Home Stories ഞാനിപ്പോ വരാം അശോകന്റെ ഏതെങ്കിലും ഷർട്ട്‌ കിട്ടുമോന്ന് നോക്കട്ടെ….

ഞാനിപ്പോ വരാം അശോകന്റെ ഏതെങ്കിലും ഷർട്ട്‌ കിട്ടുമോന്ന് നോക്കട്ടെ….

രചന : Jennies Muttathu

കാലത്ത് തിരക്കിട്ട് ടെക്സറ്റും നോട്ടുബുക്കും
സ്കൂൾ ബാഗിൽ എടുത്തുവെക്കുന്നതിനിടയിലായിരുന്നു
അമ്മയുടെ വിഷമത്തോടെയുള്ള വിളി..
മോനേ…
ഇങ്ങു വന്നേ..

ന്താ മ്മേ…

“സ്കൂളിൽ പോവാനുള്ള ഷർട്ട്‌ ഉണക്കമായില്ലോ മോനെ.
മോനോരു കാര്യം ചെയ്യ്..ഇന്ന് ബുദ്ധനാഴ്‌ച്ചയല്ലേ
ചേട്ടന്റെ എന്തങ്കിലും ഒരു ഷർട്ടിട്ടു കൊണ്ട് സ്കൂളിൽ പോക്കോ.”..

“അതെനിക്ക് ചേരില്ലമ്മേ ഭയങ്കര ലൂസാ..
പോക്കറ്റൊക്കെ താഴെ വന്നു നിക്കും…
കഴിഞ്ഞ ഒരീസം ഇട്ടിട്ടു പോയി കുട്ട്യേളോക്കെ എന്നെ കളിയാക്കി”..

മുഖം ചുളിക്കി കൊണ്ട് വിഷമത്തോടെ ഞാൻ അമ്മയോട് പറഞ്ഞു..

“എങ്കിലിന്ന് പോണ്ട..
ന്നനഞ്ഞത് ഇട്ടിട്ടു പോയി വല്ല സൂക്കേടുംവരുത്തണ്ട.. ”

“അത്‌ പറ്റില്ല സ്കൂളിൽ പോണം അറ്റൻഡൻസ്
പോവും”..
“അമ്മേ…
ഞാനിപ്പോ വരാം
അശോകന്റെ ഏതെങ്കിലും ഷർട്ട്‌ കിട്ടുമോന്ന് നോക്കട്ടെ “..

എന്റെ വീടിന്റെ പത്തു വീട് അപ്പുറത്താണ് അശോകന്റെ വീട്..
ഒരേ സ്കൂളിലാ ഞങ്ങള് രണ്ടാളും പഠിക്കുന്നത്..
അവൻ അച്ചന്റെ കൂടെ സ്കൂട്ടറിലും
ഞാൻ സൈക്കിളിലുമാണ് ദിവസവും സ്കൂളിൽ പോവുന്നത്..

ഞാൻ അശോകന്റെ വീട്ടിലോട്ടു നടന്നു..

“ഗീതേച്ചി…
അശോകനോ”..?

മുറ്റം അടിച്ചു വാരി കൊണ്ടിരുന്ന ഗീതേച്ചി എന്നെ കണ്ടതും.
ചിരിച്ചു കൊണ്ട് ചോദിച്ചു

“എന്താണ് കാലത്ത് ഈ വഴിക്കൊക്കെ
ഇന്ന് സ്കൂളിൽ പോണില്ലേ”..?

അശോകന്റെ അമ്മയാ ഗീതേച്ചി.
അവനെ പോലെയല്ലാട്ടോ എന്നോട് നല്ല സ്നേഹമാ ചേച്ചിക്ക്.
ഞായറാഴ്ച്ച ടീവി കാണാനോക്കെ അശോകന്റെ വീട്ടിലിരിക്കുമ്പോൾ എനിക്ക് തിന്നാനൊക്കെ എന്തങ്കിലും കൊണ്ടതരും..

“പോവാൻ നിക്കാണ്
അശോകനോ.”.?

“അവൻ കുളിക്കുകയാ ഇപ്പോ വരും..
ഉമ്മറത്തോട്ട് കയറി ഇരുന്നോ..
അടിച്ചു വാരണപൊടി
മേത്താവണ്ട”.
നീ ചായകുടിച്ചോ..
ദോശ ഉണ്ടാക്കിയത് ഇരിപ്പുണ്ട് വേണോ..?

വേണ്ടേച്ചി..

അപ്പോഴേക്കും
കുളി കഴിഞ്ഞു തല തോർത്തി കൊണ്ട്
അശോകൻ എന്റെ അടുത്തേക്ക് വന്നു..

“ടാ അശോകാ ഒരു സഹായം ചെയ്യാമോ”..

“എന്താടാ.”.

“ഇന്നലെ സ്കൂളിൽ നിന്നും വരുമ്പോൾ ഒരു കാറുകാരൻ ചളിതെറിപ്പിച്ചടാ.”.

മ് എന്നിട്ട്..

“വീട്ടിൽ വന്നപ്പോൾ അമ്മ ഷർട്ടോക്കെ കഴുകിഇട്ടതായിരുന്നു.
പക്ഷെ ..
ഇന്നലെരാത്രിയിലെ മഴ ചതിച്ചടാ.!
അഴയിൽ കിടന്നു ഈറനടിച്ചു അത്‌ ഉണങ്ങിയില്ല..
നിന്റെ ഏതെങ്കിലും ഒരു ഷർട്ട്‌ തരോ”.?

“അതിന് ഇന്ന് ബുദ്ധനാഴ്‌ച്ചയല്ലേ..
കളർ ഡ്രസ്സ്‌ ഇടാലോ.”.

“എനിക്ക് സ്കൂളിലേക്ക് ഇട്ടു പോവാനുള്ള നല്ല കളർ ഷർട്ടോന്നുമില്ലടാ..
ആകെ ഉള്ളത് ഒരു യൂണിഫോം ഷർട്ട്.”..

“എന്റെല് പഴയത് ഒന്നുമില്ല
ഉള്ളതൊക്കെ ഞാൻ ഇടുന്നതാ”..

അശോകന്റെ മറുപടിയിൽ എന്തോ എന്റെ ആവശ്യത്തിനോട് ഒരു വിയോജിപ്പുള്ള പോലെ എനിക്ക് തോന്നി.
മനസ്സിൽ ഊറി വന്ന ജ്യാളിത മറച്ചുവെച്ച് അശോകനോട്‌ ഞാൻ വീണ്ടും ചോദിച്ചു

“എങ്കിൽ ഉള്ളതിൽ എന്തങ്കിലുമൊന്ന് തരുമോ”.? .

“തരായിരുന്നു…
പക്ഷെ.. !
മറ്റുള്ളവരുടെ ഡ്രസ്സ്‌ ഒന്നും നമ്മള് മാറി ഇടാൻ പാടില്ല.
നിനക്ക് കുറച്ചു ദിവസം മുൻപ് പനി വന്നതല്ലേ”..?
എന്റെ ഷർട്ട് നീ ഇട്ടാൽ വിയർപ്പിലൂടെ രോഗാണു അതിൽ പറ്റിപിടിച്ചു നിൽക്കും.
അത്‌ പിന്നെ കഴുകിയാലൊന്നും പോവില്ല …
പിന്നീട് ആ ഷർട്ട്‌ ഞാനിടുമ്പോൾ.
എനിക്ക്
ഇൻഫെക്ഷൻ വരും..
എനിക്കും പനി വരും”…

ലൈബോയ് സോപ്പിന്റെ പരസ്യത്തിൽ കേട്ടതൊക്കെ ഒരക്ഷരം പോലും തെറ്റാതെ
ഒരു ഉപദേശരൂപേണ .
അശോകൻ എന്നോട് പറഞ്ഞതൊക്കെ ഞാൻ കേട്ടു നിന്നു. .

“അച്ഛനിറങ്ങി ഞാൻ ഡ്രസ്സ്‌ മാറട്ടെ
നീ പോക്കോ..
സ്കൂളിൽ വെച്ച് കാണാം”..

ഷെഡിൽ നിന്നും
ലാബ്രട്ടസ്കൂട്ടർ സ്റ്റാർട്ട്‌ ചെയുന്ന ശബ്ദം കേട്ടപ്പോൾ ഞാൻ അവിടെ നിന്നും പടിയിറങ്ങി..

പോയതിനെക്കാളും വേഗത്തിൽ ഞാൻ വീട്ടിലോട്ടു തിരിച്ചു നടന്നു..

“എന്താ മോനേ അവൻ ഷർട്ട്‌ തന്നോ.”..?

വീട്ടിൽ കേറി ചെന്നതും അമ്മയുടെ ചോദ്യം..

“ഞാൻ ചോദിച്ചില്ലമ്മേ.

അവന്റെ അച്ഛൻ ഉമ്മർത്ത്‌ ന്യൂസ്‌ പേപ്പർ വായിച്ചു ഇരിപ്പുണ്ടായിരുന്നു അത് കൊണ്ട് ഞാനിങ് തിരിച്ചു പൊന്നു “..

കള്ളം മറക്കാൻ വേണ്ടി ഞാൻ അമ്മയുടെ മുഖത്തു നോക്കാതെ പറഞ്ഞു..

“ചോദിക്കാഞ്ഞത് നന്നായി.മോനേ
ഞാൻ അത് വേണ്ടന്ന് പറഞ്ഞു തുടങ്ങിയതാ
അപ്പോഴേക്കും നീ അശോകന്റെ വീട്ടിലോട്ടിറങ്ങി…
അടുപ്പും കല്ലിന്റെ കണലിൽ കുറച്ചു നേരം പിടിച്ചപ്പോ ഈറൻ മാറീട്ടുണ്ട്..
ന്നാ ഇപ്പോ നോക്കിയെ.”.

അമ്മ ഷർട്ട്‌ എന്റെ നേരെ നീട്ടി കൊണ്ട് പറഞ്ഞു..

എതിരഭിപ്രായമൊന്നും പറയാതെ
മടി കൂടാതെ
ഞാൻ അതെടുത്തു ഇട്ടു

വീട്ടിൽ നിന്നും
സൈക്കിൾ എടുത്തു റോഡിൽ ഇറങ്ങിയതും
മുന്നിൽ
കണിയായി ദാ നിക്കുന്നു

ഒറ്റ മൈന.!.

നാശം പിടിക്കാൻ..
ഇന്നത്തെ കാര്യം പോക്കാ….
പിറുപിറുത്തുകൊണ്ട് ഞാൻ യാത്ര തുടങ്ങി..

മനസിനുള്ളിൽ എന്തോ വല്ലാത്ത
വിഷമം അപ്പോഴേക്കും കൂട്കൂട്ടി തുടങ്ങിയിരുന്നു .
അവനോടു ഷർട്ട്‌ ചോദിക്കാൻ പോവണ്ടേയിരുന്നില്ല..
നാണക്കേടായി..
വേണ്ടായിരുന്നു..
ഇനിപ്പോ അവനിത് ക്‌ളാസിലെ
പിള്ളേരോടൊക്കെ പറഞ്ഞു നടക്കും
വരാൻ ഉള്ളത് വഴിയിൽ തങ്ങില്ല അനുഭവിക്കുക തന്നെ..

എന്റെ സൈക്കിൾ കുതിരാൻ പടി ഇറക്കം കഴിഞ്ഞു..
സ്കൂളിൽ നേരത്തെ എത്തണം
ക്ലാസ്സിലെ ലീഡറാണ് ഞാൻ

ഇലക്ഷന് നിന്ന സമയത്ത്
തൊട്ടവീട്ടിലെ ചെമ്പകം പതിവിൽ കൂടുതൽ പൂത്തിരിന്നു. !
ഞാൻ സമ്മാനിച്ച പൂക്കൾ മുടിയിൽ തിരുകിയ പെൺകുട്ടികൾ എനിക്ക് തന്നെ വോട്ട് ചെയ്തു.
അങ്ങനെ വമ്പിച്ച ഭൂരിപക്ഷത്തോടെ ഞാൻ വിജയിച്ചു..

ജീവിതത്തിൽ ആദ്യമായി
എനിക്ക് കിട്ടിയ വിജയം പിന്നീട്
പതിയെ പതിയെ എനിക്കു തന്നെ ഒരു പരാജയമായി തോന്നി തുടങ്ങി..
കാരണം
ഞാൻ പഠിക്കാൻ കുറച്ചു പിന്നോക്കം തന്നെ ..

കൊച്ചന്ന ടീച്ചറുടെ ഇടക്കിടെ കളിയാക്കി
“ലീഡറെ”…ന്നുള്ള വിളിയാണ്. സഹിക്കാൻ പറ്റാത്തത്..

ലീഡർ എന്നുള്ള പദവി മാത്രം എനിക്ക്
സ്റ്റാഫ് റൂമിൽ പോവാനും ചോക്ക് കൊണ്ട് വരാനും
വർത്താനം പറയുന്നവരുടെ പേരെഴുതാനും
മറ്റുള്ളകാര്യങ്ങൾക്കും പഠിപ്പിസ്റ് സുജിത്തിനെയാണ്‌ ടീച്ചർ ഏല്പിക്കുന്നത്..

പതിവ് പോലെ. ആദ്യ പിരീഡ്
സാമൂഹ്യപാഠം
ഹെലന ടീച്ചറുടെ ക്ലാസ്സ്‌ റൂം..

“ഫ്രഞ്ചു വിപ്ലവം ആരൊക്കെ പഠിച്ചിട്ടുണ്ട്.. .?
അറിയുന്നവർ എഴുനേറ്റു നിൽക്കൂ”.!.

ടീച്ചറുടെ ഒരു ശൈലിയാണ് പഠിച്ചവർ എഴുനേറ്റു നിൽക്കുക എന്നിട്ട് അടുത്ത്
നിൽക്കുന്നവനോട് പറഞ്ഞു കേൾപ്പിക്കുക..

സാദാരണ പഠിക്കാത്ത കാര്യം ചോദിച്ചാൽ തല കുമ്പിട്ട് ഇരിക്കുന്ന ഞാൻ
മനസിൽ ധൈര്യം ഉൾക്കൊണ്ട്‌
അറിയുന്നവരുടെ പോലെ എഴുന്നേറ്റു നിന്നു..

“നിങ്ങൾ അടുത്ത് നിൽക്കുന്ന ആളോട് തമ്മിൽ തമ്മിൽ പറയൂ..
ലീഡറുടെ ഫ്രഞ്ചു വിപ്ലവം ഞാൻ കേൾക്കാം ഇങ്ങോട്ട് പോരെ”…

നിൽക്കുന്ന ഇടം താഴോട്ട് പോവുന്ന പോലെ
തോന്നിയെനിക്ക്.. !.

ഞാൻ പതിയെ നടന്ന് ടീച്ചറുടെ മേശയുടെ അടുത്ത് എത്തി..

“പറയൂ കേൾക്കട്ടെ”..

“അത്‌..
ഞാൻ..
ടീച്ചറെ..
മുഴുവനും പഠിച്ചിട്ടില്ല”…

എന്റെ സ്വരത്തിലെ മാറ്റം ടീച്ചർക്ക് മനസിലായി എന്ന് തോന്നുന്നു..
കൂടുതലായി ഒന്നും ടീച്ചർ ചോദിക്കാൻ നിന്നില്ല

മ്മ്
“കൈ നീട്ടിക്കോ’…

*ടപ്പേ*…

ഒരണ്ണം എന്റെ ഉള്ളം കൈയിൽ തന്നിട്ട്
പോയിക്കോ.. !
നാളെ തന്നോട് തന്നെ പറഞ്ഞു കേൾപ്പിക്കണമെന്നും ടീച്ചർ ഉറക്കെ പറഞ്ഞു…

എന്റെ നീക്കങ്ങൾ വീക്ഷിച്ചിരുന്ന പെൺപടകൾ
അമർത്തി ചിരിക്കുന്നത് മാത്രം എനിക്കപ്പോൾ
കേൾക്കുന്നുണ്ടായിരുന്നു..
അത്‌ എനിക്ക് കിട്ടിയ അടിയുടെ വേദനയേക്കാൾ വലുതായിരുന്നു..
അപമാനഭാരത്താൽ തലതാഴ്ത്തി ഞാൻ ഇരിപ്പിടത്തിലേക്ക് നടന്നു..

വൈകുന്നേരം ഞാൻ വീട്ടിലെത്തി ഉമ്മറത്തിരുന്നു സാമൂഹ്യ പാഠം പുസ്തകം തുറന്നു വെച്ചു.
വിപ്ലവം വായന തുടങ്ങി..

ആ..
“മോൻ പഠിക്കയാണോ..
ഇന്നാ ഇത് കഴിച്ചോ”. !

അപ്പനാണ്.

നാലുമണിക്ക് പണി സ്ഥലത്തു നിന്നും കിട്ടുന്ന പലഹാരം
രണ്ട് അട വാഴയിലയിൽ പൊതിഞ്ഞു മടികുത്തിനുള്ളിൽ വെച്ച് കൊണ്ട് വന്നതായിരുന്നു..
പാവം.

വിറക്കുന്ന കൈ കൊണ്ട് ഞാൻ അത്‌ വാങ്ങി..

കുളിക്കാൻ നിൽക്കുബോൾ അപ്പൻ
അമ്മയോട് പറയുന്നു
ട്യേ ….
ചെക്കനെ ടൂഷ്യനു വിടണം..

ആരെ..

ചെറിയോനേ..

ഇളയ മകനായ എന്നെ
അപ്പൻ സ്നേഹത്തോടെ മറ്റുള്ളവരുടെ മുന്നിൽ അങ്ങനെയാ വിളിക്കാറ്

“എന്റെ മോൻ നാലോണം പഠിക്കുന്നുണ്ട്..
അവിടെ ഉമ്മറത്തിരുന്ന് പുസ്തകം എടുത്തു വെച്ച് പഠിക്കുന്നത് ഇയ് കണ്ടില്ലേ..? .

ന്റെ മോൻ മിടുക്കനാ.!.

“പുസ്തകം എടുത്തു വെച്ച് വായിച്ചാൽ അവൻ മിടുക്കാനാവുമോ ഇത് നല്ല കൂത്ത്.”..

തിരിച്ചു അമ്മയുടെ പ്രതികരണം അത്ര സുഖകരമായിരുന്നില്ല
എന്റെ പഠിപ്പിനെപറ്റി ഏകദേശധാരണ അമ്മക്ക് ഉണ്ടായിരുന്നിട്ടുണ്ടാവണം
അത്‌ കൊണ്ടാവും
ഞാൻ മിടുക്കനെന്ന് പറഞ്ഞപ്പോ അമ്മക്ക് അത് ഉൾകൊള്ളാൻ കഴിയാഞ്ഞത്..

“അല്ലാ.
അവൻ നന്നായി
പഠിക്കുന്നുവെന്ന്
ങ്ങളോട് ആരാ പറഞ്ഞേ..?

ഡി ഒരുമ്പട്ടോളെ …

നന്നായി പഠിക്കുന്ന കുട്ട്യോളേയാ
ക്‌ളാസില് ലീഡറാക്കാ..
അത്‌ അറിയോ അനക്ക്..

“ഇതെവിടെ നിന്നാ”.. !

പണി സഞ്ചിയിൽ നിന്നും കിട്ടിയ
ഒരു പൊതി തുറന്നു നോക്കി അമ്മ അപ്പനോട് ചോദിച്ചു…

ആ. അതോ..
“അത് ഷർട്ടിന്റെ ശീലയാടി..
പ്രഭാകരേട്ടന്റെ മോൻ പേർഷ്യന്ന്
കൊണ്ട് വന്നതാ.
ഇന്നവിടെയായിരുന്നു പണി..”

അന്ന് രാത്രി ഞാൻ ഉറങ്ങിയില്ല..
കിനാവ്കാണുകയായിരുന്നു..!

ചോരുന്ന മേൽക്കൂരയ്ക്ക് കീഴിൽ.
എനിക്കായ് തന്നയച്ച
ദൈവത്തിന്റെ കുപ്പായം…
തലയിണയരികിൽ സൂക്ഷിച്ചു കൊണ്ട്..
അടുത്ത ബുദ്ധനാഴ്‌ച്ചപുതിയ കളർ ഷർട്ടും ധരിച്ചു
സ്കൂളിൽ പോവുന്നതും ഓർത്ത് കൊണ്ട്….

LEAVE A REPLY

Please enter your comment!
Please enter your name here