Home Stories മനഃപൂർവം അമ്മയെ നോവിക്കുന്നത് എനിക്കൊരു ഹരമായിരുന്നു..

മനഃപൂർവം അമ്മയെ നോവിക്കുന്നത് എനിക്കൊരു ഹരമായിരുന്നു..

“പൊക്കിൾകൊടി”

രചന : അനു സാദ്

അമ്മേ…….!! എന്റമ്മേ…..!! എനിക്ക് വയ്യാ….!! എനിക്ക് സഹിക്കാൻ വയ്യാ…..!!!! എന്റീശ്വരാ………..!ഈ നാല് ചുവരിനുള്ളിൽ ഈ ബെഡിൽ ഞാൻ പോലുമറിയാതെ എന്റെ കൈകൾ ചുറ്റിവരിയുന്ന ഈ കമ്പിയിഴകളിൽ…ഓരോ സെക്കന്റ് മ് എന്റെ ജീവനെ പാതിയാക്കി എന്നെ തൊട്ടുണർത്തുന്ന..ഓരോ അംശമായി എന്റെ അസ്ഥിയെ ഒടിച്ചു കളയുന്ന ഈ പ്രാണപിടച്ചിൽ….ഓരോ പെണ്ണിനും പൂർണത സമ്മാനിച്ച് കൊണ്ട് വേദനയുടെ അങ്ങേ ലോകത്തേക്ക് അവളെ കൊണ്ടെത്തിക്കുന്ന ഈ പുളച്ചിൽ…അതെന്നെ അളന്നു തൂക്കി എടുകുമ്പോ കണ്മുന്നിൽ തെളിഞ്ഞു നിന്ന രൂപത്തിനും നാവിൽ അറിയാതെ ഉച്ചരിച്ചു പോയ വാക്കിനും ഒരൊറ്റ പേരേയുള്ളൂ…”‘അമ്മ” ഇന്നുവരെയും ഞാൻ അറിയാതെ പോലും വിളിക്കാനോ ഓർക്കാനോ ശ്രമിക്കാതിരുന്ന എന്റെ അമ്മ….!!

 

ഓർമവെച്ച നാള് തൊട്ട് സ്നേഹത്തിന്റെ ഒരു തലോടലില്ലാതെ എന്നെ ശാസിച്ചും ശിക്ഷിചും കൊണ്ട് നടന്ന എന്റെ അമ്മ..അച്ഛമ്മയുടേം അച്ഛച്ഛന്റേം ബന്ധുക്കളുടേം ക്രൂരമായ കുത്തുവാക്കുകളും പീഡനങ്ങളും ഏറ്റുവാങ്ങി അച്ഛന്റെ വീട്ടിൽ ഒരുപാട് ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും യാതനകളും അനുഭവിക്കേണ്ടി വന്നപ്പോൾ എല്ലാ സ്നേഹവും ഉള്ളിൽ മൂടിവെച്ച് ദേഷ്യത്തിൻം ഗൗരവത്തിന്റേം മൂടുപടം അണിഞ്ഞ അമ്മ എന്റെ മനസ്സിൽ നിന്നും ഏറെ അകലത്തിലായിരുന്നു…. എന്റെ കുറുമ്പു കൊണ്ടും വാശി കൊണ്ടും വീട്ടിൽ അമ്മ അനുഭവികേണ്ടി വന്ന മനോവേദന വളരെ വലുതായിരുന്നെന്ന് അറിയാൻ ഞാൻ ഒരുപാട് വൈകിപ്പോയി.. കുഞ്ഞായിരുന്നപ്പോൾ പോലും എനിക്ക് കൂട്ടിരിക്കാതെയും അസുഖം വരുമ്പോഴെങ്കിലും പണിതിരകിൽ നിന്ന് അമ്മയെ വിട്ടുതരാതെയും അച്ഛൻ വീട്ടുകാർ എന്നോട് കാണിച്ച അകൽച്ച അമ്മയെ പാടെ തകർത്തിരുന്നു… അവരുടെ ഇഷ്ടങ്ങൾക്കും ആവശ്യങ്ങൾക്കും വഴങ്ങുമ്പോൾ അതിനായി സമയം കണ്ടേതുമ്പോൾ എന്നെ അമ്മ മനഃപൂർവം മറന്നു കളഞ്ഞത് ഒത്തിരി നോവോടെയായിരുന്നെനതിരിച്ചറിയാൻ എന്റെ കുഞ് മനസ്സിന് കഴിഞ്ഞിരുന്നില്ല… അമ്മയോട് അകലുമ്പോൾ അത്‌ അച്ഛനോടുള്ള എന്റെ ഇഷ്ടത്തിന് ആക്കം കൂട്ടുകയായിരുന്നു. എന്തിനും ഏതിനും എന്നോടൊപ്പം നിൽക്കുന്ന അച്ഛൻ എനിക്ക് മറ്റാരേക്കാളും പ്രിയപ്പെട്ട തായി മാറുവായിരുന്നു.മനസ്സ് മുഴുവൻ വലിയൊരു സ്ഥാനം അച്ഛന് ഊട്ടിയുറപ്പിക്കുകയായിരുന്നു…!

ഒരു ആൺ കൂടപ്പിറപ്പുകളോ വേണ്ടപ്പെട്ട ആളുകളോ ഇല്ലാത്തതു കാരണം ഒത്തിരി ബുദ്ധിമുട്ടിയ അമ്മയും വീട്ടുകാരും എനിക്ക് പകരം ഒരാൺ കുഞ്ഞിനെയാണ് ആഗ്രഹിച്ചതെന്ന് എപ്പഴോ അമ്മയുടെ നാവിൽ നിന്നു വീണ്പോയപ്പോൾ അതായിരികാം ചിലപ്പോ എന്നോടുള്ള ഇഷ്ടക്കുറവിനു കാരണമെന്ന് എന്റെ മനസ്സ് തിരുത്തി വായിച്ചു. അതെന്നിൽ അമ്മയോടുള്ള വെറുപ്പിന് ആദ്യത്തെ തിരി കൊളുത്തുകയായിരുന്നു!.. കുറച്ച കഴിഞ്ഞപ്പോൾ എനിക്ക് ഒരു കുഞ്ഞാവ വരൂവാണെന്ന് അറി്ഞപ്പോൾ ആദ്യം സന്തോഷിച്ചെങ്കിലും പക്ഷെ അവൾ വന്നാൽ നിന്നെ പിന്നെ തീരെ ഇഷ്ടണ്ടാവില്ലെന്ന ചില ബന്ധുക്കൾ എന്നെ കളിയാക്കിയപ്പോൾ അതെന്റെ അമ്മയോടും വാവയോടുമുള്ള പകയായി ഉടലെടുത്തിരുന്നു…!അവൾ എന്റെ ശത്രുവാണെന്ന് കരുതി അവളെ കൂടുതൽ കൂടുതൽ ദ്രോഹിക്കുമ്പോൾ അത്‌ കണ്ട് അമ്മ സങ്കടപ്പെട്ടപ്പോൾ അതെന്നിൽ ഒരു ആനന്ദത്തെ കൊണ്ടുതന്നു!! പക്ഷെ വീണ്ടും വീണ്ടും അതിനാൽ അമ്മ എന്നെ ശിക്ഷിച്ചപ്പോൾ ആരുമറിയാതെ അതെന്നിൽ ഒരു കനലായി അവശേഷിച്ചിരുന്നു…!

വളർന്നു കഴിഞ്ഞപ്പോൾ എന്റെയുള്ളിൽ കോറിയിട്ട മുറിവുകളോട് ഞാൻ പ്രതിഷേധിച്ചത് എന്തിനും ഏതിനും അമ്മയെ എതിർത്ത് കൊണ്ടും വാശികാണിച്ചുമായിരുന്നു… മനഃപൂർവം അമ്മയെ നോവിക്കുന്നത് എനിക്കൊരു ഹരമായിരുന്നു.. അതിനായി സ്വയം ശരീരത്തെ മുറിവേൽപ്പിച്ചും വാക്കുകൾ കൊണ്ട് കുത്തി നോവിച്ചും ഞാനെന്റെ വെറുപ്പ് പ്രകടിപ്പിച്ചു കൊണ്ടേയിരുന്നു…
അപ്പോഴെല്ലാം അമ്മയിൽ നിന്നുതിർന്ന കണ്ണുനീർ എനിക്ക് സന്തോഷം പകരുന്നതായിരുന്നു.. എന്റെ തെറ്റായ ചിന്തകൾക്ക് ‘അമ്മ സ്വയം ബലിയാടാവുകയായിരുന്നു….

പഠിക്കുന്ന സമയത്തു ആണ്കുട്ടികളോട് കൂട്ടുകൂടുമ്പോൾ അതെല്ലാം സംശയത്തിന്റെ നിഴലിൽ കണ്ട് വഴക്കു പറയുകയും അച്ഛനോട് പറഞ്ഞു കൊടുക്കുകയും ചെയ്യുംപോൾ അതെല്ലാം ഞാനൊരു പെണ്കുട്ടിയാണെന്നുള്ള പേടികൊണ്ടാണെന്ന് ഞാനറിഞ്ഞിരുന്നില്ല അമ്മയോട് വെറും പുച്ഛം മാത്രമായിരുന്നു… ജീവനായി സ്‌നേഹിച്ചവനെ മറക്കാൻ അച്ഛനെക്കാൾ കൂടുതൽ ‘അമ്മ കടുംപിടുത്തം പിടിച്ചപ്പോൾ ഉള്ളിൽ നുരഞ്ഞു പൊന്തിയ ദേഷ്യത്തിന് അതിരില്ലയിരുന്നു… ആവശ്യത്തിനും അനാവശ്യത്തിനും അമ്മ വഴക്കടിക്കുമ്പോൾ ചീത്ത പറയുമ്പോൾ എന്നെ ഒന്ന് കേൾക്കാൻ പോലും കൂട്ടാക്കാതെ എതിർപ്പ് പറയുമ്പോൾ ഈ ജന്മം എന്നെ മനസ്സിലാക്കാൻ അമ്മക്ക് കഴിയില്ലെന്നൊരു വിശ്വാസം എന്നിൽ വന്നു ചേർന്നിരുന്നു..അതെന്നെ അമ്മയുമായുള്ള ബന്ധത്തിന് കൂടുതൽ വിള്ളൽ വരുത്തിയിരുന്നു…ജീവിത സാഹചര്യങ്ങളും അസുഖങ്ങളും അമ്മക്ക് ദേഷ്യത്തിന്റെ പൊയ്മുഖം കൊടുത്തുവെങ്കിലും ആ മനസ്സിൽ നിറഞ്ഞു തുളുമ്പിയ സ്നേഹം കാണാൻ എനിക്ക് കഴിവുണ്ടായിരുന്നില്ല്!! പലപ്പോഴും അമ്മ അനുഭവിച്ചതൊക്കെ ഓരോന്നായി പറയുമ്പോൾ തിരിച്ചറിവിന്റെ നാളില് കുറച്ച സ്നേഹമൊക്കെ അമ്മയോട് തോന്നിയിരുന്നുവെങ്കിലും അതെന്റെ ഉള്ളിൽനിന്നും പുറത്തു കടക്കാൻ നന്നേ പ്രയാസപ്പെട്ടിരുന്നു..

കല്യാണം കഴിഞ്ഞു പടിയിറങ്ങുമ്പോൾ അച്ഛന്റെ നെഞ്ചിൽ ആവോളം കരഞ്ഞെങ്കിലും അമ്മയെ കണ്ടില്ലെന്ന് നടിച്ചു..ചേട്ടന്റെ അമ്മയുടെ സ്നേഹവും അവരും മക്കളും തമ്മിലുള്ള സ്നേഹവും കണ്ടപ്പോൾ എന്റമ്മ മാത്രേ ഇങ്ങനുള്ളുന്ന് വിശ്വസിച്ചു..എന്റെ വീട്ടിലേക്ക് ഞാൻ വരുമ്പോൾ എന്റമ്മയുടെ മുഖത്തുള്ള തിളക്കവും വിശേഷം ചോദിക്കലും തമാശകളിലും സന്തോഷങ്ങളിലും കൂടെ ചേർന്ന് ചിരിക്കുമ്പോഴും അമ്മയുടെ സ്നേഹത്തെ കുറിച് അച്ഛനും അമ്മമ്മയും മറ്റുള്ളവരും പറഞ്ഞു തരുമ്പോൾ അതൊന്നും ഉൾക്കൊള്ളാനാവാതെ ഞാൻ തലകുനിച്ചു പോവാറുണ്ട്..ചേട്ടനും ഞാനും തമ്മിലുള്ള പ്രശ്നങ്ങളിൽ ‘അമ്മ എന്റെ കൂടെ നില്കാതെ ചേട്ടനെ സപ്പോർട്ട് ചെയ്യുമ്പോൾ എന്റെ വാക്കിനൊരു വിലയും കല്പിക്കാതിരിക്കുമ്പോൾ ഞാൻ വയറ്റിൽ പിറവിയെടുത്തത് മുതൽ അന്ന് വരെയും സഹിച്ച ഓരോന്നും എണ്ണി പറയുമ്പോൾ അതെല്ലാം ഒരു ഭാര്യയുടേം അമ്മയുടേം കടമയായി്ടു മാത്രം ഞാൻ കണ്ടുള്ളു..മറുപടിയായി എന്റെ പ്രശ്നങ്ങൾ കൊണ്ട് ഞാൻ അമ്മയെ പഴി ചാരുമ്പോൾ ഇതെല്ലാം ഒരമ്മയായാൽ മാത്രേ നിനക്ക് മനസ്സിലാവുന്ന് അമ്മ എടുത്തെടുത്തു പറയാറുണ്ട്…!!!

ഒടുവിൽ വിശേഷമായിന്നറിഞ്ഞപ്പോൾ തൊട്ടു ഓരോ മാസവും ഞാൻ ഏറ്റുവാങ്ങിയത് അമ്മയുടെ വാക്കിനെ അന്വര്ഥമാക്കും വിധമായിരുന്നു..! ഒരു വറ്റു ഇറക്കാൻ വയ്യാതെ ഛർദിച്ചവശയായി ഞാനൊരു മൂലക്ക് ഒതുങ്ങുമ്പോൾ എന്നെ വന്ന് തലോടുന്ന അമ്മയിൽ അന്ന് വരെയും ഞാൻ കണ്ടതല്ലാത്ത മറ്റെന്തോ ഉണ്ടേന്ന് ഞാൻ അനുഭവിച്ചറിയുവാരുന്നു്.. 5 ആം മാസം തൊട്ടു എന്റെ നടുവ് കീറിമുറികുന്ന വേദന എന്നെ കടന്നു പോവുമ്പോൾ എനിക്ക് മുന്നേ കണ്ണീർ വാർത്തു എന്നെ വാരെടുത്ത് ആശുപത്രിയിലേക്കോടുന്ന അമ്മ ഞാൻ മനസ്സിൽ കുറിച്ചിട്ട പാഴ് വരികളെ തിരുത്തി എഴുതുവാരുന്നു..! ഓരോ നിമിഷവും പ്രാർത്ഥനയായി എന്റെ പിറകിൽ കൂടുന്ന ആശുപത്രി വരാന്തയിൽ എനിക്ക് കൂട്ടിരിക്കുന്ന അപകട ഘട്ടങ്ങളിലൊക്കെയും കണ്ണീരു കൊണ്ട്‌ രാവു പുലരിയാക്കുന്ന ഇന്നുവരെയും ഞാൻ തിരിച്ചറിയാതെ പോയ എന്റെ മഹാ പുണ്യം!!

മരുന്നുകൾ പലതായി എന്നിൽ കൂടിച്ചേർന്നപ്പോൾ ട്യൂബ് ഇട്ടപ്പോൾ ശരീരമാകെ കുത്തി വെച്ചപ്പോൾ ഒടുവിൽ അസഹ്യമായ വേദന എന്നെ കാർന്നു തിന്നപ്പോൾ ദിനങ്ങൾ ഓരോന്നായി എനിക്കു നീണ്ടു നിന്നപ്പോൾ വീണ്ടുമൊടുവിൽ എന്റെ പച്ചയിറച്ചിയെ കീറി മുറിക്കേണ്ടി വന്നപ്പോൾ ഞാൻ അറിഞ്ഞു..ഒരു പൊക്കിള്കൊടിയിൽ എന്നെ കൈത്താങ്ങി ഇത്രത്തോളമെത്തിച്ച എന്റെ അമ്മയെ….!!!

എന്റെ കുഞ്ഞിനെ കണ്ണിൽ കാണിച്ചു തന്നപ്പോൾ ഞാൻ സ്വയം ശപിക്കുവായിരുന്നു നിങ്ങളെ എനിക്ക് ഇഷ്ടമില്ലെന്ന് എത്രയോ വട്ടം എന്റെ അമ്മയുടെ മുഖത്ത് നോക്കി പറഞ്ഞ എന്റെ നാവിനെ!…. ഞാൻ ഒരമ്മയായാൽ ഒരിക്കലും നിങ്ങളെ പോലെയാവില്ലെന്ന് മെനഞ്ഞെടുത്ത എന്റെ മനസ്സിനെ!…
എന്റെ കുഞ്ഞിനെ നെഞ്ചോടു ചേർക്കുമ്പോൾ അമ്മയുടെ കണ്ണിൽ വകഞ്ഞൊഴുകിയ കണ്ണീരിലുണ്ടായിരുന്നു ഒരമ്മയിൽ മക്കളെത്രമാത്രം കുടികൊള്ളുമെന്ന്…!!!

രചന:അനു സാദ്‌

LEAVE A REPLY

Please enter your comment!
Please enter your name here