യം കേട്ടതും ആനി കുസൃതിയോടെ അവനെ നോക്കി.

” അധികാരപ്പെട്ട സ്ഥലത്തേക്ക് അതിക്രമിച്ചു കയറി ചുംബനം കൊടുക്കുന്ന ശത്രുവായി അവളെ കാണണ്ട വിവേക് ”

തണുത്തു തുടങ്ങിയ ചായ കുടിച്ചുകൊണ്ട് വിവേക്, ഒന്നും മനസ്സിലാകാതെ ആനിയെ നോക്കി.

” അവൾക്ക് ഒരു ശീലമുണ്ടായിരുന്നു.. ഉണർന്നു കഴിഞ്ഞാലും, ഉറങ്ങുന്നതിനു മുൻപും അച്ഛനും,അനിയനും ഉമ്മ കൊടുക്കൽ. അവർ മരിച്ചതിനു ശേഷം അവൾ ആ കാര്യം പറഞ്ഞ് ഏറെ കരയുമായിരുന്നു ”

ആനിയുടെ കുസൃതി നിറഞ്ഞ മിഴികളിൽ പൊടുന്നന്നെ നീരുറവ പൊട്ടി.

“എന്നെ അവരായി കണ്ടാൽ മതിയെന്ന് ഞാനാ പറഞ്ഞത്. അന്നുതൊട്ടുള്ള ഉമ്മകളാ”

“ഇനി കാവ്യ മടങ്ങിപോകുന്നില്ലേ?”

വിവേക് ആകാംക്ഷയോടെ ആനിയെ നോക്കി.

” അവൾക്കു പോകണമെന്നു പറഞ്ഞാലും ഞാൻ വിടില്ല വിവേക് ”

ആനിയുടെ ദൃഡനിശ്ചയത്തിലുള്ള ഉത്തരം കേട്ടപ്പോൾ വിവേകിൻ്റെ മനസ്സിൽ ഒരു ചെറിയ തീ പൊരി വീണെങ്കിലും, ആനി തന്നെ അത് പെട്ടെന്ന് അണച്ചു.

“നമ്മുടെ വിവാഹം തന്നെ നടക്കണമെങ്കിൽ, അതിനു മുൻപ് ആദ്യം അവളുടെ വിവാഹം കഴിയണം”

ശ്വാസം വിലങ്ങിയതു പോലെ വിവേക്, ആനിയെ നോക്കിയിരുന്നു.

” അവൾ അങ്ങോട്ടേക്ക് പോയാൽ നശിച്ചുപോകും വിവേക്.അച്ഛനും അനുജനും നഷ്ടപ്പെട്ട് ഒരു വർഷത്തിനുള്ളിൽ തന്നെ അമ്മ അവിടെയുള്ള ക്വാറി മുതലാളിയുടെ താൽക്കാലിക പെണ്ണായി തീർന്നപ്പോൾ, തീ തിന്നു തുടങ്ങിയത് കാവ്യയായിരുന്നു ”

ആനിയുടെ ശബ്ദമിടറിയപ്പോൾ, വിവേക് പതിയെ അവളുടെ കൈയുടെ മേലെ തൻ്റെ കരമമർത്തി.

” അമ്മയിൽ നിന്നു മാറി അയാളുടെ കണ്ണുകൾ കാവ്യയിലേക്ക് നീണ്ടപ്പോഴാണ്, ഓരോ വെക്കേഷനിലും അവളെ അവിടെയ്ക്കു പറഞ്ഞു വിടാതെ ഞാൻ ഇങ്ങോട്ട് കൂട്ടിക്കൊണ്ടു വന്നത് ”

” അയാളെ ഒന്നും ചെയ്യാൻ കഴിയില്ലേ? നിൻ്റെ പണവും എൻ്റെ ഫ്രണ്ട്സും കൂടിയാൽ?”

വിവേകിൻ്റെ ചോദ്യം കേട്ടതും അവൾ ഒന്നു പുഞ്ചിരിച്ചു.

“എൻ്റെ പണം ഉപയോഗിച്ച്‌ എനിക്ക് ചെയ്യാൻ അറിയാഞ്ഞിട്ടല്ല വിവേക് .
പക്ഷേ ഇപ്പോഴും ആ ആളെ, കണ്ണുചിമ്മാതെ കാത്തിരിക്കുന്ന ഒരാളുണ്ട് എൻ്റെ വീട്ടിൽ – എൻ്റെ മമ്മീ ”

“ആനീ? ”

അമ്പരപ്പോടെ വിവേക് വിളിച്ചത് ഉച്ചത്തിലായ് പോയി!

ചുറ്റുമുള്ളവർ അവരെ ശ്രദ്ധിക്കാൻ തുടങ്ങിയതും. അവൾ വേഗം കണ്ണീർ തുടച്ചു

“അതെ വിവേക്.
ജോൺ വർക്കി. എന്നെയും, മമ്മിയെയും സുഖ സൗകര്യങ്ങൾക്കു വേണ്ടി ഉപേക്ഷിച്ചു പോയ എൻ്റെ ഡാഡി ”

പറഞ്ഞു തീർന്നതും അവൾ പൊടുന്നനെ എഴുന്നേറ്റതും, പിറകിലേക്ക് നടന്ന്, സീറ്റിലിരിക്കുന്നവൻ്റെ ചെകിട്ടത്ത് ഒന്നു പൊട്ടിച്ചു.

അടിയുടെ ശബ്ദം കേട്ട് ചുറ്റുമുള്ളവർ അറിയാതെ സീറ്റിൽ നിന്നെഴുന്നേറ്റു.

കവിളും പൊത്തിപിടിച്ചുക്കൊണ്ട് അവൻ ദയനീയമായി
ആനിയെ നോക്കി.

” ഇത് എന്തിനാണെന്നറിയോ
നായെ! കിട്ടില്ലായെന്നു മനസ്സിലാവുമ്പോൾ അപവാദം പറഞ്ഞു പരത്തുന്നതിന് ”

രൂക്ഷമായി അവനെ ഒന്നു നോക്കി, ആനി പഴയതുപോലെ യഥാസ്ഥാനത്ത് വന്നിരുന്നു.

ഞെട്ടിത്തെറിച്ചു ഇരിക്കുന്ന വിവേകിനെ നോക്കി അവൾ ഒന്നു പുഞ്ചിരിച്ചു.

” അവനല്ലേ വിവേക് എന്നോട് ചോദിച്ചതിൻ്റെ യഥാർത്ഥ ചോദ്യകർത്താവ്? ”

വിവേക് പതിയെ തലയാട്ടുമ്പോൾ, അവളുടെ ചുണ്ടുകൾ വിറച്ചു.

” അവൻ നിൻ്റെ ഫ്രണ്ട് ആണോ?”

അല്ലായെന്ന് അവൻ തലയിളക്കിയപ്പോൾ, പത്തു വർഷത്തെ ആത്മാർത്ഥ സൗഹൃദം അവിടെ അവസാനിപ്പിച്ചിരുന്നു വിവേക്.

” നിൻ്റെ ഫ്രണ്ട് ആണ് എന്നെനിക്കറിയാം. പക്ഷേ ഈ നിമിഷം ആ സൗഹൃദം അവസാനിപ്പിച്ചല്ലോ?അതാണ് നല്ലത്.കാരണം കൂടെ നടന്ന് കുഴിയൊരുക്കുന്നത് കൂടപ്പിറപ്പാണെങ്കിൽ പോലും ഉപേക്ഷിച്ചേക്കണം ആ ബന്ധം”

കവിളും തുടച്ച് വിവേകിനെ രൂക്ഷമായി നോക്കിക്കൊണ്ട് പുറത്തെ മഴയിലേക്കിറങ്ങുമ്പോൾ അവൻ ഒരു വട്ടം പോലും ആനിയെ തിരിഞ്ഞു നോക്കിയില്ല

” അവൻ കുറെ നാൾ ബൈക്കും പറപ്പിച്ച് എൻ്റെ പിന്നാലെ വന്നിട്ടുണ്ടായിരുന്നു.”

അതൊരു പുതിയ അറിവായിരുന്നു വിവേകിന് .

അവൻ പോലും തന്നിൽ നിന്നൊളിപ്പിച്ചു വെച്ച കാര്യമായിരുന്നു അത്.

“ഇനി എന്താ നിൻ്റെ പ്ലാൻ ആനീ? ”

കുറച്ചു നിമിഷങ്ങൾക്കു ശേഷം അവനത് ചോദിക്കുമ്പോൾ, അവൾ മഴയിലേക്കും നോക്കിയിരിക്കുകയായിരുന്നു.

” ഞാൻ പറഞ്ഞല്ലോ കാവ്യയ്ക്ക് ഒരു ജീവിതം കിട്ടിയിട്ടു മാത്രമേ എൻ്റെ കാര്യം ഞാൻ നോക്കൂ. വാക്ക് കൊടുത്ത് കൂട്ടിയതാണ്. മാറ്റാൻ പറ്റില്ല ”

“നിന്നെ കുറിച്ച് ആലോചിക്കുമ്പോൾ എനിക്ക് അഭിമാനം ഉണ്ട്. പക്ഷെ നിൻ്റെ ഡാഡിയാണ് മറുതലയ്ക്കൽ എന്നു നീ ഓർക്കണം”

അവൾ പുഞ്ചിരിയോടെ തലയാട്ടി മഴയിലേക്ക് നോക്കി.

“നീ കണ്ടോ വിവേക് – അവളുടെ പുഞ്ചിരി ?”

ആനി ചോദിച്ചപ്പോൾ, തിരിഞ്ഞു നോക്കിയ വിവേക് കണ്ടു, റോഡ് കോസ് ചെയ്തു വരാൻ കുടയും ചൂടി നിൽക്കുന്ന കാവ്യയെ!

മഴനൂലുകൾക്കപ്പുറം എന്തോ ഓർത്ത്, പുഞ്ചിരിക്കുന്ന അവളുടെ മുഖം!

” വിഷാദത്തിലാണ്ടുപോയ അവളെ വളരെ കഷ്ടപ്പെട്ടാണ് ഞാൻ ചിരിക്കാൻ പഠിപ്പിച്ചത്. ഇനി ആ ചിരി മായ്ക്കാൻ ശ്രമിച്ചാൽ എൻ്റെ ഡാഡിയല്ല, നീയാണെങ്കിൽ കൂടി എനിക്ക് സഹിക്കില്ല. ആ നേരം ഈ കാണുന്ന സ്നേഹവും ഉണ്ടാകില്ല ഞാൻ ചെയ്യുന്നതെന്തെന്ന് എനിക്കു പോലും അറിയില്ല ”

മലവെള്ളപ്പാച്ചിൽ പോലെ അവളിൽ നിന്നു വാക്കുകൾ ഒഴുകി വന്നപ്പോൾ, വിവേക് പതിയെ സീറ്റിൽ നിന്നു എഴുന്നേറ്റു കുനിഞ്ഞ് ആനിയുടെ നെറ്റിയിലേക്ക് ചുണ്ടമർത്തി പതിയെ മന്ത്രിച്ചു.

“നീയാണ് പെണ്ണ്. നിന്നെ പോലെയുള്ളവർ നൂറെണ്ണം മതി, നിങ്ങൾക്കുനേരെയുള്ള അതിക്രമങ്ങളെ തടുക്കാൻ ”

ഒരു മാടപ്രാവിനെ പോലെ മിഴികളടച്ചു നിന്ന അവളിൽ നിന്ന് സന്തോഷ കണ്ണീർ പുറത്തുചാടാൻ വെമ്പുകയായിരുന്നപ്പോൾ!!!

LEAVE A REPLY

Please enter your comment!
Please enter your name here